Sorry, you need to enable JavaScript to visit this website.

ബന്ധങ്ങൾ തുണക്കുമെന്ന പ്രതീക്ഷയിൽ വാസവൻ

സ്ഥാനാർഥി പറയുന്നു 

കോട്ടയം- ജോസ് കെ. മാണിയുടെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തെ മറികടന്നു വിജയിക്കാനാവുമോ എന്ന് ആരാഞ്ഞാൽ കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർഥി വി.എൻ. വാസവൻ മന്ദഹസിക്കും. കോട്ടയത്ത് ഇടതും വലതും വിജയിച്ചിട്ടുണ്ട്. ആരുടെയും കുത്തകയില്ല. നാൽപതു വർഷമായി താൻ സ്ഥാപിച്ചെടുത്ത ബന്ധങ്ങൾ തുണയാവുമെന്നാണ് വാസവന്റെ പ്രതീക്ഷ. ഇന്ന് മണ്ഡല പര്യടനം തുടങ്ങാനിരിക്കേ കോട്ടയത്തിന്റെ മുൻ എം.എൽ.എ കൂടിയായ വാസവൻ നയവും  നിലപാടും വിശദീകരിക്കുന്നു.

$ യു.ഡി.എഫിന്റെ ഭൂരിപക്ഷം ബാലികേറാമലയല്ലേ?
ഇക്കുറി ഒരു ലക്ഷത്തിലധികമാണ് ന്യൂജെൻ വോട്ട്. പുരോഗമന ആശയങ്ങളുളളവരാണ് യുവജനത. കോട്ടയത്ത് സി.പി.എമ്മിലെ സുരേഷ് കുറുപ്പും വൻ വിജയം നേടിയ ചരിത്രമാണുളളത്. ചരിത്രവും പാരമ്പര്യവും നോക്കിയാൽ ആർക്കും കുത്തക അവകാശപ്പെടാനാവില്ല.

$ യു.ഡി.എഫിൽ ഇക്കുറി വിള്ളലില്ല. ഒറ്റക്കെട്ടാണ്. അത് വെല്ലുവിളിയല്ലേ?
പടലപ്പിണക്കമില്ലെന്നത് പുറമെ നിന്നുളള കാഴ്ചയല്ലേ. സത്യം എല്ലാവർക്കും അറിയരുതോ.  അതെല്ലാം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തീർച്ചയായും കോട്ടയം ചരിത്രമെഴുതും.

$ യു.ഡി.എഫ് ജയിച്ചാൽ രണ്ട് എം.പിമാരുടെ പ്രയോജനം ലഭിക്കുമെന്നാണല്ലോ അവകാശവാദം?
രാജ്യസഭാ എം.പിയായ ജോസ് കെ. മാണിയുയേയും നിലവിലുളള യു.ഡി.എഫ് സ്ഥാനാർഥിയേയും ചേർത്തല്ലേ ഈ അവകാശവാദം. ഇത്തരം അവകാശ വാദങ്ങൾക്ക് കഴമ്പില്ല. ദൽഹിയിൽ ചെന്നാൽ എന്തു ചെയ്തു എന്നാണ്. കോടിമത മൊബിലിറ്റി ഹബ്ബ് എന്തായി. മൊബിലിറ്റി ഹബ്ബ്, സയൻസ് സിറ്റി, പാലാഴി റബർ ഫാക്ടറി തുടങ്ങിയവയെല്ലാം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി. നാട്ടകം പോർട്ടിനായി ശ്രമിച്ചപ്പോൾ കടലില്ലാത്ത സ്ഥലത്ത് പോർട്ടോ എന്ന് ചോദിച്ച് പുഛിച്ചു. ഇപ്പോൾ എന്തായി. സമയബന്ധിതമായി കാര്യങ്ങൾ  ചെയ്യാൻ കഴിയുകയാണ് വേണ്ടത്.

$ ശബരിമലയും ചർച്ച് ആക്ടും പ്രശ്‌നമാകുമോ?
ഇതുവരെയുളള പ്രചാരണത്തിൽ ഒരിക്കലും അത് കടന്നുവന്നതേയില്ല. ശബരിമലയിൽ സർക്കാർ കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചു. അത്രമാത്രം. വിശ്വാസികൾക്ക് എതിരല്ല. ശബരിമല വികസനത്തിന് ബജറ്റിൽ ഏറ്റവും കൂടുതൽ തുകയാണ് വകയിരുത്തിയിരിക്കുന്നത്. ചർച്ച് ആക്ട് എന്നത് ഇല്ലാത്ത കാര്യത്തിലുളള ചർച്ചയാണ്. ശബരിമലയിൽ സമവായത്തിന് ശ്രമിച്ചില്ലെന്ന് പറയുന്നതും തെറ്റാണ്. സർക്കാർ എല്ലാവരുമായും കൂടിയാലോചനക്കു ശ്രമിച്ചതാണ്.

$ എം.പിയായാൽ?
നാലു പതിറ്റാണ്ടായി കോട്ടയത്തിന്റെ ഒപ്പം ഞാനുണ്ട്. ഐങ്കോമ്പിൽ രണ്ടു പതിറ്റാണ്ടു മുമ്പു നടന്ന ബസ് അപകടം മുതൽ നടന്ന ദുരന്ത മുഖത്ത് എല്ലാം ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ 10 വർഷങ്ങളിൽ കോട്ടയം മണ്ഡലം നേരിട്ട വികസന മുരടിപ്പിനെ മറികടക്കാൻ സമഗ്രമായ വികസന മാർഗരേഖയാണ് മുന്നോട്ടു വെയ്ക്കാനുളളത്.
 

Latest News