കോൺഗ്രസുകാർക്കും , സമാന ചിന്തയുള്ളവർക്കുമൊക്കെ സാംസ്‌കാരിക രംഗത്ത് എന്ത് കാര്യം എന്ന് മാറി നിൽക്കുന്നതോ, മന്ദബുദ്ധികളാകുന്നതോ ആയിരുന്നു, കേരളത്തിൽ സമീപകാലത്തെ അവസ്ഥ. പണ്ടൊന്നും അങ്ങിനെയായിരുന്നില്ല.
കോൺഗ്രസിലെ ഇന്നത്തെ അറുപത് കഴിഞ്ഞ തലമുറ എതിരിട്ടു നിന്നത് കമ്യൂണിസ്റ്റ്കാരുടെ സുവർണ കാലത്തെയായിരുന്നു. 'ചിന്ത' കക്ഷത്തു വെച്ചുനടക്കുന്നവർ എന്ന് അവരെ മധുരമെങ്കിലും രൂക്ഷ ഭാഷയിൽ പരിഹസിക്കാൻ സി.എച്ച് .മുഹമ്മദ് കോയയെപ്പോലുള്ളവരും കൂട്ടുണ്ടായിരുന്നു. പിന്നീടെപ്പോഴോ ഒന്ന് പിന്മാറിയെന്ന് തോന്നിച്ചവർ ഇപ്പോൾ മെല്ലെയാണെങ്കിലും നവമാധ്യമ രംഗത്തെങ്കിലും അതിനൊക്കെ മാറ്റം വരുത്തുകയാണെന്ന് തോന്നുന്നു. ഞങ്ങളെത്തൊട്ടാൽ മറുപടി പറഞ്ഞേ പോകൂ എന്ന് നിലപാടുമായി കോൺഗ്രസിലെ വി.ടി.ബൽറാമിനെപ്പോലുള്ളവരാണ് ഈ പോരാട്ട വീര്യത്തിന് തുടക്കമിട്ടത്.
തെരഞ്ഞെടുപ്പ് കാലത്തെങ്കിലും പോര് തുടർചലനമാകുന്നതിന്റെ സൂചനയായി കെ.എസ്. ശബരീനാഥ് എം.എൽ.എ ഒരു മർമ്മ പ്രധാന വിഷയത്തിൽ ഫേസ് ബുക്ക് വഴി എതിരാളികളുടെ മർമ്മം നോക്കി വാക്കുകൾ പ്രയോഗിച്ചിരിക്കുകയാണിപ്പോൾ. നവമാധ്യമത്തിലെ പ്രതികരണങ്ങൾ വഴി സാംസ്‌കാരിക- സാഹിത്യ രംഗത്ത് വല്ലാതെ മുന്നേറി നിന്ന വനിതാ വ്യക്തിത്വമായ ദീപ നിഷാന്തിനെയാണ് ശബരീനാഥ് കടുത്ത ഭാഷയിൽ കടന്നാക്രമിച്ചിരിക്കുന്നത്.
ആലത്തുർ യു.ഡി.എഫ് സ്ഥാനാർഥിയായ രമ്യ ഹരിദാസിനെ പരാമർശിച്ചുകൊണ്ടുള്ള ദീപ നിഷാന്തിന്റെ ഫേസ്ബുക് പേസ്റ്റിനുള്ള മറുപടിയിലാണ് ശബരീനാഥ് എതിർ പക്ഷത്തിന് മറുവാക്കില്ലാതാക്കുന്നത്. ശബരി നാഥിന്റെ ഫേസ് ബുക്ക് വരികൾ ; ... ദീപ ടീച്ചർ രമ്യയെക്കുറിച്ചു 'ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പല്ല നടക്കുന്നത്' എന്ന് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ കഴിയുകയില്ല.
