ന്യുദല്‍ഹി- വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വൈകുന്നു. ചൊവ്വാഴ്ച കോണ്‍ഗ്രസ് പ്രഖ്യാപിച്ച 12-ാം സ്ഥാനാര്‍ത്ഥി പട്ടികയിലും വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരില്ല. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യത ഹൈക്കമാന്‍ഡ് പൂര്‍ണമായും തള്ളുന്നില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ വയനാട് ഡിസിസി ആശങ്കയറിയിച്ചിരുന്നു. എന്നാല്‍ കാത്തിരിക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയ മറുപടി. ഏപ്രില്‍ 23-നു വോട്ടെടുപ്പു നടക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാലാണ്. ഇനി ഒരാഴ്ച മാത്രമെ ശേഷിക്കുന്നുള്ളു എന്നതിനാല്‍ വയനാട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിക്കുന്നത്.
കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വവും മത്സരിക്കാന്‍ രാഹുലിനെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടതിനാലും കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമായതിനാലും വയനാട്ടില്‍ മത്സരിക്കുന്ന കാര്യം സജീവ പരിഗണനയിലാണ്. കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലമെന്നതും വയനാടിനു സാധ്യതയേറ്റുന്നു. രാഹുലിന്റെ ഇവിടത്തെ മത്സരം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ഉണ്ട്.
അതേസമയം വയനാട്, വടകര മണ്ഡലങ്ങളില്‍ ടി സിദ്ദീഖും മുരളീധരനും പ്രചാരണ രംഗത്ത് സജീവമാണെങ്കിലും സ്ഥാനാര്‍ത്ഥികളുടെ പേര് പാര്‍ട്ടി ദേശീയ നേതൃത്വം ഉറപ്പിക്കാത്തതിനു പിന്നില്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പു തകര്‍ക്കമാണെന്നും സൂചനയുണ്ട്.