ദുബായ്- മൂന്ന് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ അല്‍ ദൈദ് റാസല്‍ ഖൈമ അതിര്‍ത്തി മേഖലയിലെ ഒരു പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വസ്ത്രത്തില്‍ പൊതിഞ്ഞ് പെട്ടിയിലാക്കിയ നിലയിലാണ് കുഞ്ഞിനെ പള്ളി പരിസരത്ത് കണ്ടെത്തിയത്. പുലര്‍ച്ചെ നമസ്‌ക്കാരത്തിനെത്തിയവരാണ് പെട്ടി ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ഇമാം പോലീസിനെ വിവരമറിയിച്ചു. നാഷണല്‍ ആംബുലന്‍സ് സംഘമെത്തി കുഞ്ഞിനെ അല്‍ ദൈദ് ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നമില്ലെന്ന് സ്ഥിരീകരിച്ചു. അവിഹിത ബന്ധത്തില്‍ പിറന്നതിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശുപത്രി നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം കുഞ്ഞിനെ സാമൂഹ്യ ക്ഷേമ വകുപ്പിന് കൈമാറും.