കമല സുരയ്യയുടെ രാത്രിയിൽ എന്ന കഥയിലെ ഒരു വാക്യമുണ്ട് :
പണ്ടു റോമിൽ കത്തുന്ന പന്തമെടുത്ത് ഓടി മൽസരിക്കുന്നവരെപ്പറ്റി. ക്ഷീണിച്ചു വീഴാറാകുമ്പോൾ ആ പന്തം പിന്നാലെ വരുന്ന ആൾക്ക് ഏൽപ്പിക്കും. ഓട്ടക്കാർ മരിച്ചു വീഴട്ടെ. പക്ഷേ, ആ കത്തുന്ന പന്തം കത്തിക്കൊണ്ടേയിരിക്കണം...
ക്രിസ്തുവിന് 776 കൊല്ലം മുമ്പ് ആരംഭിച്ച പുരാതന ഒളിംപിക്‌സിലെ ദീപശിഖ പ്രയാണത്തെക്കുറിച്ചാണു കമല സുരയ്യ സൂചിപ്പിച്ചത്.
ഒളിംപിയയിൽന്നു തുടങ്ങുന്ന ഓട്ടം ഗ്രീസ് ചുറ്റി ഏഥൻസിൽ പനാഥേനിയൻ സ്‌റ്റേഡിയത്തിൽ അവസാനിച്ചിരുന്ന പുരാതന ഒളിംപ്യാഡിൻറെ കഥ.
പക്ഷേ, എഴുതിത്തുടങ്ങിയ ശേഷം, ആ കഥ വീണ്ടും വായിച്ചപ്പോൾ എൻറെ തലച്ചോറിൽ ഒരു മിന്നലുണ്ടായി. ഇത് സ്‌നേഹിക്കുന്നവളെപ്പറ്റിയല്ല, മറിച്ച് എഴുതുന്നവളെപ്പറ്റിയാണ് എന്ന വെളിപാടുണ്ടായി.
കാരണം, പുരാതന ഒളിംപ്യാഡിൻറെ ദീപശിഖ പ്രയാണം ആരംഭിച്ചിരുന്നത് ഒളിംപിയയിലെ ഹേരാ ദേവിയുടെ ക്ഷേത്രത്തിൽനിന്നായിരുന്നു.
സ്‌കേഫിയ എന്നു വിളിച്ചിരുന്ന ഒരു കളിമൺ കിണ്ണത്തിൽ ഉണങ്ങിയ പുല്ലു നിറച്ച് സൂര്യന് അഭിമുഖമായി പിടിച്ച് ഏറെ നേരം കാത്തിരുന്നാണ് ആ ദീപം കത്തിച്ചിരുന്നത്.
മുഖ്യ പുരോഹിത സ്‌കേഫിയയിൽ ജ്വലിക്കുന്ന നാളത്തിൽനിന്ന് കൊളുത്തുന്ന പന്തമാണ് ഓട്ടക്കാരനു കൈമാറിയിരുന്നത്.
ഹേരയുടെ പൂജാരിമാർ പുരുഷൻമാരായിരുന്നില്ല, സ്ത്രീകളായിരുന്നു.
കാരണം, പുരാതന ഗ്രീസിൽ സ്ത്രീകളുടെയും വിവാഹത്തിൻറെയും പ്രസവത്തിൻറെയും കുടുംബത്തിൻറെയും ദേവതയായിരുന്നു ഹേരാ.
മക്കൾ തൻറെ അധികാരം പിടിച്ചെടുക്കുമെന്നു ഭയന്നിരുന്ന പിതാവായ ക്രോണസ്, ഹേര ജനിച്ചയുടനെ വിഴുങ്ങിയെന്നാണ് കഥ.
ഹേരയെ രക്ഷപ്പെടുത്തിയതു സഹോദരനായ സീയൂസ് ദേവനായിരുന്നു.
അതിനു പ്രതിഫലമായി സീയൂസ് ഹേരയെ വിവാഹം കഴിച്ചു.
ഹേരാ ഒളിംപ്യാഡിൻറെയും വിവാഹത്തിൻറെയും കുടുംബത്തിൻറെയും പ്രസവത്തിൻറെയും മാത്രമല്ല, അസൂയയുടെയും ദേവതയായിരുന്നു.
പിന്നീട് കെ. സരസ്വതിയമ്മയുടെ കഥകൾ വായിച്ചപ്പോൾ,
ലളിതാംബിക അന്തർജനത്തിൻറെ രചനകൾ വായിച്ചപ്പോൾ,
കമല സുരയ്യയുടെയും ഗീതാ ഹിരണ്യൻറെയും കഥകൾ വായിച്ചപ്പോൾ
രാത്രിയിൽ എന്ന കഥയിലെ പന്തം എന്ന ഉപമയുടെ സ്വാരസ്യവും ഗഹനതയും തിരിച്ചറിഞ്ഞ് അമ്പരന്നിട്ടുണ്ട്.
കത്തുന്ന പന്തമായി ഓടുന്നവളാണ് ഓരോ എഴുത്തുകാരിയും.
ഓടിക്കൊണ്ടിരുന്നവരിൽ ഒരാൾ കൂടി വീണുപോയിരിക്കുന്നു.
പ്രിയപ്പെട്ട അഷിത, വെള്ളിനൂലുകൾ പോലെയുള്ള മുടിയിഴകൾ ഒതുക്കി നെറുകയിൽ ഒരുമ്മ.
ശാന്തയായി ഉറങ്ങുക.
ആ അഗ്‌നി അണയുകയില്ല.