അബുദാബി- ശക്തമായ പൊടിക്കാറ്റും ചാറ്റല്‍ മഴയും യു.എ.ഇയില്‍ ജനജീവിതം സ്തംഭിപ്പിച്ചു. മഴയില്‍ അന്തരീക്ഷം മൂടിക്കെട്ടിയതോടെ ദൃശ്യക്ഷമത കുറഞ്ഞത് ഗതാഗതം താറുമാറാക്കി. നിര്‍മാണ തൊഴിലാളികളടക്കം പുറത്തു ജോലിയെടുക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടിയത്.
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കാനിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നു മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി. അബുദാബി, ദുബായ്, ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ എമിറേറ്റുകളിലെ ചില ഭാഗങ്ങളില്‍ ഇന്നലെ ചാറ്റല്‍ മഴയുണ്ടായി.
റാസല്‍ഖൈമയില്‍ ആറുനിലയുള്ള പഴയ കെട്ടിടം ഇടിഞ്ഞുവീണു. ഒട്ടേറെ വാഹനാപകടങ്ങളുമുണ്ടായി. ആളപായമില്ല. ചൊവ്വാഴ്ച വരെ ഇതേ കാലാവസ്ഥ തുടരുമെന്നും വരും ദിവസങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും ഇടിമിന്നലിന്റെ അകമ്പടിയോടെയുള്ള മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
കാലാവസ്ഥ മോശമായ സന്ദര്‍ഭങ്ങളില്‍ പരമാവധി വേഗപരിധി 80 കിലോമീറ്ററായിരിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചിട്ടുണ്ട്.