ജിദ്ദ- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം ഗുണത്തേക്കാളേറെ ദോഷമായിരിക്കും കോണ്‍ഗ്രസിനുണ്ടാക്കുകയെന്ന് സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ അഭിപ്രായപ്പെട്ടു.
രാഹുലിന്റെ സാന്നിധ്യം കേരളത്തിലും ഒരു പരിധി വരെ കര്‍ണാടകയിലും പ്രതിഫലനം ഉണ്ടാക്കിയേക്കാം. പക്ഷേ രാഹുലിന്റെ പ്രസക്തിയും ആവശ്യവും സാന്നിധ്യവും ഉത്തരേന്ത്യയിലാണ് വേണ്ടതെന്നും അവിടെ നിന്നു മാറിനില്‍ക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ ഹാരിസ് പറഞ്ഞു. കുടുംബ സമേതം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു അദ്ദേഹം.
രാഹുല്‍ കേരളത്തിലെത്തി വയനാട്ടില്‍ മത്സരിക്കുമ്പോള്‍ അമേത്തിയിലെ പരാജയ ഭീതി കൊണ്ടാണെന്ന സംശയം ജനങ്ങളിലുണ്ടാക്കും. ഇതു ബി.ജെ.പി മുതലെടുക്കും. മോഡിയോട് കിട പിടിക്കാവുന്ന കോണ്‍ഗ്രസിലെ ഏക നേതാവാണ് രാഹുല്‍ ഗാന്ധി. മുഖത്തോട് മുഖം നോക്കി പ്രധാനമന്ത്രി മോഡിയുടെ അഴിമതി വിളിച്ചു പറയാനും കള്ളനെന്നു പറയാനുമുള്ള തന്റേടം കോണ്‍ഗ്രസില്‍ രാഹുലിനു മാത്രമാണ്. അതുകൊണ്ടു തന്നെ ഉത്തരേന്ത്യയില്‍ രാഹുലിന്റെ സജീവ സാന്നിധ്യം ആവശ്യമാണ്. ദക്ഷിണേന്ത്യ കേന്ദ്രീകരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ക്ഷയമാണ് കാണിക്കുന്നതെന്ന പ്രചാരണമായിരിക്കും ബി.ജെ.പി നടത്തുക.
കേരളത്തില്‍ യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും ജയിച്ചാല്‍ അതിന്റെ നേട്ടം യു.പി.എക്കുണ്ടാകും. അതുകൊണ്ടു തന്നെ കേരളത്തിലെ 20 സീറ്റും തങ്ങള്‍ക്ക് അനുകൂലമായിരിക്കുമെന്ന് വേണമെങ്കില്‍ കോണ്‍ഗ്രസിന് കണക്കുകൂട്ടാം. അതുകൊണ്ടു തന്നെ കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യവും രാഹുലിനില്ല. കൂടുതല്‍ സമയം ചെലവഴിച്ച് പ്രചാരണ രംഗത്തുണ്ടാവേണ്ടത് ഉത്തരേന്ത്യയില്‍ തന്നെയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ജനങ്ങളില്‍ പ്രതീക്ഷ ഉണ്ടാക്കാനും ആത്മവിശ്വാസം വളര്‍ത്താനും അതായിരിക്കും നല്ലതെന്ന് ഹാരിസ് ബീരാന്‍ പറഞ്ഞു.