കൊണ്ടോട്ടി - നാലു വർഷം മുമ്പ് നിർത്തലാക്കിയ കരിപ്പൂർ - ജിദ്ദ എയർ ഇന്ത്യ വിമാന സർവീസ് മെയ് മൂന്നിന് പുനരാരംഭിക്കുന്നു. എയർപോർട്ട് അഥോറിറ്റിയും എയർ ഇന്ത്യയും സമർപ്പിച്ച റിപ്പോർട്ടിന് ഡി.ജി.സി.എ അനുമതി നൽകിയതോടെയാണിത്.
തുടക്കത്തിൽ നിയോ ശ്രേണിയിൽ പെട്ട വിമാനങ്ങളാണ് ജിദ്ദ സർവീസിന് ഉപയോഗിക്കുക. പിന്നീട് ജംബോ 747 അടക്കം കോഡ് ഇ യിൽ ഉൾപ്പെട്ട വലിയ വിമാനങ്ങൾ സർവീസിനെത്തിക്കും.
ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും ജിദ്ദ സർവീസ്. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ കരിപ്പൂരിൽ നിന്ന് രാത്രി 12.05 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിൽ എത്തും. പിന്നീട് അഞ്ച് മണിക്ക് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് ഒരു മണിക്ക് കരിപ്പൂരിലെത്തും. ചൊവ്വ, ഞായർ ദിവസങ്ങളിൽ രാവിലെ അഞ്ച് മണിക്ക് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനം രാവിലെ എട്ട് മണിക്ക് ജിദ്ദയിൽ എത്തും. ഡി.ജി.സി.എക്ക് രണ്ട് മാസം മുമ്പ് സമർപ്പിച്ച റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് വേനൽക്കാല ഷെഡ്യൂളിൽ ജിദ്ദ സർവീസ് തുടങ്ങുവാനുള്ള അനുമതി. ജംബോ 747 അടക്കം കോഡ് ഇയിൽ ഉൾപ്പെട്ട വലിയ വിമാനങ്ങൾക്ക് അനുമതിയാകുന്നതു വരെ നിയോ ശ്രേണിയിൽപെട്ട പുതിയ വിമാനം ഉപയോഗിക്കും. വലിയ വിമാനങ്ങൾക്ക് അനുമതി ലഭ്യമാകുന്നതോടെ കരിപ്പൂർ-ജിദ്ദ, കരിപ്പൂർ-റിയാദ് സർവീസ് കോഡ് ഇയിലേക്ക് മാറ്റും. കോഡ് സി വിമാനങ്ങൾ കൊണ്ട് സർവീസ് നടത്തുക ലാഭകരമല്ലാത്തതിനാലാണ് എയർ ഇന്ത്യ വലിയ വിമാനങ്ങൾക്ക് ശ്രമിക്കുന്നത്.
2015 ഏപ്രിൽ 30 ന് കരിപ്പൂരിൽ റൺവേ റീ-കാർപറ്റിംഗ് തുടങ്ങിയതോടെയാണ് എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ ജിദ്ദ, റിയാദ് സർവീസുകൾ പിൻവലിച്ചത്. റൺവേ പ്രവൃത്തികൾ പൂർത്തീകരിച്ചെങ്കിലും സർവീസ് പുനരാരംഭിക്കാനായിരുന്നില്ല. 2015 ൽ പിൻവലിച്ച സൗദി എയർെലെൻസ് കഴിഞ്ഞ ഡിസംബർ അഞ്ച് മുതൽ ജിദ്ദ സർവീസ് പുനരാരംഭിച്ചിരുന്നു.
ഇടത്തരം വിമാനങ്ങൾ ഉപയോഗിച്ച് ജിദ്ദയിലേക്ക് സർവീസ് നടത്താൻ സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ എന്നിവ ശ്രമിക്കുന്നുണ്ട്.