വണ്ണാത്തിപ്പുള്ളിനെ ഓർമ്മയുണ്ടോ? ഒരു കാലത്ത് ആൽബങ്ങളായിരുന്നു മലയാളിയുടെ മനസ്സിനെ കീഴടക്കിയിരുന്നത്. സുന്ദരിയെ വാ..., ചെമ്പകമേ... തുടങ്ങിയ എത്രയെത്ര ഗാനങ്ങളാണ് ഇന്നും മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടിയിരിക്കുന്നത്. അക്കൂട്ടത്തിൽ ഹിറ്റായ ഗാനമാണ് മിഴിനീർ എന്ന ആൽബത്തിലെ വണ്ണാത്തിപുള്ളിന് ദൂരെ... എന്ന ഗാനം. ആ ഗാനത്തിലൂടെ മലയാളികൾക്ക് സുപരിചിതയായിരുന്നു സൗമ്യ മേനോൻ. നീണ്ട ചാരക്കണ്ണുകളും മനോഹരമായ പുഞ്ചിരിയുമായി യുവഹൃദയങ്ങളെ കീഴടക്കിയ പൂരങ്ങളുടെ നാട്ടുകാരി.
പിന്നീടാരും സൗമ്യയെ കണ്ടില്ല. വർഷങ്ങൾ പിന്നിട്ടപ്പോൾ തുറുപ്പുഗുലാൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ ബിഗ് സ്‌ക്രീനിലാണ് ഈ കലാകാരിയെ കണ്ടത്. പിന്നീട് കിനാവള്ളിയിലൂടെ നായികയുമായി. ഓർഡിനറി, മധുരനാരങ്ങ, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സുഗീത് സംവിധാനം ചെയ്ത ചിത്രമാണ് കിനാവള്ളി.
ആറു യുവാക്കളുടെ ജീവിതമാണ് ഈ ചിത്രം വരച്ചിടുന്നത്. സൗഹൃദവും പ്രണയവും ഭയവുമെല്ലാം കോർത്തിണക്കി പീരുമേട്ടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സൗമ്യയുടെ വേഷം ചർച്ചയായിരുന്നു. ഇപ്പോഴിതാ ഷാഫിയും റാഫിയും ഒന്നിക്കുന്ന ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രവുമായി സൗമ്യ വീണ്ടുമെത്തുന്നു. ഷറഫുദ്ദീനാണ് നായകൻ.
തൃശൂർ ജില്ലയിലെ ആറാട്ടുപുഴയാണ് സ്വദേശമെങ്കിലും ദുബായിലാണ് സൗമ്യയുടെ സ്ഥിരതാമസം. എങ്കിലും കോളേജ് വിദ്യാഭ്യാസം നാട്ടിലായിരുന്നു. ഇതിനിടയിലായിരുന്നു വണ്ണാത്തിപ്പുള്ളിൽ വേഷമിടുന്നത്. അമ്മാവനാണ് ഫോട്ടോ അയച്ചുകൊടുത്തത്. ആൽബം വൻഹിറ്റായിരുന്നു. തുടർന്ന് സിനിമയിലേയ്ക്കും അവസരം ലഭിച്ചിരുന്നു. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു.
ക്രൈസ്റ്റ് കോളേജിൽനിന്നും ബി.കോം പൂർത്തിയാക്കി ദുബായിലേയ്ക്കു മടങ്ങി. അവിടെനിന്നും എം.കോം പഠനം പൂർത്തിയാക്കി ഒരു സ്വകാര്യ കമ്പനിയിൽ എച്ച്.ആർ. ഓഫീസറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇക്കാലത്താണ് കിനാവള്ളിയിലേയ്ക്കുള്ള അവസരമെത്തുന്നത്.
കുട്ടിക്കാലംതൊട്ടേ അഭിനയം ഒരു സ്വപ്നമായി മനസ്സിലുണ്ടായിരുന്നു. പഠനവും ജോലിയുമെല്ലാമായപ്പോൾ അഭിനയത്തിന് അവധി നൽകി. ഒരു പരസ്യചിത്രത്തിന്റെ ഭാഗമായി സുഗീത് ചേട്ടൻ ദുബായിൽ വന്ന സമയത്തായിരുന്നു നേരിൽ കണ്ടത്. പരിചയപ്പെട്ടു. ഫോട്ടോയും അയച്ചുകൊടുത്തു. കിനാവള്ളിയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുൻപാണ് ക്ഷണമെത്തുന്നത്. രണ്ടു ദിവസത്തിനകം നാട്ടിലെത്തണമെന്ന ആ ഫോൺ കാൾ തികച്ചും അവിചാരിതമായിരുന്നു. ഒഡീഷനൊന്നുമില്ലാതെ തന്നെ ചിത്രത്തിൽ സ്വാതി എന്ന കഥാപാത്രമായി. ഭാഗ്യമെന്നല്ലാതെ എന്തു പറയാൻ.
