Sorry, you need to enable JavaScript to visit this website.

സൗദിയില്‍ രണ്ടു റിയാല്‍ കടകളില്‍ വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെത്തി

റിയാദിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നു.

റിയാദ്- വില പ്രത്യേകം നിശ്ചയിച്ച വ്യാപാര സ്ഥാപനങ്ങളില്‍ കഴിഞ്ഞയാഴ്ച വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘങ്ങള്‍ നടത്തിയ പരിശോധനകള്‍ക്കിടെ 135 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. രണ്ടു റിയാല്‍, അഞ്ചു റിയാല്‍, 10 റിയാല്‍, 15 റിയാല്‍, 20 റിയാല്‍ കടകളിലാണ് പരിശോധനകള്‍ നടത്തിയത്. ഈ വിഭാഗത്തില്‍ പെട്ട 2,045 സ്ഥാപനങ്ങളില്‍ കഴിഞ്ഞയാഴ്ച വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി. ഇതിനിടെ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത 44,245 ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.
വ്യാജ ഉല്‍പന്നങ്ങളുടെ വില്‍പന, വില്‍പനക്ക് പ്രദര്‍ശിപ്പിച്ച ഉല്‍പന്നങ്ങളില്‍ വില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഇല്ലാതിരിക്കല്‍, നിര്‍മിച്ച രാജ്യം, കമ്പനി എന്നിവ അടക്കമുള്ള വാണിജ്യ വിവരങ്ങള്‍ ഉല്‍പന്നങ്ങളില്‍ ഇല്ലാതിരിക്കല്‍, ബില്ലുകള്‍ അറബിയിലാക്കാതിരിക്കല്‍, കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഇല്ലാതിരിക്കല്‍, ഇന്‍വോയ്‌സ് നല്‍കുന്നതിന് വിസമ്മതിക്കല്‍ പോലുള്ള നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളില്‍ പ്രധാനമായും കണ്ടെത്തിയത്. വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം, ട്രേഡ് മാര്‍ക്ക് നിയമം, വാണിജ്യ വിവര നിയമം എന്നിവ അടക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ഉല്‍പന്നങ്ങള്‍ ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നവയാണെന്നും ഉറപ്പു വരുത്തുന്നതിന് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് രണ്ടു റിയാല്‍ കടകളില്‍ മന്ത്രാലയം പരിശോധനകള്‍ നടത്തിയത്.
ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കാതിരിക്കുന്നത് നിയമ ലംഘനമാണ്. ഇതിന് 10 ലക്ഷം റിയാല്‍ വരെ പിഴയും മൂന്നു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 1900 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷന്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

 

 

Latest News