കാസര്‍കോട്- രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതക കേസില്‍ 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (സെക്കന്‍ഡ്) കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം വേഗത്തില്‍ നല്‍കാനും ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ടു പിന്നീട് കൂടുതല്‍ അറസ്റ്റ് ഉണ്ടാവുകയാണെങ്കില്‍ അവര്‍ക്കെതിരെ അഡീഷണല്‍ കുറ്റപത്രം നല്‍കാമെന്നുമുള്ള ഉദ്ദേശ്യത്തിലാണ് അന്വേഷണ സംഘം. കോണ്‍ഗ്രസും യു.ഡി.എഫും സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടുകയും ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് കുറ്റപത്രം വേഗത്തില്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
കൊലപാതക കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് പ്രവര്‍ത്തിച്ചതെന്ന സന്ദേശം നല്‍കാനും കൂടിയാണ് കുറ്റപത്രം തയാറാക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു, മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എം.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഇതുവരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുന്നത് സംബന്ധിച്ച ആലോചനകള്‍ തുടങ്ങിയത്. മുഖ്യപ്രതി സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍, കല്യോട്ട് എച്ചിലടുക്കത്തെ ഡ്രൈവര്‍ സജി ജോര്‍ജ്, പെരിയ കല്യോട്ട് എച്ചിലടുക്കം സ്വദേശി കെ.എം സുരേഷ് (27), എച്ചിലടുക്കത്തെ കെ.അനില്‍കുമാര്‍ എന്ന അമ്പു (33), ബേഡകം കുണ്ടംകുഴിയിലെ എ.അശ്വിന്‍ എന്ന അപ്പു (18), കല്യോട്ടെ ശ്രീരാഗ് എന്ന കുട്ടു (22), കല്യോട്ടെ ജി.ഗിജിന്‍ (26) എന്നിവരെയാണ് ആദ്യം കേസ് അന്വേഷിച്ചിരുന്ന ലോക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പെരിയ തന്നിത്തോട്ടെ എ.മുരളി (36), പെരിയ കണ്ണോത്ത് താനിത്തിങ്കലില്‍ സി.രഞ്ജിത്ത് എന്ന അപ്പു (24) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കൊലയില്‍ നേരിട്ട് പങ്കെടുത്തവര്‍ എന്ന നിലയിലാണ് ലോക്കല്‍ പോലീസ് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കാറില്‍ രക്ഷപ്പെടുത്തിയതിനും ഫോണ്‍ വിളിച്ചു കൊല്ലപ്പെട്ട യുവാക്കളെ കാണിച്ചു കൊടുത്തതിനുമാണ് മുരളിയേയും രഞ്ജിത്തിനെയും ക്രൈംബ്രാഞ്ച് പിടികൂടിയത്. രഞ്ജിത്തിനെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയത്. ഇവരില്‍നിന്ന് പിടിച്ചെടുത്ത വാഹനങ്ങള്‍, കണ്ടെടുത്ത ആയുധങ്ങള്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകള്‍, പ്രതികള്‍ തമ്മിലുള്ള ഫോണ്‍ വിളികളുടെ വിവരങ്ങള്‍, മറ്റു ശാസ്ത്രീയ തെളിവുകള്‍, പ്രതികളുടെ മൊഴികള്‍, സാക്ഷി മൊഴികള്‍ എന്നിവയും കുറ്റപത്രത്തോടൊപ്പം ഹാജരാക്കും.
യുവാക്കളുടെ കൊലപാതകം വ്യക്തിപരമായ വിരോധത്തിന്റെ പേരിലാണെന്ന് കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയേക്കും. അറസ്റ്റിലായ പ്രതികളില്‍ പലര്‍ക്കും കൊല്ലപ്പെട്ട യുവാക്കളുമായി വ്യക്തിവിരോധം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം കണ്ടെടുത്ത മാരകായുധങ്ങള്‍ പോലീസ് സര്‍ജന്‍ പരിശോധിക്കണമെന്ന് കോടതി. കല്യോട്ട് നിന്നും അന്വേഷണ സംഘം ബന്തവസിലെടുത്ത വടിവാള്‍, കത്തി, ഇരുമ്പ് ദണ്ഡ് എന്നിവ പോലീസ് സര്‍ജന്‍ പരിശോധിക്കണമെന്നാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (സെക്കന്‍ഡ്) വിദ്യാധരന്‍ പെരുമ്പള ഉത്തരവിട്ടത്. കോടതി ജൂനിയര്‍ സൂപ്രണ്ട്, പ്രതിഭാഗം അഭിഭാഷകന്‍, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരുടെ സാന്നിധ്യത്തിലാകണം പരിശോധന എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.