Sorry, you need to enable JavaScript to visit this website.

ആരുടെ വികസനത്തെക്കുറിച്ചാണ്  നിങ്ങൾ സംസാരിക്കുന്നത്?

പ്രിയ

പാലക്കാട് - പത്തൊമ്പതുകാരിയായ കെ.എം. പ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പലർക്കും ഉണ്ടായിരുന്നു. വോട്ടവകാശം ഉപയോഗിക്കണമെന്നാണ് എല്ലാവരും മലപ്പുറം ഗവൺമെന്റ് കോളേജിൽ ഒന്നാം വർഷ സാമ്പത്തിക ശാസ്ത്ര ബിരുദ വിദ്യാർഥിനിയായ പ്രിയയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കൊല്ലത്തെ വോട്ട് ബഹിഷ്‌കരണം ഈ യുവതിക്ക് പ്രതിഷേധ പ്രകടനമാണ്. ഒരു കൊല്ലം മുമ്പ് പരിഷ്‌കൃത സമൂഹം തന്റെ കുടുംബത്തോടും വർഗത്തോടും ചെയ്ത ക്രൂരതയോടുള്ള പ്രതിഷേധം.
അട്ടപ്പാടി കടുകുമണ്ണ ഊരിലെ പ്രിയയെ അധികമാരും അറിയാനിടയില്ല. പക്ഷേ അടുത്ത ഒരു ബന്ധുവിന്റെ പേര് കേരളത്തിലാരും മറന്നിട്ടുണ്ടാവില്ല. ഒരു വർഷം മുമ്പാണ്. കൃത്യം പറഞ്ഞാൽ 2018 ഫെബ്രുവരിയിൽ. മോഷണക്കുറ്റമാരോപിച്ച് അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മധു എന്ന ആദിവാസി യുവാവിന്റെ മാതൃസഹോദരീ പുത്രിയാണ് പ്രിയ. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം തങ്ങളോട് ക്രൂരമായ അനീതിയാണ് കാണിച്ചതെന്ന് ഈ യുവതി ഉറച്ചു വിശ്വസിക്കുന്നു. അവരിപ്പോഴും സംസാരിക്കുന്നത് വികസനത്തെക്കുറിച്ചാണ്. ആരുടെ വികസനം? എന്തു വികസനം? 
അട്ടപ്പാടി ആദിവാസിയൂരുകളിലെ പ്രധാന പ്രശ്‌നം ദാരിദ്ര്യമല്ല. ചൂഷണമാണ്. അതിന് ഒരു അറുതിയും വരുന്നില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ എല്ലാവരും മത്സരിച്ച് ഓടിവരും. മാധ്യമങ്ങളുടെ ശ്രദ്ധ മറ്റെന്തെങ്കിലും വിഷയത്തിലേക്ക് കടന്നാൽ എല്ലാവരും ഞങ്ങളെ മറക്കും -പ്രിയക്ക് രോഷം അടക്കാനാവുന്നില്ല. സഹോദരന്റെ ദുരന്തം ഏൽപിച്ച ആഘാതത്തിൽനിന്ന് കടുകുമണ്ണ ഊര് ഇനിയും മോചനം നേടിയിട്ടില്ലെന്ന് അവർ പറയുന്നു. 
പ്രിയയുടേത് ഒറ്റപ്പെട്ട ശബ്ദം ആണെന്ന് പറയാനാവില്ല. ആദിവാസികൾക്കിടയിൽ വിദ്യാഭ്യാസം ലഭിച്ചവർ ഇപ്പോൾ തങ്ങളുടെ ജനത നേരിടുന്ന ചൂഷണത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. അമ്പതിനായിരത്തോളം വരുന്ന അട്ടപ്പാടിയിലെ ജനസംഖ്യയിൽ പകുതി ആദിവാസികളാണ്. ആദിവാസികളുടേയും കുടിയേറ്റക്കാരുടേയും താൽപര്യങ്ങൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ കൂടുതൽ സംഘടിതരായ കുടിയേറ്റക്കാർക്കൊപ്പം നിലയുറപ്പിക്കുക എന്നതാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ഫലപ്രദമായി പയറ്റുന്ന തന്ത്രം. അത് എത്രകാലം തുടരാനാവുമെന്നതിലേക്കാണ് പ്രിയയെപ്പോലുള്ള അഭ്യസ്തവിദ്യരുടെ നിലപാടുകൾ വിരൽ ചൂണ്ടുന്നത്. 

 

Latest News