രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം എന്ന ആശയം ആദ്യമായി പൊതു ഇടത്തിൽ പരസ്യമായി പറഞ്ഞത് വി.ടി. ബൽറാം എം.എൽ.എയായിരുന്നു. മാർച്ച് 18 ന് ബലറാമിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധികൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വെക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.
ബൽറാം അതു പറഞ്ഞ് നാലഞ്ചു ദിവസങ്ങൾക്കിപ്പുറം കാര്യങ്ങൾ മറ്റൊരു ഘട്ടത്തിലെത്തിയിരിക്കുന്നു. വലിയ ആവേശത്തോടെയാണ് കോൺഗ്രസ് മനസ്സുകളും യു.ഡി.എഫ് പക്ഷവും ആ നിർദേശത്തെ വരവേറ്റത്. കോൺഗ്രസുകാരുടെ വികാരമത്രയും ആ പാർട്ടിയുടെ മുഖപത്രമായ 'വീക്ഷണം' പ്രത്യേക ഒന്നാം പേജിൽ രാഹുൽ ഗാന്ധിയുടെ മുഴു നീള ചിത്രം നൽകി പ്രസിദ്ധീകരിച്ച വരികൾ വെളിവാക്കുന്നുണ്ട്. സ്വാഗതം സാരഥേ... എന്ന സ്‌നേഹാവേശം തുളുമ്പുന്ന വരവേൽപ് പദത്തിലാണവർ പാർട്ടി അധ്യക്ഷനെ വയനാട്ടിലേക്ക് വിളിക്കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കെ.പി.സി.സിയുടെ അഭ്യർഥനയും അതിനോടുള്ള കോൺഗ്രസ് ഹൈക്കമാന്റിന്റെ ക്രിയാത്മക പ്രതികരണവും ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും കേരളത്തിലെ രാഷ്ട്രീയ ശാക്തിക ചേരികളിലും വൻ മാറ്റങ്ങളാണ് സൃഷ്ടിക്കുകയെന്നാണ് പത്രം അതിന്റെ ഒന്നാം പേജ് മുഖപ്രസംഗത്തിൽ എടുത്തു പറയുന്നത്. രാഹുൽ ഗാന്ധിയുടെ വരവോടെ 1977 ൽ നേടിയതിന് തുല്യമായ തെരഞ്ഞെടുപ്പ് വിജയമാണ് കോൺഗ്രസ് മുഖപത്രം പ്രവചിക്കുന്നത്. അന്ന് കേരളത്തിൽ 20 സീറ്റും യു.ഡി.എഫിനായിരുന്നു.
കോൺഗ്രസ് നേതൃത്വവും വലിയ ആവേശത്തിലാണ് വാർത്തയെ വരവേറ്റത്. യു.ഡി.എഫ് ഘടക കക്ഷികളും സഹചാരികളും ആഹ്ലാദ കൊടുമുടി കയറി.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന വിവരത്തിന്റെ പൊട്ടും പൊടിയും അന്തരീക്ഷത്തിൽ കണ്ടയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ച ചോദ്യത്തിലെ രാഷ്ട്രീയത്തിന് നല്ല മൂർച്ചയുണ്ടായിരുന്നു. ഇത് നൽകുന്ന സന്ദേശം എന്താണ് എന്നൊന്ന് ആലോചിക്കണമായിരുന്നുവെന്നാണ് ഇത്തിരി അസ്വസ്ഥമായ മുഖഭാവത്തോടെ മുഖ്യമന്ത്രി പറഞ്ഞത്. സംഘ് പരിവാർ മുന്നേറ്റത്തിനെതിരെ പ്രതിപക്ഷ ഐക്യനിര എന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തേട്ടത്തിനല്ലേ ഇതുവഴി കോട്ടം തട്ടുന്നതെന്ന ആത്മാർഥമായ ആശങ്കയിൽനിന്നാണോ സി.പി.എമ്മിന്റെ ദേശീയ നേതൃനിരയിലുമുള്ള പിണറായി വിജയന്റെ ഈ വാക്കുകൾ? അല്ലെന്നാണ് കോൺഗ്രസ് ബന്ധക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ പാർട്ടി സ്വീകരിച്ച സമീപകാല നിലപാടുകൾ പോലും അനുഭവ സാക്ഷ്യം തരുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നയിച്ച കേരള ഘടകവും സീതാറാം യെച്ചൂരിയും തമ്മിൽ നടന്ന പൊരിഞ്ഞ പോരിന്റെ ചൂടിപ്പോഴും അന്തരീക്ഷത്തിൽ തന്നെയുണ്ട്. യെച്ചൂരിയിപ്പോൾ രാജ്യസഭ എം.പിയല്ലാതാക്കിയതിന്റെ കാരണമൊക്കെ അന്വോഷിച്ചു പോയാൽ അതൊക്കെ സി.പി.എമ്മിന്റെ കോൺഗ്രസ് ബന്ധരാഷ്ട്രീയ തർക്കത്തിൽ ചെന്നെത്തും. വയനാട് സീറ്റിൽ മത്സര രംഗത്തുള്ള പി.പി. സുനീറിന്റെ പാർട്ടിയുമായി ഈ വിഷയത്തിൽ നടന്ന പോരിന്റെ കാര്യം അവരും ഇപ്പോൾ മറക്കാനായിരിക്കാം ആഗ്രഹിക്കുന്നത്.
