Sorry, you need to enable JavaScript to visit this website.

2019 ലും ഇതൊക്കെ ലൈക്ക് ചെയ്യുന്നതാര്? 

ഇഷ്ടമുള്ള പാട്ട് കേൾക്കാൻ റെക്കോർഡുകൾ വാങ്ങിക്കൂട്ടുന്നവർ മുമ്പു കാലത്ത് ധാരാളമുണ്ടായിരുന്നു. അപൂർവം ചില ചിത്രങ്ങളിൽ കൂടുതൽ ശ്രവണ മധുര ഗാനങ്ങളുണ്ടെങ്കിൽ എൽപി റെക്കോർഡായിരിക്കും ഇറങ്ങുക. അതിന് വില അൽപം കൂടും. മ്യൂസിക് റെക്കോർഡുകളുടെ സുവർണ കാലത്തിന് ശേഷം ഓഡിയോ കസറ്റുകളാണ് രംഗം കീഴടക്കിയത്. അതെല്ലാം കഴിഞ്ഞ് സിഡിയും വിസിഡിയുമായി. ഇപ്പോൾ കുറച്ചു കാലമായി സംഗീതാസ്വാദകരുടെ ഇഷ്ട കേന്ദ്രം ഇന്റർനെറ്റിൽ യുട്യൂബാണ്. ഇരുപത് വർഷം മുമ്പ് ജിദ്ദ മഹാനഗരം മുഴുവൻ കറങ്ങിയിട്ടും കിട്ടാത്ത ബോബിയിലെ ഏത് പാട്ട് വേണമെങ്കിലും യുട്യൂബിൽ കിട്ടും. നാഗിൻ, സൂരജ്, താജ്മഹൽ എന്നു വേണ്ട ക്ലാസിക്കൽ ഹിറ്റുകളെല്ലാം സുലഭം. അവധി ദിനത്തിന്റെ ആലസ്യത്തിൽ യുട്യൂബിൽ തെരഞ്ഞത് ബോളിവുഡിലെ കുച്ച് കുച്ച് ഹോതാ ഹൈയിലെ പാട്ട്. യൂറോപ്പിലെ ഏതോ ലൊക്കേഷനിൽ ചോക്ലേറ്റ് നായകൻ ഷാരൂഖ് രണ്ട് മൊഞ്ചത്തിമാരുമായി ആടിപ്പാടുന്നു. ഇവിടെ പലരും ഉള്ള ഒന്നിനെ മാനേജ് ചെയ്യാൻ പാടുപെടുമ്പോഴാണ് മൂപ്പരുടെ ത്രികോണ പ്രണയം. ആ നടക്കട്ടെ. ഇഷ്ട താരങ്ങൾ വെള്ളിത്തിരയിൽ അത്യാഹ്ലാദത്തോടെ വാഴുന്നത് കണ്ട് സായൂജ്യമടയുകയെന്നതാണല്ലോ നമ്മുടെ കർത്തവ്യം. പാട്ട് കഴിഞ്ഞ് താഴെയുള്ള കമന്റുകളിലേക്ക് കണ്ണോടിച്ചു. ഈ 2019 ലും  ഇത് ലൈക്ക് ചെയ്യുന്നവരോ.. എന്നായിരുന്നു ഒരുത്തന്റെ ചോദ്യം. ക്രിക്കറ്റ് ഇന്ത്യക്കാരെ ഒരുമിപ്പിക്കുമെന്ന് പറയാറുള്ളത് പോലെ ബോളിവുഡിലെ ക്ലാസിക് ഹിറ്റുകൾക്ക് ലോകത്തെവിടെയും ആസ്വാദകരുണ്ട്. ഈ ലൈക്കൊന്നും രാഷ്ട്രീയക്കാരന്റെ തുരുമ്പെടുത്ത പ്രസ്താവനകൾക്ക് ലഭിക്കില്ലെന്നത് വേറെ കാര്യം. ഒരേ വിഷയം ആവർത്തിക്കുന്നത് ആരെയും മടുപ്പിക്കും. വടകര പാർലമെന്റ് സീറ്റിൽ മാസ് എൻട്രിയായി മുരളീധരൻ വന്നിറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം മാതൃഭൂമി ന്യൂസിൽ സ്‌ക്രീനിൽ നോക്കാതെ  ഒരു വാർത്ത കേട്ടു. 
കേരളത്തിൽ കോലീബി, വടകരയിൽ അതിന്റെ മുന്തിയ ജാതി.. തിരിഞ്ഞു നോക്കിയപ്പോൾ പ്രതീക്ഷിച്ച കമ്യൂണിസ്റ്റ് താത്വികാചാര്യനാണ് ഇത് പറയുന്നത്. മൂപ്പര് ഏത് ലോകത്താണാവോ ജീവിക്കുന്നത്? ഇന്ത്യയിൽ നേരിട്ട് ഏറ്റുമുട്ടുന്ന രണ്ട് പ്രധാന കക്ഷികളാണ് ബി.ജെ.പിയും കോൺഗ്രസും. ലീഗാണെങ്കിൽ കോൺഗ്രസിനൊപ്പം ഒട്ടിനിൽക്കുന്ന പാർട്ടിയും. എച്ച്എംവി റെക്കോർഡിന്റെ സ്റ്റിക്കറിലെ ചിത്രത്തിലേത് പോലുള്ള അണികൾ ഏറ്റുപാടിക്കോളും. ഇത് പോലെ അരോചകമാണ് തെരഞ്ഞെടുപ്പു കാലത്ത് ചരിത്രം നഷ്ടപ്പെട്ടുവെന്ന് ആക്ഷേപിച്ച് പ്രത്യക്ഷപ്പെടുന്ന സ്ത്രീരത്‌നവും. 

