കുവൈത്ത് സിറ്റി- ബ്യൂട്ടിഷ്യന്‍ തസ്തിക വാഗ്ദാനം നല്‍കി ഗാര്‍ഹിക തൊഴില്‍ വിസയില്‍ കുവൈത്തിലെത്തിയ വര്‍ക്കല സ്വദേശി സരിത, ചിറയിന്‍കീഴ് സ്വദേശി റെജിമോള്‍ എന്നിവര്‍ ഏറെ നാളത്തെ പീഡാനുഭവത്തിന് ശേഷം സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തി.
കഴിഞ്ഞ ദിവസം കുവൈത്തില്‍നിന്ന് ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് ഇരുവരും തിരുവനന്തപുരത്തേക്ക് പോയത്.
ഇവരുടെ പരിചയക്കാരനായ കുമാര്‍ എന്നയാള്‍ നല്‍കിയ വിസയിലാണ് ഇരുവരും കുവൈത്തിലെത്തിയത്. എന്നാല്‍ പറഞ്ഞ ജോലിയല്ല കിട്ടിയത്. ബ്യൂട്ടീഷനായി എത്തിയവര്‍ക്ക് തൊഴിലുടമ നല്‍കിയത് വീട്ടുജോലി. ഒപ്പം പീഡനവും.
സരിത സാമൂഹിക മാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോ വഴിയാണ് ഇവരുടെ ദുരിത കഥ പുറത്തുവന്നത്. തങ്ങളെ കുവൈത്തിലെത്തിച്ച കുമാര്‍ ഇടപെടുന്നില്ലെന്നും ചതിക്കുകയായിരുന്നെന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ ഇവരെ രക്ഷിക്കാന്‍ കുമാര്‍ പരമാവധി ശ്രമിച്ചതായും എന്നാല്‍ സ്‌പോണ്‍സര്‍ അയാളെയും മര്‍ദിക്കുകയായികുന്നെന്നും തെറ്റിധാരണ മൂലമാണ് കുമാറിനെതിരെ വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇരുവരും പറഞ്ഞു.
ഭക്ഷണം തരാതെയും ശാരീരികമായി പീഡിപ്പിച്ചുമാണ് സ്‌പോണ്‍സര്‍ ഇവരെ കൈകാര്യം ചെയ്തത്. സരിതക്കാണ് കൂടുതല്‍ പീഡനമേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച റെജിമോളും സ്‌പോണ്‍സറുടെ മര്‍ദനമേറ്റു. തങ്ങളുടെ കുടുംബവും സുഹൃത്തുക്കളും എംബസി അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നും ഇവര്‍ പറഞ്ഞു.
ബഷീര്‍ ഉദിനൂര്‍, മുബാറക് കാമ്പ്രത്ത്, യൂത്ത് ഇന്ത്യ വളണ്ടിയര്‍ നസീര്‍ പാലക്കാട് എന്നിവര്‍ സുര്‍റയില്‍ സ്‌പോണ്‍സറുടെ വീട്ടിലെത്തി നടത്തിയ ചര്‍ച്ചയിലാണ് അവരുടെ മോചനം സാധ്യമായത്.