Sorry, you need to enable JavaScript to visit this website.

ഈജിപ്ഷ്യൻ പ്രസിഡന്റും ബഹ്‌റൈൻ രാജാവും ചർച്ച നടത്തി

 

കയ്‌റോ - ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസിയും ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽഖലീഫ രാജാവും ചർച്ച നടത്തി. ഖത്തർ ബന്ധം വിച്ഛേദിക്കുന്നതിനുള്ള തീരുമാനമടക്കം മേഖലയിലെ പുതിയ സംഭവവികാസങ്ങൾ ഇരുവരും വിശകലനം ചെയ്തു. 
അറബ് രാജ്യങ്ങളുടെയും ജനതകളുടെയും താൽപര്യത്തിനു വേണ്ടിയുള്ള സംയുക്ത പ്രവർത്തനം ശക്തമാക്കുന്നതിന് ഇരു നേതാക്കളും ധാരണയിലെത്തി. പരസ്പര ബഹുമാനത്തിലും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ വിട്ടുനിൽക്കുന്നതിലും അധിഷ്ഠിതമായ ബന്ധം അറബ് രാജ്യങ്ങൾക്കിടയിൽ സ്ഥാപിക്കണം. 
മേഖലയിലെ ചില രാജ്യങ്ങളിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിന് അന്താരാഷ്ട്ര ശ്രമങ്ങൾ ഊർജിതമാക്കണം. 
അറബ് രാജ്യങ്ങൾക്ക് വിരുദ്ധമായ വഴി സ്വീകരിക്കുന്നതിന് ഖത്തർ വാശി കാണിക്കുന്നതാണ് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് കാരണം. ഭീകര സംഘടനകൾക്ക് പിന്തുണ നൽകുന്നതിൽനിന്ന് ഖത്തറിനെ പിന്തിരിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. 
ഈജിപ്തിന്റെയും ബഹ്‌റൈനിന്റെയും മറ്റു അറബ് രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ ഖത്തർ ഇടപെടുകയാണെന്നും ഈജിപ്ഷ്യൻ പ്രസിഡന്റും ബഹ്‌റൈൻ രാജാവും പറഞ്ഞു. ഖത്തർ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജിദ്ദയിലെത്തി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് ബഹ്‌റൈൻ രാജാവിന്റെ ഈജിപ്ഷ്യൻ സന്ദർശനം ആരംഭിച്ചത്. 
അതിനിടെ, സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ വ്യാഴാഴ്ച രാത്രി മസ്‌കത്ത് സന്ദർശിച്ച് ഒമാൻ വിദേശ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയുമായി ചർച്ച നടത്തി. 
ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച പശ്ചാത്തലത്തിൽ തുടർച്ചയായി നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് വിദേശ മന്ത്രി ഒമാൻ സന്ദർശിച്ചത്.
 

Latest News