Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് ഉംറ വിസയില്‍ ബന്ധുക്കളെ കൊണ്ടുവരാം; അഞ്ച് വിസകള്‍ വരെ ലഭിക്കും

മക്ക - സൗദി അറേബ്യയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്ക് ഉംറ വിസ അനുവദിക്കുന്ന പദ്ധതി വൈകാതെ നടപ്പാക്കുമെന്ന് ഉംറ കാര്യങ്ങൾക്കുള്ള ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽവസാൻ വെളിപ്പെടുത്തി. ഉംറതുൽമുദീഫ് (ഉംറ ആതിഥേയൻ) എന്ന് പേരിട്ട പദ്ധതി നടപ്പാക്കുന്നതിന് ഉന്നതാധികൃതർ അനുമതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് സൗദിയിൽ കഴിയുന്ന വിദേശികൾക്ക് മൂന്നു മുതൽ അഞ്ചു വരെ ഉംറ വിസകളാണ് അനുവദിക്കുക. സ്വദേശികൾക്കും ഇതേപോലെ മൂന്നു മുതൽ അഞ്ചു വരെ ഉംറ വിസകൾ അനുവദിക്കും. സൗദികളുടെ സിവിൽ രജിസ്റ്ററിലും വിദേശികളുടെ ഇഖാമയുടെ പേരിലുമാണ് ഉംറ വിസകൾ അനുവദിക്കുക. 


ഏറ്റവും അടുത്ത ബന്ധുക്കളെ ഉംറ കർമം നിർവഹിക്കുന്നതിന് സൗദിയിലേക്ക് കൊണ്ടുവരുന്നതിനാണ് വിദേശികൾക്ക് ഉംറ വിസകൾ അനുവദിക്കുക. സൗദികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള ആരെയും ഇങ്ങനെ ഉംറ വിസയിൽ കൊണ്ടുവരുന്നതിന് അനുമതിയുണ്ടാകും. ഇങ്ങിനെ അനുവദിക്കുന്ന ഉംറ വിസകളിൽ രാജ്യത്ത് എത്തുന്നവരുടെ പൂർണ ചുമതല സൗദി പൗരന്മാർക്കും വിദേശികൾക്കുമായിരിക്കും. സൗദിയിൽ എത്തുന്നതു മുതൽ രാജ്യം വിടുന്നതു വരെയുള്ള കാലത്ത് താമസ, യാത്രാ സൗകര്യങ്ങൾ അടക്കം എല്ലാവിധ സേവനങ്ങളും തീർഥാടകർക്ക് നൽകേണ്ടത് സ്‌പോൺസർമാരെ പോലെ പ്രവർത്തിക്കുന്ന സൗദി പൗരന്മാരുടെയും വിദേശികളുടെയും ചുമതലയാകും. വർഷത്തിൽ മൂന്നു തവണ വരെ സൗദികൾക്കും വിദേശികൾക്കും ഇതേപോലെ ഉംറ വിസകൾ അനുവദിക്കുമെന്ന് ഡോ. അബ്ദുൽ അസീസ് അൽവസാൻ പറഞ്ഞു. 