ഒരു ഇലക്ഷന് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രമ്യ ഹരിദാസ്. ജനാധിപത്യ പ്രക്രിയയിലൂടെ വിജയിച്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തയായ പ്രവർത്തകയുമാണ്. ഇതൊക്ക സൗകര്യപൂർവം മറന്നാണ് ദീപ ടീച്ചറിന്റെ രമ്യയെ ഇകഴ്ത്തിയുള്ള സ്റ്റാർ സിങ്ങർ പരാമർശം.
ഇതൊക്കെ നമ്മുടെ ഒരു കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ് ടീച്ചറെ....പ്രമുഖ നടനും അമ്മ പ്രസിഡണ്ടുമായ വ്യക്തി സ്ഥാനാർത്ഥിയായാൽ ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തിൽ പൊതുപ്രവർത്തക രംഗത്തുള്ള ഒരു വനിത ലോക്‌സഭാ സ്ഥാനാർത്ഥിയാകുമ്പോൾ അവരെ ഐഡിയ സ്റ്റാർ സിംഗറോട് ടീച്ചർ തന്നെ ഉപമിക്കുന്നു.
എന്തായാലും നമ്മുടെ 'മൃാരവമശൃ ശിലേഹഹലരൗേമഹശാെത്തിനും ശിലേഹഹലരൗേമഹ മൃൃീഴമിരല'നും ജനാധിപത്യത്തിൽ വലിയ റോൾ ഇല്ല എന്നുള്ളതാണ് ഈ എളിയവൻ മനസിലാക്കുന്നത്. പാടുന്നവനും പാടാത്തവനും വിശ്വാസിക്കും വിശ്വാസമില്ലാത്തവർക്കും എല്ലാവർക്കും മത്സരിക്കാനുള്ള ജനാധിപത്യ അവസരമുണ്ട്, നല്ല സ്ഥാനാർഥിയെ വിജയിപ്പിക്കേണ്ടത് ജനങ്ങളാണെന്ന് മാത്രം.
അതുകൊണ്ട് രമ്യയെക്കുറിച്ചു ദീപ ടീച്ചർ പരിതപിക്കേണ്ട, ആ കുട്ടി വിജയിച്ചു വന്നോളും.
ഇത്രയുമേ ശബരിനാഥ് പറയുന്നുള്ളൂവെങ്കിലും ദീപ നിഷാന്തിന്റെതായി സാമൂഹ്യ മാധ്യമത്തിലും പുറത്തും കത്തി നിന്ന പല കാര്യങ്ങളും പശ്ചാത്തലത്തിൽ ഒളി മിന്നി നിൽക്കുന്നു. ബീഫ് ഫെസ്റ്റുകളുടെ ആഘോഷ കാലത്ത് തൃശൂർ കേരള വർമ്മ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിക്കുക വഴി ഒരേസമയം വെറുപ്പും ഇഷ്ടവും സമ്പാദിച്ച ദീപ , കവിത മോഷണ വിവാദത്തിൽപ്പെട്ട് ഏറക്കുറെ നിശബ്ദയായിരിക്കവെയാണ് ഇപ്പോൾ രമ്യ ഹരിദാസ് വിരുദ്ധ പോസ്റ്റുമായി രംഗത്തെത്തുന്നത്. ഉറപ്പായും സി.പി.എമ്മിന്റെയും സഹചാരികളുടെയും നല്ല പിന്തുണ കിട്ടുന്ന നടപടി. പക്ഷെ ശബരി നാഥ് തുടങ്ങിവെച്ച എതിർ നിലപാട് സാമൂഹ്യ മാധ്യമത്തിലിപ്പോൾ കലങ്ങി മറിയുകയാണ്.
