Sorry, you need to enable JavaScript to visit this website.

മന്ത്രി മണിയെ ട്രോളിയ  പീതാംബരക്കുറുപ്പിന്  അതേ നാണയത്തിൽ തിരിച്ചടി

തിരുവനന്തപുരം- തന്നെ ട്രോളിയ പീതാംബരക്കുറുപ്പിന് അതേ നാണയത്തിൽ തിരിച്ചടി നൽകി വൈദ്യുതി മന്ത്രി എം.എം മണി.
കഴിഞ്ഞ ദിവസം മന്ത്രി എം.എം മണിയുടെ നിറത്തെ പരാമർശിച്ച് കൊണ്ട് പീതാംബരക്കുറുപ്പ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പ്രളയത്തിന്റെ കാരണക്കാരൻ ബ്ലാക്ക് മണിയാണെന്നായിരുന്നു എം.എം മണിയെ ട്രോളിക്കൊണ്ടുള്ള പീതാംബരക്കുറുപ്പിന്റെ പരാമർശം. ഡാമുകൾ ഒന്നിച്ചു തുറന്നുവിടാൻ കാരണക്കാരൻ എം.എം. മണിയാണെന്ന് പീതാംബരക്കുറുപ്പ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മന്ത്രി അതേ നാണയത്തിൽ തിരിച്ചടി നൽകിയിരിക്കുന്നത്. കക്ഷിക്ക് 'ബ്ലാക്ക്' പണ്ടേ പഥ്യമല്ല; 'ബാക്ക്' ആണ് പഥ്യം. എന്നായിരുന്നു എം.എം മണി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. മിനുട്ടുകൾക്കകം മണിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. പേരെടുത്ത് വിമർശിക്കാതെയുള്ള പോസ്റ്റ് സൈബർ സഖാക്കൾ ഏറ്റെടുത്തിരിക്കുകയാണ്. മുമ്പ് ഒരു ചടങ്ങിനിടെ ഒരു സിനിമാതാരത്തെ അപമാനിച്ചെന്ന വിവാദത്തിൽ പീതാംബരക്കുറുപ്പ് പെട്ടിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് മന്ത്രിയുടെ മറുപടി. 
പലപ്പോഴും മന്ത്രി എം.എം മണിയുടെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. കോൺഗ്രസ് നേതാക്കളെ ഉദ്ദേശിച്ച് മന്ത്രി മണി നടത്തിയ ട്രോളും ഏറെ വൈറലായിരുന്നു. അവസാനം പോകുന്നവർ ആഫീസിലെ ലൈറ്റും ഫാനും ഓഫാക്കണമെന്നായിരുന്നു മന്ത്രിയുടെ ട്രോൾ. 
 

Latest News