ഇസ്‌ലാമോഫോബിയക്കെതിരെ തരാതരം മുസ്‌ലിം പക്ഷം ചേർന്നവരായിരുന്നു അടുത്ത നാൾ വരെ കേരളത്തിലെ സി.പി.എമ്മും ഇടതുപക്ഷവും. ഇപ്പോഴിതാ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമോ എന്ന ഒരൊറ്റ പേടി എല്ലാം അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരുടെയും ഉള്ളിലുള്ളത് മെല്ലെ, പുറത്ത് ചാടിത്തുടങ്ങി. രാഹുൽ ഗാന്ധി ഒരു കാരണവശാലും വയനാട്ടിൽ മത്സരിക്കില്ലെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ നിരന്തരം പ്രചാരണം നടത്തിത്തുടങ്ങിയത് എന്തിനാണെന്ന് ആദ്യമാദ്യം ആർക്കും മനസ്സിലായിരുന്നില്ലെന്ന് തോന്നുന്നു. ഇപ്പോൾ മനസ്സിലാകാത്തവർക്കും കാര്യം ബോധ്യപ്പെടുന്നുണ്ടാകും.
കേരളത്തിൽ കോൺഗ്രസ് വീണ്ടും, വീണ്ടും ദുർബലമായിത്തീരണമെന്ന ആഗ്രഹം രാഷ്ട്രീയമായി മുഖ്യ എതിർചേരിയിലുള്ള സി.പി.എം വെച്ചുപുലർത്തുന്നതിനെ ആർക്കും കുറ്റം പറയാനാകില്ല. പാർട്ടിയും മുന്നണിയും ശക്തമാക്കുന്നതിന്റെ ഉപ ലക്ഷ്യമാണ് അടുത്ത കാലത്തായി പുറത്തായിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് കിട്ടാതെ കോൺഗ്രസ് കേരളത്തിൽ അടുത്ത കാലത്തായി വല്ലാതെ ക്ഷീണിക്കുകയായിരുന്നു. കോൺഗ്രസിന് കരുണാകരന് ശേഷം നല്ലൊരു ഹിന്ദു നേതാവില്ലാതെ പോയതിന്റെ 'ഗുണഫലം' എതിരാളികൾ വെച്ചനുഭവിച്ചു. ആ അവസ്ഥക്ക് വരുന്ന വലിയ മാറ്റത്തിന്റെ സൂചനകളിലൊന്നായിരുന്നു വടകരയിൽ മത്സരിക്കാൻ കെ. മുരളീധരന്റെ ആവേശം മുറ്റിയ രംഗപ്രവേശം.
തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വയനാടൻ സ്ഥാനാർഥിത്വ വാർത്ത ഇടിത്തീപോലെ വന്നു വീഴുന്നത്. ഭൂരിപക്ഷ - ന്യൂനപക്ഷ വ്യത്യാസമില്ലാതെ കോൺഗ്രസിന് വോട്ട് വീഴാനുള്ള സാധ്യത അടുത്ത കാലത്തായി സി.പി.എം നട്ടു നനച്ചു വളർത്തിയ രാഷ്ട്രീയ തന്ത്രങ്ങളെയാണ് തകർത്തറിയുകയെന്ന് അവർ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. രാഹുൽ വരുമ്പോൾ കേരള രാഷ്ട്രീയവും വഴിമാറുമെന്ന് സി.പി.എമ്മിനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെയും പൂർണ സഹായ സഹകരണത്തോടെ മരവിപ്പിച്ചു നിർത്തിയ കോൺഗ്രസിനെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉണർവിലേക്ക് വിളിച്ചുണർത്താൻ വരുന്ന രാഹുലിനെ തിരിച്ചയക്കാൻ അവരിപ്പോൾ ഒത്തുപിടിച്ചു നോക്കുകയാണ്. ഇങ്ങനെ പൊരുതി നിൽക്കുന്നത്, പാർട്ടി സംവിധാനം മാത്രമല്ല, പാർട്ടിക്ക് പുറത്തുള്ള മാധ്യമ സെല്ലുകളും പൊരുതി മുന്നേറുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കില്ലെന്ന് അവർ നിരന്തരം വാർത്തകൾ ഉൽപാദിപ്പിക്കുന്നു.