***    ***    ***

എല്ലാ പ്രധാന മലയാളം ചാനലുകളിലും പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രാധാന്യം നൽകിയുള്ള പരിപാടികളുണ്ട്. കൈരളിയിലെ ഓട്ടോ റിക്ഷ മണ്ഡലങ്ങളിലൂടെ കുതിക്കുകയാണ്. മനോരമ ന്യൂസിലേത് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാൻ പത്രസമ്മേളനങ്ങൾ നടത്താത്ത പ്രധാനമന്ത്രി മോഡിയുടെ കാര്യം പറയാതെ വയ്യ. പ്രോഗ്രാമിൽ ഷാനി വിശദീകരിക്കുന്നു.  ജീവൻ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജനഹിത യാത്ര ശ്രദ്ധേയമായി. മുതിർന്ന ദൃശ്യ മാധ്യമ പ്രവർത്തക സുബിത സുകുമാർ ആലപ്പുഴയിലും എറണാകുളത്തും കറങ്ങി വോട്ടർമാരെ നേരിൽ കണ്ട് തയാറാക്കിയ പ്രതികരണങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 
നോട്ട് റദ്ദാക്കലിന് ശേഷം കഷ്ടത്തിലായവരും പാക്കിസ്ഥാന് തിരിച്ചടി നൽകിയതിൽ ആവേശം കൊള്ളുന്നവരുമുൾപ്പെടെ വ്യത്യസ്ത വീക്ഷണക്കാരാണ് അഭിപ്രായം പറഞ്ഞത്. താരതമ്യേന റീച്ച് കുറഞ്ഞ ചാനലാണ് ജീവൻ ടി.വി. മാധ്യമ പ്രവർത്തകൻ/പ്രവർത്തക എത്രത്തോളം ചെയ്യുന്ന ജോലിയിൽ മികവ് പുലർത്തുന്നുവെന്നതാണ് പ്രധാനം. 

***    ***    ***

തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞാലും അർണബ് സ്വാമിയ്ക്ക് തിരക്കായിരിക്കുമെന്നാണ് സൂചന. കേരളീയരെ നാണംകെട്ടവരെന്ന് അധിക്ഷേപിച്ച റിപ്പബ്ലിക് ടിവി മാനേജിങ് ഡയരക്ടറും എഡിറ്റുമായ അർണബ് ഗോസ്വാമിക്കെതിരെ കണ്ണൂരിലെ മജിസ്‌ട്രേറ്റ് കോടതി  കേസെടുത്തു. ജൂൺ 20 ന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയക്കാനും ഉത്തരവായി. കണ്ണൂരിലെ പീപ്പിൾസ് ലോ ഫൗണ്ടഷേൻ ചെയർമാൻ അഡ്വ. പി ശശി സമർപ്പിച്ച മാനനഷ്ട ഹരജിയിലാണ് നടപടി. 2018 ഓഗസ്റ്റ് 24 നാണ് കേരളീയരെ ഒന്നടങ്കം അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വിവാദ പരാമർശം അർണബ് ഗോസ്വാമിയിൽ നിന്നുണ്ടായത്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ പ്രളയ ദുരന്തത്തിൽപ്പെട്ടുഴറിയ കേരളത്തിന് യുഎഇ സർക്കാർ 700 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചതിനെ പരിഹസിച്ച് റിപ്പബ്ലിക് ടിവി ചർച്ച സംഘടിപ്പിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് അവതാരകനായ അർണബ് മാധ്യമ മര്യാദയുടെയും ജനാധിപത്യ സംസ്‌കാരത്തിന്റെയും എല്ലാ അതിർവരമ്പുകളും  കാറ്റിൽ പറത്തി മലയാളികളെ ആക്ഷേപിച്ചത്.
'നാണംകെട്ടവരാണ് കേരളീയർ; ഇന്ത്യയിൽ ഞാൻ കണ്ട ഏറ്റവും നാണംകെട്ട കൂട്ടർ' എന്നായിരുന്നു പരാമർശം. ലോകത്തെങ്ങുമുള്ള മലയാളികളെ ആക്ഷേപിക്കുന്ന, അത്യന്തം അപകീർത്തികരമായ പരാമർശമാണിതെന്നു കാണിച്ച് പി ശശി ആദ്യം അർണബ് ഗോസ്വാമിക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം കോടതിയിൽ ഹരജി ഫയൽ ചെയ്തത്.

