പരിവർത്തന പദ്ധതി 2020, വിഷൻ 2030 പദ്ധതികളുടെ പ്രഖ്യാപന ശേഷം സൗദി അറേബ്യ പരിവർത്തന പാതയിലാണ്. പ്രത്യേകിച്ച് വിനോദ, സാംസ്‌കാരിക രംഗത്ത്. അതുപോലെ തന്നെ കായിക രംഗവും ഇന്ന് ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി ഒരു കാലത്ത് അന്യമായിരുന്ന വിനോദ പരിപാടികൾ വീക്ഷിക്കുന്നതിനും ആസ്വദിക്കുന്നതിനും സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ അവസരം കൈവന്നിരിക്കുന്നു.
ഇതു പ്രയോജനപ്പെടുത്തുന്നതിന് ആയിരങ്ങളാണ് ഓരോ വേദികളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ അവരെ നിരാശപ്പെടുത്തുന്ന അമിത നിരക്ക് ഈടാക്കി കൈവന്ന അസുലഭ നിമിഷങ്ങളെ ചൂഷണം ചെയ്യുന്ന നിലപാടിനെ ഒരു നിലക്കും ന്യായീകരിക്കാനാവില്ല. ഇതിനെതിരെ ശബ്ദം ഉയർന്നു കഴിഞ്ഞു. ഇത് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ കാണാതിരുന്നാൽ, അതല്ലെങ്കിൽ ഇതിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടവർ അതിന് മുതിരാതിരുന്നാൽ ഉദ്ദേശ്യലക്ഷ്യം സാക്ഷാത്കരിക്കപ്പെടാതെ പോകും.
ലോക പ്രശസ്ത സംഗീതജ്ഞരും സിനിമാതാരങ്ങളും കായിക താരങ്ങളും ഇന്ന് സൗദി അറേബ്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി തങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന താരങ്ങളെ നേരിൽ കാണാനുള്ള അവസരം കൈവന്നതിന്റെ സന്തോഷത്തിലാണ് സ്വദേശികളും വിദേശികളും. അതിന് അവസരമൊരുക്കി ഇവന്റ് മാനേജ്‌മെന്റ് കമ്പനികളും സംഘടനകളും അസോസിയേഷനുകളും ഒട്ടേറെ പരിപാടികളും സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികൾ വരെ ഈ രംഗത്തേക്ക് കടന്നു വരാൻ തുടങ്ങി. സിനിമാ പ്രദർശന ശാലകൾ തുറന്നതോടെ ലോക പ്രശസ്ത സിനിമകൾ തങ്ങളുടെ നാട്ടിൽ തന്നെ കാണുന്നതിനുള്ള അവസരവും സംജാതമായി. പക്ഷേ, ഇതെല്ലാം കാണുന്നതിനും ആസ്വദിക്കുന്നതിനും സാമ്പത്തിക ശേഷിയുള്ളവർക്ക് മാത്രമേ കഴിയൂ എന്നുള്ളിടത്തേക്കാണ് കാര്യങ്ങൾ പോകുന്നത്. കാരണം മറ്റൊന്നുമല്ല, ഈ പ്രദർശനങ്ങളുടെയെല്ലാം ടിക്കറ്റ് നിരക്കുകളാണ്. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിനേക്കാൾ അമിത നിരക്ക് ഈടാക്കി ലാഭം കൊയ്യാൻ ഈ അവസരം ഉപയോഗിക്കുന്നത് ഏറെ പ്രതീക്ഷകളുമായി കഴിഞ്ഞവരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
സൗദിയിൽ സംഗീത പരിപാടികളുടെയും നാടക, സിനിമാ പ്രദർശനങ്ങളുടെയും മറ്റു വിനോദ പരിപാടികളുടെയും ടിക്കറ്റ് നിരക്കുകൾ അറബ് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇതിനെതിരെ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത് സ്വദേശികൾ തന്നെയാണ്. അറബ് ലോകത്തിന്റെ ഇഷ്ട ഗായകനായ മുഹമ്മദ് അബ്ദുവിന്റെ റിയാദിൽ നടന്ന സംഗീത നിശയുടെ ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് ഈടാക്കിയത് 2500 റിയാലായിരുന്നു. അതേസമയം അബുദാബിയിൽ മുഹമ്മദ് അബ്ദു നടത്തിയ സംഗീത പരിപാടിക്ക് ഇതേ ക്ലാസിൽ ഈടാക്കിയ ടിക്കറ്റ് നിരക്ക് 353 റിയാലും. അതുപോലെ തന്നെ ഈജിപ്ഷ്യൻ സംഗീതജ്ഞൻ ഉമർ ഖൈറാത്തിന്റെ സൗദിയിലെ സംഗീത പരിപാടിയുടെ ടിക്കറ്റ് നിരക്ക് 2200 റിയൽ ആയിരുന്നുവെങ്കിൽ ഈജിപ്തിൽ ഇദ്ദേഹം നടത്തിയ പരിപാടിയുടെ ടിക്കറ്റ് നിരക്ക് 300 റിയാൽ ആയിരുന്നു. കഴിഞ്ഞ ദിവസം ദമാമിലെത്തിയ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്റെ പരിപാടിയിലേക്കും സാധാരണക്കാരന് പ്രവേശനം എളുപ്പമായിരുന്നില്ല.
