കൊല്ലം- ഒമ്പതു ദിവസം മുമ്പ് ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടു പോയ രാജസ്ഥാന്‍ സ്വദേശിയായ15-കാരിയെ മുംബൈയില്‍ കണ്ടത്തി. തട്ടിക്കൊണ്ടു പോയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനൊപ്പമാണ് മുംബൈയിലെ പന്‍വേല്‍ ചേരിയില്‍ നിന്നും കേരളാ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരേയും ഉടന്‍ കേരളത്തിലെത്തിക്കും. ഓച്ചിറയില്‍ തെരുവില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് പ്രതിമകള്‍ ഉണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാനി കുടുംബമാണ് പെണ്‍കുട്ടിയുടേത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയാണ് റോഷന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയെ മാര്‍ച്ച് 18-നു തട്ടിക്കൊണ്ടു പോയത്. ഇരുവരും തമ്മില്‍ നേരത്തെ തന്നെ ബന്ധമുള്ളതായും സംശയമുണ്ട്. സംഭവം പ്രതിപക്ഷം ഏറ്റെടുത്തതോടെ കോലാഹലമായിരുന്നു. കേസില്‍ മൂന്ന് യുവാക്കളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയേയും റോഷനേയും എറണാകുളം റെയില്‍വെ സ്റ്റേഷനില്‍ കൊണ്ടുവിട്ടതായും ഇവര്‍ പിന്നീട് ബെംഗളുരുവിലേക്ക് യാത്ര ചെയ്തതായും പോലീസിന് തെളിവ് ലഭിച്ചിരുന്നു. പിന്നീട് ലഭിച്ച സൂചനകള്‍ പ്രകാരം പോലീസ് രണ്ടു സംഘങ്ങളായി രാജസ്ഥാനിലേക്കും മുംബൈയിലേക്കും പുറപ്പെടുകയായിരുന്നു. മുംബൈയില്‍ മലയാളികളുടെ സഹോയത്തോടെയാണ് ഇവരെ കണ്ടെത്തിയത്.
റോഷന്റെ ഫോണില്‍ നിന്ന് കേരളത്തിനു പുറത്തുള്ള ഒരു ബന്ധുവിന്റെ ഫോണിലേക്ക് കോള്‍ പോയത് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഈ കോള്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് പോലീസിനെ മുംബൈയിലെത്തിച്ചത്.