Sorry, you need to enable JavaScript to visit this website.

യു.ഡി.എഫിനെ പിന്തുണക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേറെയും ന്യായങ്ങളുണ്ട്

വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെ യു.ഡി.എഫിനെ പിന്തുണക്കാന്‍ കൈക്കൊണ്ട തീരുമാനം ആ  സംഘടനയുടെ വോട്ട് ബലം കൊണ്ടൊന്നുമല്ല പ്രസക്തമാകുന്നത്. നിലപാടിലെ ശരികൊണ്ടാണ്. എന്തു കൊണ്ട്  ഇടതുപക്ഷത്തിനില്ലെന്ന് മുഖം ചുളിക്കുന്നവരോട്  ആ പാര്‍ട്ടിക്കാര്‍ക്കും  അല്ലാത്തവര്‍ക്കും  ധൈര്യത്തോടെ നിന്ന് ചോദിക്കാം-എന്ത് ഇടതുപക്ഷം ? എവിടെ ഇടതുപക്ഷം ?

http://malayalamnewsdaily.com/sites/default/files/2019/03/22/ankam.jpg

കൈയ്യിലിരിപ്പ് കൊണ്ടും മനസ്സിലിരിപ്പ് കാരണവും എല്ലാം കളഞ്ഞ് കുളിച്ചില്ലെ എന്ന് ഇടതുപക്ഷത്തിന്റെ  പ്രത്യേകിച്ച് സി.പി.എമ്മിന്റെ മുഖത്ത് നോക്കി ചോദിക്കാന്‍  പറ്റുന്ന അവസ്ഥയിലായിട്ടുണ്ട് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ  സ്ഥിതി.

ഇത് പറയുമ്പോള്‍ ആദ്യം നോക്കേണ്ടത് ബംഗാളിലേക്കാണ്. കാരണം ബംഗാളിലേക്ക് നോക്കൂ എന്ന് കേരള ജനതയെ പഠിപ്പിച്ചത് കമ്യൂണിസ്റ്റുകാരയിരുന്നു. ബംഗാളിലെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ സ്ഥിതി അറിയാന്‍ 31 അലിമുദ്ദീന്‍ സ്റ്റ്രീറ്റിലെ മുസഫര്‍ അഹമ്മദ് ഭവന്റെ (ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകന്റെ പേരിലുള്ള  പാര്‍ട്ടി ആസ്ഥാനം ) ഇന്നത്തെ സ്ഥിതി മാത്രം മാധ്യമങ്ങള്‍ വഴി അറിഞ്ഞാല്‍ മതി.

ബംഗാള്‍ ജ്യോതിബസുവിന്റെ ഭരണത്തിലായ കാലത്ത് അവിടെ പോയവര്‍ക്കറിയാം അവിടുത്തെ തിരക്കും സജീവതയും. റൈറ്റേഴ്‌സ്  ബില്‍ഡിങ്ങ് എന്ന ഔദ്യോഗിക സെക്രട്ടറിയേറ്റിലായിരുന്നില്ല സി.പി.എം ഭരണകാലത്തെ തിരക്കും ബഹളവും. അവിടം ഏറക്കുറെ ശാന്തം. 34 കൊല്ലം മുസഫര്‍ അഹമ്മദ് ഭവനില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ യഥാവിധി നടപ്പാക്കുക മാത്രമായിരുന്നു റൈറ്റേഴ്‌സ് ബില്‍ഡിങ്ങിന്റെ ദൗത്യം.

ഇന്ന് മുസഫര്‍ അഹമ്മദ് ഭവന്‍ ഏറക്കുറെ ശുന്യമാണെന്ന് മാധ്യമങ്ങള്‍ വഴി നാമറിയുന്നു. ഇനിയെപ്പോള്‍ അത് പഴയതുപോലെയാകും ? ആര്‍ക്കും ഒരുത്തരവുമില്ല. ബംഗാളില്‍ സി.പി.എം അണികള്‍ കൂട്ടം കൂട്ടമായി ബി.ജെ.പിയിലേക്കും തൃണമൂലിലേക്കും പോയാല്‍ പിന്നെയെങ്ങിനെ ഉത്തരം കിട്ടും. ബംഗാള്‍ തിരിച്ചു  പിടിക്കാത്ത കാലത്തോളം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യാതൊരു വിധ സ്വാധീനവും ചെലുത്താന്‍ സി.പി.എമ്മിനും ഇടതുപക്ഷത്തിനുമാകില്ല.

കേരളത്തില്‍ മാത്രമാണിപ്പോള്‍ ആ പാര്‍ട്ടിയുടെ പ്രതീക്ഷ. അതാകട്ടെ മതന്യൂനപക്ഷ സംരക്ഷണം പോലുള്ള മഹത്തായ സംഗതികള്‍ക്ക് വേണ്ടിയല്ലെന്ന് ആര്‍ക്കാണറിയാത്തത്. പാര്‍ട്ടികള്‍ എന്ന നിലക്കുള്ള നിലനില്‍പ്പിന് വേണ്ടിയുള്ള തന്ത്രങ്ങള്‍ മാത്രമാണിപ്പോള്‍ ഇടതു പാര്‍ട്ടികള്‍ മെനഞ്ഞു കൊണ്ടിരിക്കുന്നത്.

'' സ്വാഭാവികമായും ഈ സാഹചര്യത്തില്‍ കേരളത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ മുഴുവന്‍. ഇവിടെ നിന്ന് കിട്ടുന്ന സീറ്റുകളുടെ എണ്ണമാകും ഇന്ത്യയിലെ ഇടതു സാന്നിധ്യത്തില്‍ നിര്‍ണായകം. ഇക്കുറി പരമാവധി സീറ്റില്‍ മത്സരിക്കാനുള്ള സി.പി.എം തീരമാനത്തിന് പിന്നിലും മറ്റൊന്നല്ല.''

