അബുദാബി- അതിശക്തമായ ഇടിമിന്നലില്‍ അപൂര്‍വ പക്ഷികള്‍ക്ക് ദാരുണാന്ത്യം. അല്‍ ദാഫ്‌റയിലാണ് പക്ഷി വളര്‍ത്തുകേന്ദ്രം ചാമ്പലായത്. അമ്പതോളം അപൂര്‍വ പക്ഷികളാണ് ചത്തൊടുങ്ങിയതെന്ന് ഉടമ ഖല്‍ഫാന്‍ ബുതി അല്‍ ഖുബൈസി പറഞ്ഞു. 20 ദശലക്ഷം ദിര്‍ഹമിന്റെ നഷ്ടം കണക്കാക്കുന്നു.
അപൂര്‍വ ഇനത്തില്‍പെട്ട 35 ഫാല്‍ക്കന്‍ കുഞ്ഞുങ്ങളാണ് ഇടിമിന്നലില്‍ കരിഞ്ഞുവീണത്. അതിന് മാത്രം 1.1 ദശലക്ഷം ദിര്‍ഹം വിലവരും. വാസ്തവത്തില്‍ വില മതിക്കാനാവാത്തതാണ് ഈ പക്ഷികളെന്ന് ഉടമ പറഞ്ഞു.
ഫാല്‍ക്കല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ മികച്ച പരിശീലനം നല്‍കപ്പെട്ട പക്ഷികളാണിത്. ചത്ത പക്ഷികളിലൊന്ന് ഇത്തരം മത്സരങ്ങളില്‍ എപ്പോഴും വിജയിക്കുന്ന ഒന്നാണ്. ഇതിന് മാത്രം 10 ദശലക്ഷം ദിര്‍ഹം വില മതിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇടിമിന്നല്‍ വളരെ ശക്തമായിരുന്നെന്നും പക്ഷികളെ സൂക്ഷിച്ചിരുന്ന സ്ഥലമടക്കം സര്‍വതും കത്തിനശിച്ചെന്നും അല്‍ ഖുബൈസി പറഞ്ഞു. പക്ഷിക്കൂടുകളും കെട്ടിടവും ഒരു പിടി ചാരമായി. പറവകളാകട്ടെ, കരിഞ്ഞ മാംസക്കഷ്ണങ്ങളും- അടക്കാനാവാത്ത ദുഃഖത്തോടെ അല്‍ ഖുസൈബി പറഞ്ഞു.