ദുബായ്- ക്രിസ്റ്റീസ് ലേലത്തിന് ദുബായില്‍ കൊടിയിറങ്ങിയപ്പോള്‍ അപൂര്‍വ വാച്ചുകളെയെല്ലാം പിന്തള്ളി ഗദ്ദാഫിയുടെ വാച്ച് താരമായി. ലിബിയന്‍ ഭരണാധികാരിയായിരുന്ന കേണല്‍ മുഅമ്മര്‍ ഗദ്ദാഫിക്ക് വേണ്ടി പാറ്റെക് ഫിലിപ്പി 1979 ല്‍ ഇറക്കിയ വാച്ച് 711,000 ദിര്‍ഹത്തിനാണ് വിറ്റുപോയത്.
18 കാരറ്റ് സ്വര്‍ണ വാച്ചിന് 25000 ഡോളറാണ് ക്രിസ്റ്റിസ് അടിസ്ഥാന വില നിശ്ചയിച്ചത്. എന്നാല്‍ വിറ്റതാകട്ടെ അതിന്റെ 675 ശതമാനം കൂടുതല്‍ വിലയ്ക്ക്.
വിറ്റവരോ വാങ്ങിയവരോ ആരാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇളം പച്ച ഡയലില്‍ അറബിയില്‍
ഒരു ആപ്തവാക്യവും ഗദ്ദാഫിയുടെ ഒപ്പുമുള്ള വാച്ചാണിത്.
സമാനമായ രണ്ട് വാച്ചുകള്‍കൂടി പാറ്റെക് ഫിലിപ്പി ഇറക്കിയിട്ടുണ്ട്. 1978 ല്‍ ലിബിയന്‍ ലേബര്‍ ഡേ ആഘോഷഭാഗമായാണ് ഈ വാച്ചുകള്‍ നിര്‍മിച്ചത്. രണ്ടു വാച്ചുകളും ഗദ്ദാഫി അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്ക് സമ്മാനിച്ചതായാണ് വിവരം.
ചരിത്രപ്രാധാന്യമുള്ള മറ്റ് നിരവധി വാച്ചുകളും ലേലത്തിനുണ്ടായിരുന്നെങ്കിലും പ്രവചനങ്ങളെല്ലാം പിന്തള്ളി ഗദ്ദാഫിയുടെ വാച്ച് വിറ്റുപോവുകയായിരുന്നു.