റിയാദ് - ലോകത്ത് വിദേശികൾ കൂടുതലുള്ള മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യയെന്ന് വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്. സൗദിയിൽ 10.8 ദശലക്ഷം വിദേശികളാണുള്ളത്. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.
അമേരിക്കയിൽ 48.2 ദശലക്ഷവും രണ്ടാം സ്ഥാനത്തുള്ള റഷ്യയിൽ 11.6 ദശലക്ഷവും വിദേശികളുണ്ട്. ജർമനിയാണ് നാലാം സ്ഥാനത്ത്. ജർമനിയിൽ 10.2 ദശലക്ഷവും ബ്രിട്ടനിൽ 8.4 ദശലക്ഷവും യു.എ.ഇയിൽ എട്ട് ദശലക്ഷവും ഫ്രാൻസിൽ 7.9 ദശലക്ഷവും കാനഡയിൽ 7.6 ദശലക്ഷവും ഓസ്‌ട്രേലിയയിൽ 6.7 ദശലക്ഷവും സ്‌പെയിനിൽ 5.9 ദശലക്ഷവും വിദേശികളുണ്ട്.
സൗദിയിലെ വിദേശികളുടെ എണ്ണവുമായി ബന്ധപ്പെട്ട് വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട കണക്കുകളും കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളും സമാനമാണ്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സൗദിയിൽ 1,06,66,475 വിദേശികളാണുള്ളത്. ഇക്കൂട്ടത്തിൽ 80,89,976 പേർ സ്വകാര്യ മേഖലയിലും 9,16,768 പേർ പൊതുമേഖലയിലും ജോലി ചെയ്യുന്നു. 16,59,729 ഗാർഹിക തൊഴിലാളികളും രാജ്യത്തുണ്ട്.
സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീവ്രശ്രമങ്ങൾ നടത്തിവരിക
യാണ്.
തൊഴിൽ വിപണിയിലെ തകരാറുകൾ പരിഹരിക്കുന്നതിന് ആറു വർഷമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിച്ചുവരികയാണെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ തൊഴിൽ വിപണി കമ്മിറ്റി പ്രസിഡന്റ് എൻജിനീയർ മൻസൂർ അൽശത്‌രി പറഞ്ഞു. വേതനം കുറഞ്ഞ അവിദഗ്ധ തൊഴിലാളികളെ വലിയ തോതിൽ അവലംബിക്കുന്നതിന് തൊഴിൽ വിപണിയിലെ തകരാറുകൾ ഇടയാക്കി. വിദേശികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവുകൾ ഉയർത്തിയും നിശ്ചിത അനുപാതം സൗദിവൽക്കരണം നിർബന്ധമാക്കിയും വിദേശികളുടെ എണ്ണം കുറക്കുന്നതിനും പ്രാദേശിക തൊഴിൽ വിപണിയിൽ സൗദികളുടെ എണ്ണം ഉയർത്തുന്നതിനുമാണ് മന്ത്രാലയം ശ്രമിക്കുന്നത്.
ലെവികളുടെ ഫലമായി വിദേശികളെയും സ്വദേശികളെയും ജോലിക്കു വെക്കുന്നതിനുള്ള ചെലവുകൾ ഏറെക്കുറെ സമമായി മാറിയിട്ടുണ്ട്. ഇപ്പോൾ വിദേശികളെ ജോലിക്കു വെക്കുന്നത് മുമ്പത്തെ പോലെ ആകർഷകമല്ല. വിദേശികളെ ജോലിക്കു വെക്കുന്നത് ഇപ്പോൾ കമ്പനികൾക്ക് സാമ്പത്തിക ഭാരമായി മാറിയിട്ടുണ്ട്. ഇതിന്റെ ഫലമായി വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുന്നതിന് പല കമ്പനികളും സ്ഥാപനങ്ങളും ശക്തമായ നീക്കങ്ങൾ ആരംഭിച്ചു.
സൗദിവൽക്കരണത്തിന് പലവിധ പദ്ധതികൾ നടപ്പാക്കിയിട്ടും ഇപ്പോഴും സ്വകാര്യ മേഖല വിദേശികളെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. സ്‌പോൺസർമാർക്കു കീഴിൽ തൊഴിലില്ലാതെ അലഞ്ഞുനടക്കുന്ന തൊഴിലാളികളും രാജ്യത്ത് എമ്പാടുമുണ്ട്.
അഞ്ചു വർഷത്തിനിടെ നിരവധി വൻകിട പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചതും പൊതുധന വിനിയോഗം വലിയ തോതിൽ വർധിച്ചതും ഉയർന്ന തോതിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലേക്ക് നയിച്ചു. പദ്ധതി നിർമാണം പൂർത്തിയായതിന്റെയും പൊതുധന വിനിയോഗ കാര്യക്ഷമത ഉയർത്തുന്നതിനുള്ള പദ്ധതികളുടെയും ഫലമായി നിരവധി വിദേശികൾ രാജ്യം വിട്ടു. സൗദി കുടുംബങ്ങൾ ചെലവുകൾ വെട്ടിക്കുറച്ചതും വിദേശികളുടെ എണ്ണം കുറയാൻ ഇടയാക്കി. ഈ ഘടകങ്ങളുടെ ഫലമായി വരും വർഷങ്ങളിൽ വിദേശ തൊഴിലാളികളുടെ എണ്ണം കൂടുതൽ കുറയുമെന്നും എൻജിനീയർ മൻസൂർ അൽശത്‌രി പറഞ്ഞു.