ഉംറ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഉംറ സർവീസ് കമ്പനികളുടെ എണ്ണം 46 ൽനിന്ന് 725 ആയി സമീപ കാലത്ത് ഉയർത്തിയത്. സൗദിയിൽ കഴിയുന്ന വിദേശികൾക്കും സൗദി പൗരന്മാർക്കും ഉംറ വിസകൾ അനുവദിക്കുന്നതു വഴി പ്രതിവർഷം 18 ലക്ഷത്തോളം ഉംറ തീർഥാടകർ പുണ്യഭൂമിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയിനം വിസകൾക്കു പുറമെ, ഒരു കുടുംബത്തെ ഒരു ഗ്രൂപ്പായി പരിഗണിച്ച് ഉംറ വിസകൾ അനുവദിക്കുന്ന രീതിയും നടപ്പാക്കും. ദേശീയ വിമാന കമ്പനിയായ സൗദിയ വഴി ട്രാൻസിറ്റ് ആയി യാത്ര ചെയ്യുന്നവർക്ക് ഉംറ നിർവഹിക്കുന്നതിന് ട്രാൻസിറ്റ് ഉംറ വിസകൾ ഓട്ടോമാറ്റിക് ആയി അനുവദിക്കുന്നതിനും നീക്കമുണ്ട്. നേരത്തെ ലഭിച്ച ഉംറ വിസയിൽ രണ്ടാമതും അഞ്ചു ദിവസത്തേക്ക് വിദേശ ഉംറ തീർഥാടകർക്ക് രാജ്യത്തേക്ക് പ്രവേശനം നൽകുന്ന കാര്യവും ഹജ്, ഉംറ മന്ത്രാലയം പഠിക്കുന്നുണ്ടെന്ന് ഡോ. അബ്ദുൽ അസീസ് അൽവസാൻ സൂചിപ്പിച്ചു. 
നിലവിൽ സൗദിയിൽ കഴിയുന്ന വിദേശികൾക്കും സൗദി പൗരന്മാർക്കും ഹജ്, ഉംറ മന്ത്രാലയം ഉംറ വിസകൾ അനുവദിക്കുന്നില്ല. സൗദിയിലെ ഉംറ സർവീസ് കമ്പനികൾ മുഖേനെയാണ് വിദേശങ്ങളിലെ തീർഥാടകർക്ക് വിസകൾ അനുവദിക്കുന്നത്. ഇതനുസരിച്ച് സൗദിയിലെത്തുന്നതു മുതൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു വരെ തീർഥാടകരുടെ പരിപൂർണ ചുമതല ഉംറ സർവീസ് കമ്പനികൾക്കാണ്. 
പെട്രോളിതര മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനും എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിനും വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിനും ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതി 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുന്നതിനാണ് ഉന്നമിടുന്നത്. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ മക്കയിലും മദീനയിലും ജിദ്ദയിലും ഒരുക്കിവരികയാണ്. കഴിഞ്ഞ വർഷം വിദേശങ്ങളിൽനിന്ന് 65 ലക്ഷത്തോളം ഉംറ തീർഥാടകരാണ് എത്തിയത്. വിഷൻ 2030 പദ്ധതി ലക്ഷ്യം നേടുന്നതിന് ഉംറ വിസാ നടപടികൾ ലഘൂകരിക്കുന്നതിനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 
വിദേശ തീർഥാടകർക്ക് എളുപ്പത്തിൽ ഉംറ വിസകൾ അനുവദിക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയം പുതിയ സേവനം ആരംഭിച്ചിട്ടുണ്ട്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഹജ്, ഉംറ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം. വിദേശ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന മഖാം പോർട്ടൽ പരിഷ്‌കരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. 
വിദേശ ഏജൻസിയുടെ ആവശ്യമില്ലാതെ സൗദിയിലെ ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും മുന്നോട്ടുവെക്കുന്ന ഉംറ പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിന് തീർഥാടകരെ പുതിയ സേവനം സഹായിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് അൽവസാൻ പറഞ്ഞു.
വിദേശ ഉംറ തീർഥാടകർക്ക് വിസകൾ അനുവദിക്കുന്നതിനുള്ള പതിനായിരക്കണക്കിന് അപേക്ഷകളാണ് ദിനേനയെന്നോണം ഹജ്, ഉംറ മന്ത്രാലയത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  മഖാം പോർട്ടലിലെ പുതിയ സേവനം വഴി ഉംറ പാക്കേജ് ബുക്ക് ചെയ്യുന്നതിനും ബുക്കിംഗ് ഉറപ്പുവരുത്തുന്നതിനും ഇ-വിസ നേടുന്നതിനും തീർഥാടകർക്ക് സാധിക്കും. 
സൗദിയിലെ ഉംറ സർവീസ് കമ്പനികൾക്ക് വിദേശ ഏജൻസികളില്ലാത്ത 157 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് എളുപ്പത്തിൽ ഉംറ വിസകൾ അനുവദിക്കുന്നതിന് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ച കാലത്ത് മഖാം പോർട്ടൽ 30 ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തി. കഴിഞ്ഞ കൊല്ലം 10,96,598 തീർഥാടകർ പോർട്ടൽ വഴി ഉംറ വിസകൾ നേടി പുണ്യഭൂമിയിലെത്തിയെന്നും ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു.  വിദേശങ്ങളിൽനിന്ന് പുണ്യഭൂമിയിലെത്തുന്ന ഉംറ തീർഥാടകരുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും ഓൺലൈൻ വഴി പൂർത്തിയാക്കുന്ന ഉംറ ഓൺലൈൻ പദ്ധതി അടുത്ത വർഷത്തെ ഉംറ സീസൺ മുതൽ ആരംഭിക്കും. 
ഇതോടെ ഉംറ വിസകൾ അനുവദിക്കുന്നതിൽ വിദേശങ്ങളിലെ സൗദി എംബസികൾക്കും കോൺസുലേറ്റുകൾക്കുമുള്ള പങ്ക് ഇല്ലാതാകും. സൗദി ഉംറ കമ്പനികൾ ഉംറ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തുന്ന പാക്കേജുകൾ വിദേശ ഏജൻസികൾക്ക് പൂർണ തോതിൽ വാങ്ങുന്നതിനും, തീർഥാടകരുടെ താമസത്തിനും യാത്രക്കും മറ്റു സേവനങ്ങൾക്കും വ്യത്യസ്ത ബുക്കിംഗുകൾ പ്രയോജനപ്പെടുത്തി ഫുൾപാക്കേജ് രൂപീകരിക്കുന്നതിനും സാധിക്കും. ഇതിനു ശേഷം വിദേശ ഏജൻസികൾ തീർഥാടകരുമായി ബന്ധപ്പെട്ട വിവരങ്ങൾ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത് പുണ്യസ്ഥലങ്ങളിലെ താമസ കാലത്തിനും സേവന നിലവാരത്തിനും അനുസൃതമായി യാത്രയുടെ പൂർണ തുക അടക്കുകയാണ് വേണ്ടത്. ഈ നടപടികളെല്ലാം പൂർത്തിയാക്കി കഴിഞ്ഞാൽ വിദേശ ഏജൻസികൾക്ക് ഓൺലൈൻ വഴി ഉംറ വിസയുടെ പ്രിന്റൗട്ട് എടുക്കുന്നതിന് സാധിക്കും. 


 

Latest News