***    ***    ***

ന്യൂസിലാൻഡിലെ ഭീകരാക്രമണത്തെ ലോകം അപലപിച്ചു. അന്നാട്ടിലെ പ്രധാനമന്ത്രി ജസീന്തയാണ് ഇപ്പോഴത്തെ താരം. അമേരിക്കയും ഇത്തരമൊരു പ്രധാനമന്ത്രിയെ ആഗ്രഹിക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് പത്രം പ്രതികരിച്ചിരുന്നു. സ്വന്തം രാജ്യത്തെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രം വരുന്ന ന്യൂനപക്ഷ സമുദായത്തെ ആശ്വസിപ്പിക്കുന്നത് എങ്ങനെയെന്ന് കാണിച്ച അവരെ സമാധാന നൊബേലിന് വരെ പരിഗണിക്കാവുന്നതാണെന്ന അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളാണ് ന്യൂസിലാൻഡും ഓസ്‌ട്രേലിയയും. മെഗ്രൈറ്റ് റ്റു ന്യൂസിലാൻഡ് പരസ്യങ്ങൾ ഇന്ത്യയിലെ മാധ്യമങ്ങളിൽ പതിവായി വരാറുള്ളതാണ്. ഇത് പറയുമ്പോഴും നൂറ്റിമുപ്പത് കോടി ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയിലെ കാര്യങ്ങൾ അത്ര തന്നെ പന്തിയല്ല. വയനാട്ടിൽ മത്സരിക്കാനെത്തുന്ന രാഹുൽ ഗാന്ധി മുസ്‌ലിമാണോ ക്രിസ്ത്യാനിയാണോ എന്ന് ചർച്ച  ചെയ്യാനാണ് ചിലർക്ക് താൽപര്യം. വരാണസി ലക്ഷ്യമിട്ടുള്ള ഗംഗാ യാത്ര 
തുടങ്ങിയപ്പോൾ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെയും പുതിയ ആരോപണവുമായി സംഘപരിവാർ അനുകൂലികളായ അഭിഭാഷകർ രംഗത്തെത്തിയിരുന്നു. പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്നും അവരെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും ഇവർ പറഞ്ഞു. 
ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ മജിസ്‌ട്രേറ്റിന് അഭിഭാഷകരുടെ സംഘം കത്തയച്ചിട്ടുണ്ട്. വരാണസിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നമോ എഗെയിൻ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് പെൺകുട്ടിയെത്തിയ സംഭവം വിവാദമായി. 
പരിപാടിയിൽ പങ്കെടുക്കാനായി പെൺകുട്ടിയെ ബി.ജെ.പി മനഃപൂർവം എത്തിച്ചതാണെന്നാണ് കോൺഗ്രസിന്റെ വാദം. പെൺകുട്ടിയുടെ അഭിമുഖം എടുക്കാനായി റിപ്പബ്ലിക് ടിവി ചാനൽ എത്തിയതും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
അപർണ വിശ്വകർമ എന്ന പെൺകുട്ടിയാണ് നമോ എഗെയിൻ എന്നെഴുതിയ ടീഷർട്ട് ധരിച്ച് പ്രിയങ്ക ഗാന്ധിയുടെ പരിപാടിയിൽ എത്തിയത്. 
കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ മുദ്രാവാക്യം വിളിച്ചുതുടങ്ങിയതോടെ റിപ്പബ്ലിക് ടി.വി അഭിമുഖം എടുക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തു. 

***    ***    ***

ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള സ്റ്റാർ ഇന്ത്യയുടെ 77 ചാനലുകളും വീഡിയോ സ്ട്രീമിംഗ് ആപ്പായ ഹോട്ട്സ്റ്റാറും ആഗോള കമ്പനിയായ ഡിസ്‌നി സ്വന്തമാക്കി.  റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന റ്റ്വന്റിഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ഡിസ്‌നി 71 ബില്യൺ ഡോളറിന് (7100 കോടി) ഏറ്റെടുത്തു. മാർച്ച് ഇരുപതിനായിരുന്നു ഇരു കമ്പനികളും തമ്മിലുള്ള കരാർ പ്രഖ്യാപിച്ചത്. 
ഇതോടെ മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റും ഡിസ്‌നിയുടെ ഭാഗമായി മാറി. ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവയും സ്റ്റാറിന്റെ പ്രമുഖ വീഡിയോ സ്ട്രീമിംഗ് ആപ്പായ ഹോട്ട്സ്റ്റാറും ഇനി ഡിസ്‌നിയുടെ ഉടമസ്ഥതയിലാവും. കൈമാറ്റം നടന്നതോടെ സ്ഥാപനങ്ങളിൽ തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടികൾ ആരംഭിച്ചത് ആശങ്കാജനകമാണ്. സ്റ്റാർ ഇന്ത്യയുടെ സീനിയർ തലത്തിലുള്ള 350 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് സൂചന.

Latest News