കാസര്‍കോട്-രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകം വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ സംഭവിച്ചതാണെന്നും കൊലക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഇല്ലെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇരട്ട കൊലപാതകം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് മലപ്പുറം ഡിവൈ എസ് പി വി എം പ്രദീപ് ക്രൈം ബ്രാഞ്ച് ഐ ജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ അല്ലെന്നും കല്യോട്ട് പ്രദേശത്തു കുറേക്കാലമായി നിലനില്‍ക്കുന്ന വ്യക്തിപരമായ വിദ്വേഷമാണെന്നും വ്യക്തമാക്കിയിട്ടുള്ളത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയാ കല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിന് കുറെ വര്‍ഷങ്ങളായി ഈ യുവാക്കളോട് വൈരാഗ്യം ഉണ്ടായിരുന്നു. കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇവരില്‍ നിന്ന് വൈരാഗ്യം നിലനിന്നിരുന്നത് സംബന്ധിച്ച വ്യക്തമായ മൊഴികള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോക്കല്‍ പോലീസിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരുന്ന ഏഴ് പ്രതികളെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളില്‍ ഒരാളെയും ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മുരളി രഞ്ജിത്ത് എന്നിവരില്‍ നിന്ന് സുപ്രധാന മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതു പ്രകാരമാണ് ക്രൈം ബ്രാഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയതെന്ന് പറയുന്നു.
സാമ്പത്തികവും സാമുദായികവുമായ ഭിന്നതയും കല്യോട്ട് പ്രദേശത്ത് നിലനിന്നിരുന്നു. യുവാക്കളുടെ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനിന്നിരുന്ന വൈരാഗ്യം മൂര്‍ഛിച്ചാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഡിവൈ എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി അറിവായി. കേസ് അന്വേഷണത്തിന് ചുമതലപ്പെട്ട ക്രൈം ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ഏതാനും പ്രതികളെ കൂടി അറസ്റ്റ് ചെയ്യാന്‍ അവശേഷിക്കുന്നുണ്ട്. സംഭവം രാഷ്ട്രീയ കൊലപാതകം അല്ലെന്ന് ആവുകയാണെകില്‍ ആരോപണ വിധേയരായ പലരും കേസില്‍ നിന്ന് രക്ഷപ്പെടും. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുമ്പോള്‍ തന്നെ കോണ്‍ഗ്രസ് അതിനെതിരെ രംഗത്തു വന്നിരുന്നു.
പുതിയ അന്വേഷണ സംഘം മുഴുവന്‍ സി പി എം അനുകൂലികളായ ഓഫീസര്‍മാരാണെന്നും പലരെയും രക്ഷിക്കാന്‍ വേണ്ടിയാണ് ശ്രമമെന്നും കെ പി സി സി ആക്ടിംഗ് പ്രസിഡന്റ് കെ സുധകരാനും വി എം സുധീരനും ഡീന്‍ കുര്യാക്കോസും മറ്റും ആരോപിച്ചിരുന്നു. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പുതിയ റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നുകഴിഞ്ഞു. കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. കേസ് വ്യക്തിപരമാണെന്ന് മാറ്റാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. സി ബി ഐ അന്വേഷണത്തിന് പാര്‍ട്ടി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍, കാസര്‍കോട് ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ എന്നിവരും ക്രൈം ബ്രാഞ്ചിനെ തള്ളിക്കൊണ്ട് രംഗത്തു വന്നു.