റിയാദ്- യൂട്യൂബ് വഴി ഇലക്ട്രോണിക് ഗെയിം കളിച്ചാണ് പതിനൊന്നുകാരൻ ആത്മഹത്യ ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയതായി റിപ്പോർട്ട്. സൗദിയിലെ ഒരു പ്രവിശ്യയിൽ കഴിഞ്ഞ മാസമാണ് 11 വയസ്സുകാരൻ അലമാരയുടെ വാതിലിൽ ഫോൺ റീ ചാർജ് കേബിൾ കഴുത്തിൽ ബന്ധിച്ച് തൂങ്ങിമരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടായതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണമേറ്റെടുക്കുകയായിരുന്നു.
ഇലക്ട്രോണിക് ഗെയിമുകൾ കാണാൻ കുട്ടി അതീവതൽപരനായിരുന്നുവെന്ന് കണ്ടെത്തിയ അന്വേഷണ വിഭാഗത്തിലെ വിദഗ്ധർ യൂട്യൂബിൽ കുട്ടി സ്ഥിരമായി കളിക്കാറുള്ള ഗെയിമുകൾ നിരീക്ഷിച്ചു. മരണ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ജിന്നുകളുടെ സാന്നിധ്യമുള്ള ചില വീഡിയോകൾ കുട്ടി കണ്ടിരുന്നു. അതോടൊപ്പം അത്തരം മൂന്നു വീഡിയോകൾ ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. ബോബ്ജി അടക്കമുള്ള ഇലക്ട്രോണിക് ഗെയിമുകളും കുട്ടി കാണാറുണ്ടായിരുന്നു. കഴുത്തിൽ കയർ കുടുങ്ങിയാണ് കുട്ടിയുടെ മരണം നടന്നതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.