കോട്ടയം - ലോക്‌സഭാ സീറ്റ് നിർണയത്തിൽ എ ഗ്രൂപ്പിന് മുന്നിൽ അടിയറ പറഞ്ഞതിൽ കോൺഗ്രസ് ഐ ഗ്രൂപ്പിൽ അമർഷം പുകയുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെയാണ് കടുത്ത പ്രതിഷേധം. വയനാട് സീറ്റ് എ ഗ്രൂപ്പിന് വിട്ടതിലാണ് പ്രതിഷേധം കത്തുന്നത്. വയനാട് പോലെ ഒരു യു.ഡി.എഫ് മേധാവിത്വ മണ്ഡലം ഉമ്മൻ ചാണ്ടിയുടെ കൈകളിലേക്ക് വെച്ചുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. സംസ്ഥാനത്ത് പലയിടത്തും ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രഹസ്യയോഗം ചേരുകയും ചെയ്തു.
സീറ്റ് നിർണയ ചർച്ചകളിൽ എ ഗ്രൂപ്പിന്റെ അപ്രമാദിത്തമായിരുന്നുവെന്നാണ് ഐ ക്യാമ്പിന്റെ വിമർശനം. ഐ ഗ്രൂപ്പിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചിട്ടും സീറ്റ് നേടിയെടുക്കുന്നതിൽ പരാജയമായിരുന്നുവെന്നാണ് പൊതുവിമർശനം. വയനാടിനായി എ, ഐ ഗ്രൂപ്പുകൾ മത്സരിക്കുകയായിരുന്നു. രമേശ് ചെന്നിത്തലും ഉമ്മൻ ചാണ്ടിയുമായി ഇക്കാര്യത്തിൽ ഭിന്നതയുണ്ടായി. ഇതോടെയാണ് ചർച്ച വഴിമുട്ടിയത്. ആദ്യം ഉമ്മൻചാണ്ടി കേരളത്തിലേക്ക് പോന്നു. തിരിച്ചെത്തിയശേഷം സമ്മർദം മുറുകിയതോടെ ഐ ഗ്രൂപ്പിന് പിടിച്ചുനിൽക്കാൻ കഴിയാതെയായി. ഇതോടെയാണ് ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥികളെ മനസില്ലാമനസോടെ അംഗീകരിച്ചത്.
കെ.സി വേണുഗോപാൽ മത്സര രംഗത്ത് നിന്ന് തൽക്കാലത്തേക്ക് മാറിയത് ഭാവിയിലെ വിശാല ലക്ഷ്യം മുന്നിൽ കണ്ടാണെന്ന സൂചന ഐ ഗ്രൂപ്പിന് ലഭിച്ചിരുന്നു. കേരളത്തിലെ ഭരണ സാരഥ്യത്തിലേക്കാണ് കെ.പി.സി.സി പ്രസിഡന്റും കണ്ണുവയ്ക്കുന്നതെന്നാണ് ഐ ഗ്രൂപ്പിന്റെ സംശയം. മാറിനിന്ന സുധീരനെയും ഐ ഗ്രൂപ്പ് ഇതേ ദൃഷ്ടിയോടെയാണ് കാണുന്നത്. ഇതോടെയാണ് എ ഗ്രൂപ്പിന്റെ സമ്മർദത്തിന് വഴങ്ങുന്ന അവസ്ഥയിലേക്ക് എത്തിയത്.
അതിനിടെ രാഹുൽ ഗാന്ധി സ്ഥാനാർഥികളെ പ്രഖ്യാപിക്കുംമുമ്പ് വയനാട് ഉൾപ്പടെയുളള മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പേരുവിവരം പുറത്തുപോയതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. വയനാടിന് പുറമേ വടകര സീറ്റിലെ സ്ഥാനാർഥികളെക്കുറിച്ചും വിവരങ്ങൾ ചോർന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗം ചേരുന്നതിന് മുൻപു തന്നെ ഈ രണ്ടു സീറ്റുകളിലെ വിവരം ചോരുകയും സ്ഥാനാർഥികൾ പരസ്യമായി രംഗത്ത് വരികയും ചെയ്തു. കേരളത്തിലെ കോൺഗ്രസ് ഗ്രൂപ്പിസത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ. ഇതിലുളള അതൃപ്തി ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചുവെന്നാണ് അറിയുന്നത്.
അർഹമായ പ്രാതിനിധ്യം കിട്ടാത്തതിനെ തുടർന്നുളള അണികളുടെ അമർഷം രമേശ് ചെന്നിത്തലയെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയപ്പോഴും ഐ വിഭാഗം ചെന്നിത്തലയോട് പരാതിപ്പെട്ടിരുന്നു. സീനിയർ നേതാക്കൾ നേരിട്ട് തന്നെ പ്രതിഷേധം അറിയിച്ചു. ഇത് കൂടാതെ പ്രവർത്തകരും. ഈ സാഹചര്യത്തിൽ വാർത്താ സമ്മേളനം പോലുളള പരിപാടികൾ തൽക്കാലത്തേക്ക് രമേശ് മാറ്റിവച്ചിരിക്കുകയാണ്. ഉമ്മൻചാണ്ടിയും ഇത്തരത്തിലുളള പരിപാടികൾക്ക് ഇടവേള നൽകിയിരിക്കുകയാണ്. ഗ്രൂപ്പിസം ആളിക്കത്തിക്കുന്ന ചോദ്യങ്ങൾ വാർത്താസമ്മേളനങ്ങളിൽ ഉയരുമോ എന്ന് ആശങ്കയുള്ളതിനാലാണിത്.