റസ്‌റ്റോറന്റുകളിലും പ്രത്യേക വേദികളിലും സംഘടിപ്പിച്ചുവരുന്ന വിനോദ പരിപാടികൾക്കും സിനിമാ പ്രദർശന ടിക്കറ്റുകൾക്കും ഇതേപോലെ അമിത നിരക്കാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. സാധാരണക്കാർക്ക് ഇത്രയും തുക മുടക്കി പരിപാടികൾ ആസ്വദിക്കുക പ്രയാസകരമാണ്. ചുരുക്കത്തിൽ ഇത്തരം പരിപാടികൾ സമ്പന്നർക്ക് മാത്രമായി ചുരുങ്ങിപ്പോകുന്നിടത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സാമ്പത്തിക ശേഷിയുള്ളവർക്ക് ഏതുതരം വിനോദോപാധികളും എവിടെ പോയും ആസ്വദിക്കാനാകും.
വിനോദങ്ങൾക്കായി സൗദി കുടുംബങ്ങൾ വിദേശത്തേക്ക് പോകുന്നതിന്റെ ഒഴുക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ലോക പ്രശസ്തരായ സിനിമാ താരങ്ങളുടെയും സംഗീതജ്ഞരുടെയും കായിക താരങ്ങളുടെയുമെല്ലാം പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ ഭരണകർത്താക്കൾ അനുമതി നൽകിയത്. എന്നാൽ ഈ ലക്ഷ്യം നിറവേറ്റാൻ സഹായകമായ നിലയിലല്ല ടിക്കറ്റ് നിരക്കുകൾ
35 വർഷത്തിനു ശേഷം റിയാദിലും ജിദ്ദയിലുമായി തിയേറ്ററുകൾ തുറന്നപ്പോൾ സിനിമാ പ്രേമികളായ സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രതീക്ഷയായിരുന്നു. എന്നാൽ അവരുടെ പ്രതീക്ഷകളുടെ ചിറകരിയും വിധമാണ് ടിക്കറ്റ് നിരക്ക്. കുറഞ്ഞത് 75 റിയാൽ നൽകിയാലേ സിനിമ കാണാൻ സാധിക്കൂ. എന്നാൽ യു.എ.ഇയിലും ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലും ഇത് 40 റിയാലിൽ താഴെയാണ്. അമേരിക്കയിൽ 30 റിയാൽ (എട്ട് ഡോളർ) നൽകിയാൽ സിനിമ കാണാം. സൗദിയുടെ തൊട്ടയൽപക്കമായ ബഹ്‌റൈനിൽ അതിലും കുറവാണ്. 17 റിയാലിൽ താഴെയാണ് ഈജിപ്തിലെ സിനിമാ ടിക്കറ്റ് നിരക്ക്. ഏതൊരു സംഗതിയും കിട്ടാതിരുന്ന് കിട്ടുമ്പോൾ സ്വാഭാവികമായും നിരക്ക് കൂടുതലായിരിക്കും. പക്ഷേ അത് പരിധിക്കുമപ്പുറമാകുമ്പോൾ ജനം പ്രതിരോധിക്കുമെന്നതിന്റെ സൂചനയാണ് സൗദിയുടെ വിവിധ കോണുകളിൽ നിന്നും അമിത ടിക്കറ്റ് നിരക്കിനെതിരായി ഉയർന്നിട്ടുള്ള വിമർശനം. ഇതിനെ ക്രിയാത്മക വിമർശനമായി കണ്ട് ഈ രംഗത്ത് മുതൽ മുടക്കിന് തയാറായിട്ടുള്ളവർ അതിനനുസൃതമായി ടിക്കറ്റ് നിരക്കിൽ കുറവ് വരുത്താൻ തയാറാകണം. അതല്ലെങ്കിൽ കൈയെത്തും ദൂരത്തായിരുന്നിട്ടും സാധാരണക്കാരായ ജനങ്ങൾക്ക് വിനോദോപാധികൾ കിട്ടാക്കനിയായി അവശേഷിക്കും. അത് ലക്ഷ്യ സാക്ഷാത്കാരം നിറവേറ്റപ്പെടാതെ പോകുന്നതിനിടയാക്കും.