കോട്ടയം - തെരഞ്ഞെടുപ്പ് കൗതുകമായി കെട്ടുവെള്ളം. കെട്ടുവള്ളങ്ങളുടെ നാടായ അപ്പർകുട്ടനാട്ടിൽ കെട്ടുവള്ളത്തിന്റെ മാതൃകയിൽ തെരഞ്ഞെടുപ്പ് ഓഫീസ് തുറന്നത്. അപ്പർ കുട്ടനാട്ടിൽപ്പെട്ട അയ്മനം പഞ്ചായത്തിലെ കല്ലുമടയിലെ മീനച്ചിലാറിന്റെ കൈവഴിയുടെ ഓരത്താണ് കരയിൽ കയറ്റിവച്ച കെട്ടുവള്ളത്തിൽ ബൂത്ത് കമ്മറ്റി ഓഫീസ്. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി വി.എൻ വാസവന്റെ പ്രചാരണാർഥമാണ് ഇത്തരത്തിലുളള ഓഫീസ്.
കെട്ടുവള്ളത്തിന്റെ രണ്ടാം നിലയിലാണ് ഓഫീസ്. രാത്രിയിൽ വൈദ്യുതിവിളക്കുകൾ തെളിയുമ്പോൾ കരയ്ക്ക് കെട്ടുവള്ളം ഇരിക്കുന്ന അതേ പ്രതീതിയാണ്. രണ്ടു ദിവസം മുമ്പാണ് ഓഫീസ് തുറന്നത്. ബൂത്ത് ഓഫീസ് തുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ഇത്തരത്തിലുളള ആശയം കടന്നുവന്നത്. പുതുമയുളള ഓഫീസായിരിക്കണമെന്നാണ് യോഗത്തിൽ അഭിപ്രായം ഉയർന്നത്. ഇതോടെയാണ് പ്രാദേശിക പാർട്ടി പ്രവർത്തകർ കെട്ടുവള്ളത്തിലെ ഓഫീസ് എന്ന ആശയം മുന്നോട്ടുവച്ചത്. തുടർന്ന് കല്ലുമട പഴയ പാലത്തിന് സമീപം കെട്ടുവള്ളത്തിന്റെ രീതിയിൽ ഓഫീസ് പണിയുകയായിരുന്നു.
അപ്പർ കുട്ടനാടിന്റെ ഭാഗമായ കുമരകത്തെ ടൂറിസം ഗ്രാമമെന്ന ആശയം പ്രതിഫലിപ്പിക്കുന്നതിന് കൂടിയാണ് ഇത്തരത്തിലുളള ഓഫീസ് തുറന്നത്. കല്ലുമടയിലെ പുതിയ പാലത്തിന് താഴെയാണ് ഓഫീസ്. വാഹനങ്ങളിലൂടെ കടന്നുപോകുന്നവർ പാതയോരത്ത് നിർത്തി ഓഫീസ് കൗതുകത്തോടെ വീക്ഷിക്കുന്നുണ്ട്. കെട്ടുവള്ളത്തിന്റെ രണ്ടാം നിലയിലെ ഓഫീസിന് മുന്നിൽ സ്റ്റിയറിംഗും അതിനോട് ചേർന്ന് ഡ്രൈവിംഗ് സീറ്റും ക്രമീകരിച്ചിട്ടുണ്ട്. പകൽസമയത്ത് ഓഫീസ് വിജനമാണെങ്കിലും സന്ധ്യയോടെ സജീവമാകും. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ വസതിയിലേക്കുളള കുറുക്കുവഴിയുടെ സമീപത്താണ് ഈ ഓഫീസ് എന്നതാണ് മറ്റൊരു വിശേഷം.