ശറഫുന്നിസ കാരോളി എന്ന അധ്യാപികയുടെ പോസ്റ്റിലെ വരികളുടെ മൂർച്ച നോക്കൂ;
....ചാലക്കുടിയിൽ ഇന്നസെന്റ് മത്സരിക്കുന്നത് ഇന്ത്യൻ ലോക്‌സഭാ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനാണോ, കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിച്ച് ജയരാജൻ വടകരയിൽ മത്സരിക്കുന്നത് ലോക്‌സഭയിലെ ദാദ ആകാനാണോ , പി.വി. അൻവർ മത്സരിക്കുന്നത് ലോക്‌സഭക്കു പുറത്തു അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങാനാണോ , വീണ ജോർജ് മത്സരിക്കുന്നത് രാജ്യസഭേടെ ന്യൂസ് ചാനലിൽ വാർത്ത വായിക്കാനാണോ , ജോയ്‌സ് ജോർജ് മത്സരിക്കുന്നത് ലോക്‌സഭാ ഇരിക്കുന്ന ഭൂമി കയ്യേറാൻ ആണോ എന്നൊന്നുമുള്ള സംശയങ്ങൾ ഒരിക്കലും തോന്നിയിട്ടില്ലാത്ത ടീച്ചർക്ക് രമ്യ ഹരിദാസിന്റെ പാട്ടുകേട്ടപ്പോ മാത്രം ഐഡിയ സ്റ്റാർ സിംഗറിന്റെ ഒഡീഷൻ ആണോന്നു സംശയം … ചുവപ്പിന്റെ തിമിരം കേറിയതുകൊണ്ടാണ്. …
......രമ്യടെ ആട്ടത്തിലും പാട്ടിലുമൊക്കെ ഒരു വല്യ പൊളിറ്റിക്‌സ് ഉണ്ട് ടീച്ചറെ …. പ്രതിസന്ധികളോട് പടവെട്ടി ജയിക്കുന്നവന്റെ പൊളിറ്റിക്‌സ്. പ്രതിസന്ധികളിൽ തളർന്നു നിന്നുപോകുന്ന ഒരുപാടുപേരെ മോട്ടിവേറ്റ് ചെയ്യുന്ന പൊളിറ്റിക്‌സ്.
അത് നിങ്ങൾക്ക് മനസിലാവാത്തത് രമ്യ പിടിക്കുന്ന കൊടി ചുവപ്പ് അല്ലാത്തതുകൊണ്ട് മാത്രമാണ്. അഥവാ ചുവപ്പ് ആയിരുന്നെങ്കിൽ ഇന്നലെ നിങ്ങൾ ഉന്തിയ അതെ പേനകൊണ്ട് എത്ര വാഴ്ത്തു പാട്ടുകൾ കുറിക്കുമായിരുന്നു ....
രാഷ്ട്രീയ പാർട്ടിക്കാരുടെ ഉണർവ്വിന്റെ കാലവുമാണ് തെരഞ്ഞെടുപ്പുകൾ. ആ ഉണർവ്വിന്റെ വിളവെടുപ്പുത്സവം തന്നെയായിരിക്കും ഇനിയുള്ള നാളുകളിൽ സോഷ്യൽ മീഡിയകളിലും. എല്ലാവർക്കും പറയാനുള്ളത് പറഞ്ഞുതന്നെ പോകാനുള്ള ഒന്നാന്തരം അവസരം തന്നെ ഇതെന്ന് മറ്റൊരു കോൺഗ്രസ് സൈബർ പോരാളിയായ മാഹിൻ അബൂബക്കറും പറഞ്ഞു തരുന്നു ; കവിത മോഷണ വിവാദം നടന്ന് ആഴ്ച രണ്ടു തികയും മുൻപേ കവിത രചന മത്സരത്തിന് വിധിയെഴുതാൻ പോയ.... എത്തിക്‌സ് പേറുന്ന നിങ്ങൾ രമ്യ ഹരിദാസിനോ, കോൺഗ്രസിനോ തിരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ ഉണ്ടാക്കി നൽകാൻ നിക്കണ്ട.
ഇനി 27 ദിനങ്ങളുണ്ട്. കയ്യേറി കയ്യേറി യുഡിഎഫും കോൺഗ്രസും ഈ കേരളം കീഴടക്കും അപ്പോഴും ഇത് പോലെ നിലവാരമില്ലാത്ത വാക്കുകളും കോറിയിട്ടു വൈകാരിക പരിസരത്തിൽ ഗോക്കളെ മേച്ചു കടന്നു വരണേ...