തെറ്റായ വാർത്തകൾ ഓരോ വോട്ടറുടെയും ഏറ്റവും വലിയ ശത്രുവാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് അമേരിക്കക്കാർക്ക് മുന്നറിയിപ്പ് കൊടുത്തത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപായിരുന്നു. പല തെരഞ്ഞെടുപ്പുകളിലായി ഇന്ത്യയിലും കേരളത്തിലും നടക്കുന്നതും അതു തന്നെയാണ്. വയനാട്ടിലെ സ്ഥാനാർഥിത്വ വാർത്തകൾ അവയിലൊന്ന് മാത്രം.
എല്ലാ വ്യാജ വാർത്തകളുടെയും കൂരിരുട്ടിനെ വകഞ്ഞു മാറ്റി രാഹുൽ ഗാന്ധി തന്റെ ജനാധിപത്യ ദൗത്യവുമായി വയനാട്ടിലേക്ക് പറന്നിറങ്ങിയാലോ എന്ന ആശങ്കയിൽനിന്നാണ് ഇസ്‌ലാമോഫോബിയ പരത്തുക എന്ന ക്രൂരതയിലേക്കും ചിലരൊക്കെ നടന്നടുക്കുന്നത്. ഇക്കാര്യത്തിലും, രാഷ്ട്രീയ ശത്രുക്കൾക്കെതിരെ കോൺഗ്രസിൽ വിശ്രമമില്ലാതെ പോരാടുന്ന വി.ടി.ബൽറാം എം.എൽ.എയുടെ ഫേസ് ബുക്ക് പോസ്റ്റ് തന്നെ കാണുക:
ചുരുക്കിപ്പറഞ്ഞാൽ സംഘ് പരിവാർ ഉത്തരേന്ത്യയിൽ പ്രചരിപ്പിക്കുന്ന ഇസ്‌ലാമോഫോബിയയെ പേടിച്ച് രാഹുൽ ഗാന്ധി കേരളത്തിൽനിന്ന് പിൻമാറണമെന്ന്! സത്യത്തിൽ എജ്ജാതി ദുരന്തമാണ് കേരളത്തിന്റെ ഈ ഉന്നത വിദ്യാഭ്യാസ മന്ത്രി!
ഇത് എൽ.ഡി.എഫിന്റെ ഔദ്യോഗികമായ അഭിപ്രായം ആണോ എന്ന് ഇനി വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്. എൽ.ഡി.എഫ് കൺവീനറുടെ കാര്യം ഏതായാലും ചോദിക്കുന്നില്ല.
വയനാട്ടിൽ മത്സരിക്കാൻ ഒരുങ്ങുന്ന രാഹുൽ ഗാന്ധി എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്ഥാനാർഥിയാണെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷണനും പിന്നീട് കെ.ടി. ജലീലിന്റെ പക്ഷം ചേർന്നിട്ടുണ്ട്. ഇനിയിപ്പോൾ ബാക്കിയുള്ളത് മുഖ്യമന്ത്രി മാത്രമാണ്. രാഹുലിന്റെ കേരള സ്ഥാനാർഥിത്വം യാഥാർഥ്യമാകുന്നതോടെ ഇതും ഇതിലപ്പുറവും കേൾക്കാൻ കേരള ജനതക്ക് ഭാഗ്യം തെളിയാൻ പോകുന്നു. കാത്തിരിക്കാം, കൂടുതൽ വിഷവാക്കുകൾക്കായി. കപട സൗഹൃദത്തിന്റെ കെട്ടിമറിയലല്ല ഇനി ആവശ്യം. രണ്ടിലൊന്ന് തീരുമാനിക്കുന്ന അവസ്ഥയാണ്.