കൊച്ചി- ആലുവ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ രണ്ടു വർഷമായി സൗജന്യ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന വരാപ്പുഴ മണ്ണംതുരുത്ത് തലക്കെട്ടി വീട്ടിൽ ടി എൽ സെബാസ്റ്റ്യൻ എന്ന വയോധികൻ എറണാകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി പി. രാജീവ് നാട്ടിൽ ഇലക്ഷൻ പര്യടനത്തിന് വരുന്നതും കാത്ത് നിന്നത് വിജയാശംസ നേരിട്ടറിയിക്കാനും വോട്ട് ഉറപ്പു നൽകാനുമായിരുന്നു. സവിശേഷ ദിവസങ്ങളിൽ ആലുവ ഡയാലിസിസ് സെന്ററിൽ എത്താറുള്ള രാജീവിന് അവിടത്തെ സ്ഥിരം സാന്നിധ്യമായ സെബാസ്റ്റ്യൻ ചേട്ടൻ സുപരിചിതനാണ്.
ഇന്നലെ മണ്ണംതുരുത്തിൽ പി രാജീവന് സ്വീകരണം നൽകാനായി കാത്തു നിന്ന സെബാസ്റ്റ്യൻ ചേട്ടനെ കണ്ട് പി രാജീവ് കുശലാന്വേഷണവുമായി അടുത്തെത്തി. പി. രാജീവിനെ വിസ്മയിപ്പിച്ച ഒരു വെളിപ്പെടുത്തൽ അപ്പോഴാണ് സെബാസ്റ്റിയൻ ചേട്ടൻ നടത്തിയത്; അറുപത് വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ് പ്രവർത്തകനായ താൻ ഇപ്പോൾ ഇടതുപക്ഷത്തോടൊപ്പമാണെന്ന്. ഒരു കാലത്ത് മണ്ണംതുരുത്തിലെ സി പി എം പ്രവർത്തകർക്ക് ഭീഷണിയായിരുന്ന തീപ്പാറുന്ന കോൺഗ്രസുകാരനായ സെബാസ്റ്റിയൻ ചേട്ടനെ കടുത്ത ഇടതുപക്ഷ അനുഭാവിയാക്കിയത് പി. രാജീവിന്റെ ഇടപെടലുകൾ തന്നെയായിരുന്നു.
പിന്നീട് വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജനങ്ങളോട് സംസാരിക്കവേ പി രാജീവ് സെബാസ്റ്റ്യൻ ചേട്ടനുമായി ബന്ധപ്പെട്ട അനുഭവം പങ്കുവെച്ചു. ഡയാലിസിസ് സെന്ററിൽ പലവട്ടം അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഏത് രാഷ്ട്രീയക്കാരനാണെന്ന് ഒരിക്കലും അറിയാൻ ശ്രമിച്ചിട്ടില്ല. രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നുമല്ല, അവരുടെ പാവപ്പെട്ടവരുടെ ക്ഷേമം മാത്രമാണ് ഇത്തരം വികസന പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ പരിഗണിക്കുന്നത്. സെബാസ്റ്റ്യൻ ചേട്ടൻ കോൺഗ്രസുകാരനായിരുന്നുവെന്നും ഇപ്പോൾ ഇടതുപക്ഷത്തോടൊപ്പമാണെന്നും സ്വീകരണ ചടങ്ങിൽ വെച്ചാണ് മനസ്സിലാകുന്നത് -പി. രാജീവ് ചൂണ്ടിക്കാട്ടി.