കുട്ടിക്കാലംതൊട്ടേ നൃത്തരംഗത്തുണ്ടായിരുന്നു. എട്ടുവയസ്സു മുതൽ നൃത്തം പരിശീലിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി എന്നിവയാണ് അഭ്യസിച്ചത്. അഞ്ചുവർഷത്തോളം യു.എ.ഇ സ്‌കൂളിൽ കലാതിലകമായിരുന്നു. ഇപ്പോഴും നൃത്തപരിപാടികൾ അവതരിപ്പിക്കാറുണ്ട്. കോറിയോഗ്രാഫിയും ചെയ്യാറുണ്ട്. കൂടാതെ ഇവന്റുകളിൽ അവതാരകയുമായിട്ടുണ്ട്.
ആഗ്രഹമുണ്ടായിരുന്നെങ്കിലും എന്തുകൊണ്ട് സിനിമയിലെത്തിയില്ല എന്ന് എല്ലാവരും ചോദിക്കും. അന്നൊന്നും സോഷ്യൽ മീഡിയ ഇത്രയേറെ വളർന്നിട്ടില്ല. എങ്ങനെയാണ് സിനിമയിലെത്തേണ്ടത് എന്നും അറിയില്ല. ചാനലുകളും യൂട്യൂബും മാത്രമേ സാധാരണമായുണ്ടായിരുന്നുള്ളു. ഇന്ന് കാര്യങ്ങൾ എളുപ്പമാണ്. സുഗീതേട്ടൻ മുൻപ് കണ്ടിട്ടുള്ള പരിചയംവച്ചാണ് സിനിമയിലേയ്ക്കു ക്ഷണിച്ചത്. അവർ നൽകിയ ആത്മവിശ്വാസമായിരുന്നു കരുത്ത്.
വണ്ണാത്തിയുടെ ആൽബം കണ്ടപ്പോൾ സുഗീത് ചേട്ടൻ ആദ്യചിത്രമായ ഓർഡിനറിയിലേയ്ക്ക് കാസ്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നതായി പറഞ്ഞിരുന്നു. എന്നാൽ ദുബായിലുള്ള എന്നിലേയ്ക്ക് എത്തിച്ചേരാൻ അദ്ദേഹത്തിനായില്ല. അദ്ദേഹത്തിന് അന്നേ അറിയാമായിരുന്നു അഭിനയിക്കാൻ താല്പര്യമുണ്ടെന്ന്. എന്നാൽ വർഷങ്ങൾ കഴിഞ്ഞാണ് കിനാവള്ളിയിലൂടെ ആ മോഹം സാർത്ഥകമായത്.
കിനാവള്ളിക്കുശേഷം എ.കെ. സാജൻ സംവിധാനം ചെയ്ത ചിത്രത്തിലാണ് അവസരം ലഭിച്ചത്. ചെറിയ വേഷമായിരുന്നെങ്കിലും സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു. തുടർന്നാണ് ഷാഫിസാറിന്റെ ചിത്രത്തിലേയ്ക്ക് അവസരം ലഭിച്ചത്. ടു കൺട്രീസിനുശേഷം ഷാഫിസാറും റാഫിസാറും ഒന്നിക്കുന്ന ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്. സാധാരണക്കാരായ പ്രേക്ഷകർക്ക് ഒരുപോലെ രസിക്കാവുന്ന ചിത്രം. ഷാഫിസാറിന്റെ ചിത്രം എന്നു പറയുമ്പോൾ ആദ്യമൊക്കെ നല്ല പേടിയുണ്ടായിരുന്നു. എന്നാൽ ചിത്രീകരണത്തിനെത്തിയപ്പോൾ എല്ലാവരും നല്ല സഹകരണമാണ് നൽകിയത്. ആദ്യദിവസം മുതൽതന്നെ ഒരു കംഫർട്ട് സോണിലാണ് നിർത്തിയത്. ചിത്രത്തിലെ ഓരോ അഭിനേതാവുമായും അടുത്തറിയുവാനും പരിചയപ്പെടാനും കഴിഞ്ഞത് കൂടുതൽ ആത്മവിശ്വാസം നൽകി. ഒരു തുടക്കക്കാരിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണിത്. ഷറഫുദ്ദീനും വിഷ്ണു ഉണ്ണികൃഷ്ണനും മാനസ രാധാകൃഷ്ണനുമെല്ലാം ഒന്നിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ ചിത്രീകരണം മൂന്നാറിലാണ് പൂർത്തിയായത്.
കുടുംബത്തിന്റെ സഹകരണമാണ് അഭിനയരംഗത്ത് നിലനിൽക്കാൻ സഹായിക്കുന്നത്. കുട്ടിക്കാലംതൊട്ടേയുള്ള അഭിനയമോഹം അവർക്കറിയാം. അതുകൊണ്ടുതന്നെ അച്ഛനും അമ്മയും ചേച്ചിയും അനുജത്തിയുമെല്ലാം എല്ലാകാര്യങ്ങൾക്കും കൂടെയുണ്ട്. ഇപ്പോൾ ഭർത്താവും പൂർണ പിന്തുണ നൽകുന്നുണ്ട്. ദുബായിൽ ജോലി നോക്കുന്ന അർജുനും ഞങ്ങളുടെ മകൻ ആരാധുമെല്ലാം ചേർന്നാൽ പിന്നെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കലാണ് പ്രധാന ഹോബി. യാത്രകളും ഏറെയിഷ്ടമാണ്. ഒഴിവുസമയങ്ങൾ യാത്രകൾക്കായി മാറ്റിവയ്ക്കാറാണ് പതിവ്.