Sorry, you need to enable JavaScript to visit this website.

മലബാർ ഗ്രൂപ്പിനെതിരെ വാർത്ത; സുദർശൻ ടി.വി അരക്കോടി നഷ്ടപരിഹാരം നൽകണം 

കോഴിക്കോട് - മലബാർ ഗോൾഡിനും അതിന്റെ ഡയറക്ടർ എം.പി. അഹമ്മദിനുമെതിരെ അപകീർത്തിപരമായ വാർത്ത പ്രസിദ്ധപ്പെടുത്തിയതിന് ദൽഹിയിലെ പ്രമുഖ ചാനലായ സുദർശൻ ടിവിക്കും അതിന്റെ എഡിറ്റർ സുരേഷ് ചവൻകയ്ക്കും എതിരെയുള്ള മാനനഷ്ടകേസിൽ മലബാർ ഗോൾഡിന് 50 ലക്ഷം രൂപയും കോടതി ചിലവുകളും നഷ്ടപരിഹാരമായി നൽകാൻ കോഴിക്കോട് സബ്‌കോടതി ജഡ്ജി ജി. രാജേഷ് വിധിച്ചു. ദുബായിലെ ഒരു പ്രമുഖ ധനകാര്യ സ്ഥാപനം പാക്കിസ്ഥാന്റെ സ്വാതന്ത്യദിനം ആഘോഷിക്കുന്നതിന്റെയും വിവിധ മത്സരങ്ങൾ നടത്തുന്നതിന്റെയും സി.ഡി. എടുത്ത് മലബാർ ഗോൾഡ് ചെന്നൈയിൽ വെച്ച് നടത്തിയതാണെന്ന് കാണിച്ച് സംപ്രേക്ഷണം ചെയ്യുകയായിരുന്നു. 2016 ൽ ഓഗസ്റ്റ് 20 ന് ചാനൽ വിവാദമായ ചിത്രവും വാർത്തയും ചർച്ചയും രാജ്യമാസകലം പ്രേക്ഷേപണം ചെയ്തതിനെ തുടർന്ന് സംഭവവുമായി ബന്ധമില്ലാത്ത മലബാർ ഗോൾഡിനെ വേട്ടയാടുകയായിരുന്നു. മലബാർ ഗോൾഡ് സ്ഥാപനങ്ങളുടെ വളർച്ചയിൽ അസൂയയും ഏതിർപ്പുമുള്ള ചിലരുടെ ഗൂഢശ്രമങ്ങളാണ് ഇതിന്റെ പിന്നിലെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് സ്ഥാപനവും ഡയറക്ടർ എം.പി. അഹമ്മദും മാനനഷ്ടകേസ് ഫയൽ ചെയ്തത്. വാർത്ത തികച്ചും കളവും ദുരുദ്ദേശപരവുമായിരുന്നു. ബിസിനസ്സ് രംഗത്തെ മത്സരത്തിനുവേണ്ടി ലോകമെമ്പാടുമുള്ള ജനങ്ങളുടെ വിശ്വാസമാർജ്ജിച്ച മലബാർ ഗോൾഡിനെ ഇടിച്ച് താഴ്ത്താൻ വേണ്ടി രാജ്യദ്രോഹകുറ്റത്തിന്റെ പട്ടികയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടുള്ള കുത്സിതശ്രമം ഈ കേസിന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. ഈ കുറ്റത്തിന് ദുബായിൽ സ്ഥാപനത്തോട് ബന്ധപ്പെട്ട് മുമ്പ് ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരനെതിരെ മാനേജിംഗ് ഡയറക്ടർ ഫയലാക്കിയ കേസിൽ അവിടുത്തെ കോടതി ശിക്ഷിച്ചിരുന്നു. 
കേസ് ഫയൽ ചെയ്ത് ഹാജരായി കോടതിയിൽ വാദം നടത്തിയത് അഡ്വ.പി.എസ്. ശ്രീധരൻപിള്ള, അഡ്വ. കെ. റീത, അഡ്വ. അരുൺകൃഷ്ണ ധൻ എന്നിവരാണ്. കേസിന്റെ വിധി സത്യത്തിന്റെയും ധർമ്മത്തിന്റെയും നീതിയുടെയും വിജയമാണെന്ന് ഡയറക്ടർ എം.പി. അഹമ്മദ് പറഞ്ഞു.
 

Latest News