Sorry, you need to enable JavaScript to visit this website.

ശശി തരൂരിനെ കണ്ട ശേഷം ശ്രീശാന്തിന് എന്തു സംഭവിച്ചു

തിരുവനന്തപുരം- ക്രിക്കറ്റ് താരം ശ്രീശാന്ത് ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്നും സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗത്തിലാണ് ഇന്ന് രാവിലെ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ കൂടി ഇക്കാര്യം വര്‍ത്തയായതോടെ കൂടുതല്‍ സ്വീകാര്യതയും കൈവന്നു. ശശി തരൂര്‍ ശ്രീശാന്തിനെ ത്രിവര്‍ണ ഷാള്‍ അണിയിക്കുന്ന ഫോട്ടോകളും പ്രചരിച്ചിരുന്നു.
ഒടുവില്‍ താന്‍ ബിജെപി വിട്ടെന്നും അതുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന വിശദീകരണവുമായി ശ്രീശാന്തിന് രംഗത്തുവരേണ്ടി വന്നു. ട്വിറ്റര്‍ വഴിയും ശ്രീശാന്ത് കാര്യങ്ങള്‍ വിശദീകരിച്ചു.  നേരത്തെ ബി.ജെ,പിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത് ആ ബന്ധത്തില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ്  ശ്രീശാന്ത് വ്യക്തമാക്കിയത്.
ഒത്തുകളി വിവാദത്തിലുണ്ടായിരുന്ന വിലക്ക് നീക്കാന്‍ ഏറെ സഹായങ്ങള്‍ ചെയ്തതിന് നന്ദി പറയാനാണ് താന്‍ ശശി തരൂരിനെ കണ്ടതെന്നും അദ്ദേഹത്തിനു വിജയാശംസ നേര്‍ന്നത് സ്വാഭാവികമാണെന്നും ശ്രീശാന്ത് പറഞ്ഞു.
ഒരു പാര്‍ട്ടിയിലും ഇതുവരെ ചേര്‍ന്നിട്ടില്ല. എവിടെ നിന്നും വിട്ടുപോയിട്ടുമില്ല. സജീവ രാഷ്ട്രീയം ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തില്‍ കായികരംഗത്ത് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ആലോചനയെന്നും ശ്രീശാന്ത് പറഞ്ഞു.

ഐ.പി.എല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിംകോടതി നീക്കിയതിന് പിന്നാലെ ശ്രീശാന്ത് ശശി തരൂര്‍ എംപിയെ കണ്ടിരുന്നു.  വെള്ളിയാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച.
ബി.ജെ.പിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തരൂരിനോട് ശ്രീശാന്ത് പറഞ്ഞതായും മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്നും താനും  കുടുംബവും ബി.ജെ.പിക്കൊപ്പമാണെന്നും ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

 

Latest News