Sorry, you need to enable JavaScript to visit this website.

കാമ്പസുകളിൽ കുഞ്ഞാലിക്കുട്ടിയുടെ പര്യടനം 

മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി വോട്ടു തേടി മഞ്ചേരി നറുകര യൂണിറ്റി വിമൻസ് കോളേജിലെത്തിയപ്പോൾ.

മലപ്പുറം- ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഒന്നാംഘട്ട പര്യടനം കാമ്പസ് സന്ദർശനങ്ങളോടെ പൂർത്തിയായി. മഞ്ചേരി നിയോജക മണ്ഡലത്തിലെ വിവിധ കാമ്പസുകളിലും മറ്റുമാണ് ഇന്നലെ പര്യടനം നടത്തിയത്. ഒമ്പതരയോടെ കാരക്കുന്ന് ജാമിഅ ഇസ്ലാമിക് കോളജിലെത്തിയ സ്ഥാനാർഥിയെ വിദ്യാർഥികളും അധ്യാപകരും ആവേശപൂർവമാണ്  വരവേറ്റത്. മലപ്പുറത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക്  നേതൃത്വം നൽകിയ മുസ്‌ലിംലീഗിലും യു.ഡി.എഫിലും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്നതായി വിദ്യാർഥികൾ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് താങ്കൾ തീർച്ചയായും തെരഞ്ഞെടുക്കപ്പെടുമെന്നും മലപ്പുറത്തേക്ക് കൂടുതൽ ഉന്നത വിദ്യാഭ്യാസം കൊണ്ടുവരാൻ ശ്രമിക്കണമെന്നും വിദ്യാർഥികൾ അദ്ദേഹത്തോട് പറഞ്ഞു. അതുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി വിദ്യാർഥികൾക്കു ഉറപ്പുനൽകി. തുടർന്നു ഏറനാട് നോളജ് സിറ്റിയിലെത്തിയ കുഞ്ഞാലിക്കുട്ടിക്ക് വൻ വരവേൽപാണ് ലഭിച്ചത്. വാദ്യമേളങ്ങളോടെയാണ് വിദ്യാർഥികൾ അദ്ദേഹത്തെ സ്വീകരിച്ചത്. യു.ഡി.വൈ.എഫ് വിദ്യാർഥികൾ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. അധ്യാപകരും ജീവനക്കാരും സ്ഥാനാർഥിയെ കാമ്പസിലേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന് ചേലേപ്പുറം, എളങ്കൂർ  അങ്ങാടിയിലെത്തിയ സ്ഥാനാർഥി വോട്ടർമാരെ കണ്ടു വോട്ടഭ്യർഥിച്ചു. 
മഞ്ചേരിയിലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി  ടീച്ചേഴ്‌സ് എജ്യൂക്കേഷൻ സെന്റർ, മഞ്ചേരി നറുകര യൂണിറ്റി വിമൺസ് കോളജ് എന്നവിടങ്ങളിലും പര്യടനം നടത്തി. മുഴുവൻ കാമ്പസുകളിലും ആവേശകരമായ സ്വീകരണമാണ്  കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. നേതാക്കളായ യു.എ ലത്തീഫ്,  എം. ഉമ്മർ എം.എൽ.എ, വല്ലാഞ്ചിറ മുഹമ്മദലി, റഷീദ് പറമ്പൻ, എൻ. അഹമ്മദ് നാണി, അബു സിദീഖ്, എൻ.പി. മുഹമ്മദ്, യൂസുഫ് വല്ലാഞ്ചിറ, ഇസ്മായിൽ, വല്ലാഞ്ചിറ ഹുസയിൻ,
വി.എം സുബൈദ, ബീന ജോസഫ്, സാദിഖ് കൂളമടത്തിൽ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. തുടർന്നു കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെത്തി വോട്ടർമാരെ നേരിൽ കാണുകയും വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു.

Latest News