Sorry, you need to enable JavaScript to visit this website.

ഫാര്‍മസികളില്‍ 20 ശതമാനം സൗദിവല്‍ക്കരണം

റിയാദ് - ഫാര്‍മസികളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. 20  ശതമാനം വരെ സൗദിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. സൗദി ഫാര്‍മസിസ്റ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. ഫാര്‍മസികളിലെ മികച്ച തൊഴില്‍ സാഹചര്യം സൗദി യുവാക്കളെ ആകര്‍ഷിക്കുമെന്ന് കരുതുന്നു.
അഞ്ചില്‍ കൂടുതല്‍ വിദേശ തൊഴിലാളികളുള്ള ഫാര്‍മസികളിലാണ് സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുക. സൗദി ഫാര്‍മസിസ്റ്റുകള്‍ക്കും പുതുതായി പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സൗദി യുവാക്കള്‍ക്കും സഹകരിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും സൗദിവല്‍ക്കരണ പദ്ധതി പ്രയോജനപ്പെടും. മരുന്ന് വിതരണ ഏജന്‍സികള്‍, മരുന്ന് കമ്പനികള്‍, മരുന്ന് ഫാക്ടറികള്‍, ഫാര്‍മസികള്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലെല്ലാം 20 ശതമാനം സൗദിവല്‍ക്കരണം ലക്ഷ്യമിടുന്നു.  പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാനവ ശേഷി വികസന നിധി, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, സാമൂഹിക വികസന നിധി എന്നിവ ഫാര്‍മസി സൗദിവല്‍ക്കരണം നടപ്പാക്കുന്നതില്‍ സഹകരിക്കും.
സ്വകാര്യ മേഖലയില്‍ അക്കൗണ്ടിംഗ് ജോലികള്‍ സൗദിവല്‍ക്കരിക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും മൂന്നു ദിവസം മുമ്പ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. 2022 അവസാനത്തോടെ 20,000 അക്കൗണ്ടിംഗ് തസ്തികകള്‍ സൗദിവല്‍ക്കരിക്കുന്നതിന് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു.

 

Latest News