കോഴിക്കോട്- രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായ സഹചര്യത്തിൽ വിശദീകരണവുമായി മന്ത്രി കെ.ടി ജലീൽ. ട്രോളായിരുന്നു താൻ ഇട്ടതെന്നും ഇതിനെ വംശീയ അധിക്ഷേപം എന്ന നിലയിൽ അവതരിപ്പിക്കുന്നത് ശുദ്ധവിവരക്കേടാണെന്നും ജലീൽ പറഞ്ഞു. തൃത്താല എം.എൽ.എ വി.ടി ബൽറാമിനെ അഴകിയ രാവണൻ എന്ന് പരോക്ഷമായി വിമർശിക്കുകയും ചെയ്തു. അതേസമയം, ജലീലിനെതിരെ ശക്തമായ മറുപടിയുമായി വി.ടി ബൽറാമും രംഗത്തെത്തി. അഴുകിയ ചാണകമായി മാറരുത് മന്ത്രീ എന്നായിരുന്നു ബൽറാമിന്റെ മറുപടി.
കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഞാൻ വംശീയ അധിക്ഷേപം നടത്തിയെന്ന രൂപത്തിൽ ചില പോസ്റ്റുകൾ കാണാൻ ഇടയായി. എന്റെ ഒരു കമന്റിന് ഇമേജായി കൊടുത്ത ഒരു സൈബർ ട്രോളറുടെ നിരുപദ്രവകരവും വിമർശനാത്മകവുമായ ട്രോളിനെ ആസ്പദിച്ചാണ് യു.ഡി.എഫ് സൈബർ പോരാളികൾ രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്ററൊട്ടിപ്പും കൂലിവേലയും പോലെ പവിത്രമാണ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതിനും മലയാളികളെ കിട്ടാത്ത സ്ഥിതിയാണെന്നുമാണ് പ്രസ്തുത ട്രോളിന്റെ രത്‌നച്ചുരുക്കം. ജോലികളും ഉത്തരവാദിത്തങ്ങളും ഇതര സംസ്ഥാനക്കാരെ ഏൽപിച്ച് കയ്യും കെട്ടി ഇരുന്ന് കുഴിമടിയൻമാരാകാൻ തുനിയുന്നതിന് എതിരെയുള്ള ഹാസ്യം തുളുമ്പുന്ന ട്രോളാണ് ഒരു അഖിലലോക കുറ്റമായി അവതരിപ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ 'Moron' കളായ തൃത്താല സിങ്കത്തിന് ഞാനാ ഗണത്തിൽ പെട്ടില്ലങ്കിലല്ലേ അൽഭുതമുള്ളൂ. എല്ലാം തികഞ്ഞൊരു 'അഴകിയ രാവണൻ' നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനം !!!
'ഇസ്ലാമോഫോബിയ' പോലെത്തന്നെ വെറുക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ് 'കമ്മ്യൂണിസ്‌റ്റോഫോബിയ' യും. രണ്ടും അസഹിഷ്ണുതയുടെയും പരദർശന വിദ്വേഷത്തിന്റെയും അടയാളങ്ങളത്രെ. ഈ രണ്ടു ഫോബിയകളും ഒരേ സമയം ഹൃദയത്തിന്റെ ഇടതും വലതും സൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകളും വർണ്ണക്കളർ ഖദർ ധാരികളായ ചില കോൺഗ്രസ്സ് 'ഷോ'വനിസ്റ്റുകളും.
വി.ടി ബൽറാമിന്റെ മറുപടി
ലോകം മുഴുവൻ ദശലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ കൂട്ടക്കൊലകൾക്കും വംശഹത്യകൾക്കും നേതൃത്വം നൽകിയ, അതിലുമെത്രയോ ഇരട്ടി ആളുകളെ സൈബീരയിലേതു പോലുള്ള തടങ്കൽപ്പാളയങ്ങളിലിട്ട് കൊല്ലാക്കൊല ചെയ്ത, വിരുദ്ധാഭിപ്രായങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തിയ, പ്രതിഷേധിക്കുന്നവർക്ക് നേരെ പാറ്റൺ ടാങ്കുകൾ ഓടിച്ച് കയറ്റി ചതച്ചരച്ച, അങ്ങനെയങ്ങനെ ദശാബ്ദങ്ങൾ നീണ്ടു നിന്ന എണ്ണിയാലൊടുങ്ങാത്ത കൊടും ക്രൂരതകളുടെ നേരിട്ടുള്ള അനുഭവങ്ങളുടെ പേരിലാണ് താങ്കളീപ്പറയുന്ന മനോഭാവം കമ്മ്യൂണിസ്റ്റുകളേക്കുറിച്ച് ലോകമെമ്പാടും ഉയർന്നു വന്നത്. അതിന് തുല്യമാണ് ലോകം മുഴുവൻ വംശീയവാദികളും തീവ്രവലതുപക്ഷക്കാരും ഇന്ത്യയിൽ ആർഎസ്എസും കൃത്യമായ വർഗീയ ലക്ഷ്യത്തോടെ ഉയർത്തുന്ന ഇസ്ലാമോഫോബിയ എന്ന് താങ്കളേപ്പോലെ ചരിത്രത്തിൽ ഡോക്റ്ററേറ്റുള്ള ഒരാൾ പറഞ്ഞാൽ അത് ഇസ്ലാമോഫോബിയക്ക് മികച്ച ന്യായീകരണമായി മാറുകയാണെന്ന് തിരിച്ചറിയാൻ താങ്കൾക്ക് സാധിക്കുന്നുണ്ടോ? ഇങ്ങനെ 'അഴുകിയ ചാണക'മായി മാറരുത് ബഹുമാനപ്പെട്ട മന്ത്രീ നിങ്ങൾ.