ഈ വരികള്‍ സി.പി.എം വിരുദ്ധന്റെതല്ല. കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി.ഗോവിന്ദപിള്ളയുടെ മകനും ഉറച്ച സി.പി.എം കാരനുമായ പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ എം.ജി . രാധാകൃഷ്ണന്റെതാണ്. ഇതുപോലൊരു കേവല പാര്‍ട്ടി ദൗത്യത്തിന് നിലനില്‍പ്പിനായി പോരാടി നില്‍ക്കുന്ന മതന്യൂനപക്ഷങ്ങളും അവരുടെ പ്രസ്ഥാനങ്ങളും നിന്നുകൊടുക്കേണ്ടതില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് വെല്‍ഫെയര്‍പാര്‍ട്ടി എന്ന ചെറു സംഘം കൈക്കൊണ്ട തീരുമാനത്തെ വിലയിരുത്തേണ്ടത്.  

 '' വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ല. യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂ.'' എന്ന വെല്‍ഫെയര്‍ പാര്‍ട്ടി നിലപാട് ഇന്ത്യയിലെ മതന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഹൃദയപക്ഷം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് മനസ്സിലാക്കാന്‍ സി.പി.എമ്മിനും അവരെ പിന്തുണക്കുന്നവര്‍ക്കും ഒരിക്കലും കഴിയണമെന്നില്ല. അതൊക്കെ മനസ്സിലാകുമായിരുന്നുവെങ്കില്‍  അവര്‍ ഇന്ന് ഇങ്ങിനെയാവേണ്ടവരല്ലല്ലോ.  

ഓര്‍ക്കുക ; ഒന്നാം യു.പി.എ കാലത്ത്  ലോക്‌സഭയില്‍ ഇടതുപക്ഷത്തിന് 59 സീറ്റുണ്ടായിരുന്നു. 2014 ലെ ലോക് സഭയില്‍ വെറും 12. അതില്‍ എട്ടും കേരളത്തില്‍ നിന്ന്. മതന്യൂനപക്ഷങ്ങള്‍ അധ്വാന പരിശ്രമം നടത്തി വിജയിപ്പിച്ചയക്കേണ്ട മുന്തിയ കൂട്ടരല്ല സി.പി.എമ്മും ഇടതുപക്ഷവുമെന്നതിന് വെല്‍ഫെയര്‍ പാര്‍ട്ടി നിരത്തുന്ന കാരണങ്ങള്‍ അവര്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. അതിങ്ങിനെ ;

...പല സന്ദര്‍ഭങ്ങളിലും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രീതിയിലുള്ള പോലീസ് നയമാണ് അവരും ( കേരളത്തിലെ ഇടതു സര്‍ക്കാര്‍) പുലര്‍ത്തിയിട്ടുള്ളത്. കേരളത്തിലെ ജനകീയ സമരങ്ങളെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി അടിച്ചമര്‍ത്തുകയും സമര പ്രവര്‍ത്തകരെ ഭീകര മുദ്ര ചാര്‍ത്തുകയും ചെയ്യുകയാണ് എല്‍.ഡി.എഫും സി.പി.എമ്മും. ദേശീയപാത സമരം, പുതുവൈപ്പ് സമരം, കീഴാറ്റൂര്‍ സമരം, ഗെയില്‍ സമരം, ആലപ്പാട് സമരം തുടങ്ങി നിരവധി സംഭവങ്ങളില്‍ അത് വ്യക്തമായതാണ്. കേരളത്തെ പോലീസ് രാജാക്കുന്ന തരത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും എല്‍.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിരിക്കുന്നു. ഭരണകക്ഷിയായ സി.പി.എം തന്നെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി സംസ്ഥാനത്തെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന സാഹചര്യവും ഉണ്ട്.   തെരഞ്ഞെടുപ്പ് പാര്‍ലമെന്റിലേക്കാണെങ്കിലും സംസ്ഥാന ഭരണത്തേയും വിലയിരുത്തപ്പെടേണ്ടതായി വരും.

പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ശരിയായ നിലപാടുകളെ പിന്തുണക്കാന്‍ മടി കാണിക്കാത്ത  വിഭാഗത്തെക്കൊണ്ട് ഈ വിധത്തിലൊരു  കടുത്ത തീരമാനമെടുപ്പിക്കാനുള്ള  ഇടതുപക്ഷത്തിന്റെ 'കഴിവിനെ ' എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടതെന്ന് അവര്‍ തന്നെ പറഞ്ഞു തരുമെന്ന് വിശ്വസിക്കുക.

എത്രയോ കൊല്ലമായി കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വോട്ടുകള്‍ ഇടതുപക്ഷത്തിനും നല്‍കിയിട്ടുള്ള പാര്‍ട്ടിയുടെ നിലപാടിലെ മറ്റൊരു വരി കൂടി കാണുക.

'' യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പാര്‍ട്ടി സ്വന്തം നിലക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.'' അതെ, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നത് കേരളത്തില്‍ കമ്യൂണിസം വളര്‍ത്തിയ തോപ്പില്‍ ഭാസി നാടകത്തിന്റെ പേരാണ്. കേരളത്തിലെ മതന്യൂനപക്ഷ പാര്‍ട്ടികളുടെയും വ്യക്തികളുടെയും  നിലപാടുകളെ ചേര്‍ത്തു നിര്‍ത്തി ഇപ്പോള്‍ ഇങ്ങിന ചോദിക്കാം ; നിങ്ങളാരെയല്ലാം ഇടതുപക്ഷ വിരുദ്ധരാക്കി ?

 

 

Latest News