തൊട്ടുടനെ രംഗത്ത് വന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാഹുലിന്റെ വരവിനെ ഇടതു തെരഞ്ഞെടുപ്പ് വിജയം എളുപ്പമാക്കുമെന്നാണ് കണ്ടെത്തിയത്. കാരണം കോൺഗ്രസുകാരെല്ലാം രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കാര്യത്തിൽ മുഴുകും. അങ്ങനെ വരുമ്പോൾ മറ്റ് സ്ഥലങ്ങളിൽ എൽ.ഡി.എഫിന് എളുപ്പം ജയിച്ചു കയറാം എന്നതാണ് കോടിയേരിയുടെ യുക്തി! ശരിക്കും മലർപൊടിക്കാരന്റെ സ്വപ്‌നം എന്ന് ഈ നിരീക്ഷണത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചു കഴിഞ്ഞു.
ഇതൊക്കെ കഴിഞ്ഞപ്പോഴാണ് വയനാട്ടിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി സമ്മതം മൂളി എന്നത് വ്യാജ പ്രചാരണം മാത്രമാണെന്ന പരസ്യ നിലപാടുമായി എ.ഐ.സി.സി സെക്രട്ടറി പി.സി. ചാക്കോ രംഗത്തെത്തിയിരിക്കുന്നത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യം തീരുമാനമായിട്ടില്ലെന്ന ചാക്കോയുടെ വാക്കുകൾ എന്തുതരം വികാരമായിരിക്കും പാർട്ടി പ്രവർത്തകരിൽ ഉണ്ടാക്കിയിട്ടുണ്ടാവുക എന്നാലോചിക്കാവുന്നതെയുള്ളൂ. വയനാട്ടിൽ മത്സരിക്കുമെന്ന് രാഹുൽ പറഞ്ഞിട്ടില്ലെന്ന് ഹരജിപ്പുറത്ത് തന്നെ മറുപടിയെഴുതിയ ചാക്കോയുടെ ലക്ഷ്യം അദ്ദേഹം ഇപ്പോഴും നേതാവായ കോൺഗ്രസിന്റെ നല്ലതിനല്ലെന്നറിയാൻ വലിയ ആലോചനയൊന്നും ആവശ്യമില്ല.
രാഹുൽ അനുകൂലമായി പ്രതികരിച്ചു എന്നൊക്കെ നേതാക്കൾ പ്രസ്താവന നടത്തുന്നത് ശരിയല്ല. അദ്ദേഹം സമ്മതം മൂളി എന്നത് വ്യാജ പ്രചാരണമാണെന്നാണ് ചാക്കോ ആവേശത്തോടെ നിഷേധിക്കുന്നത്. നുണപ്രചാരണം നടത്തുന്നത് ആരാണെന്ന് അറിയില്ല.
രാഹുലിനെ സമ്മർദത്തിലാക്കി സ്ഥാനാർഥിയാക്കാമെന്ന് കരുതരുത് എന്നൊക്കെ താക്കീത് നൽകുന്നുമുണ്ട് മുതിർന്ന നേതാവായ ചാക്കോ.
കേരളത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയം ഗ്രൂപ്പടി സ്ഥാനത്തിലാണ് നടന്നതെന്നും ചാക്കോ പരിതപിച്ചിട്ടുണ്ട്. സ്ഥാനാർഥിത്വം ഗ്രൂപ്പുകൾ പങ്കിട്ടു, മുതിർന്ന നേതാക്കളാണ് ഗ്രൂപ്പ് കളിക്ക് നേതൃത്വം നൽകുന്നതെന്നും അതൊക്കെ എന്തോ പുതിയ കാര്യമാണെന്ന മട്ടിലാണ് ചാക്കോ അവതരിപ്പിക്കുന്നത്.
ഏതായാലും വി.ടി. ബൽറാം എന്ന കോൺഗ്രസ് പോരാളി നാലഞ്ച് നവ മാധ്യമ വരികളിൽ തുടക്കമിട്ട 'രാഹുൽ ഗാന്ധി വയനാട്ടിൽ വരണം' എന്ന സന്ദേശം ഇപ്പോൾ എല്ലാ അതിരുകളും കടന്ന് കോൺഗ്രസിന്റെയും സഹചാരികളുടെയും ആവേശമായും എതിരാളികളുടെ ആശങ്കയായും മാറിയെന്നതാണ് സത്യം. പി.സി. ചാക്കോയെപ്പോലുള്ളവരെ ഏത് ഗണത്തിൽ പെടുത്തണമെന്ന് തീരുമാനിക്കാൻ ചാക്കോ ഇപ്പോഴും നേതാവായ കോൺഗ്രസിനേ കഴിയൂ.