Sorry, you need to enable JavaScript to visit this website.

പ്രതീക്ഷകൾ വിഫലമായി;  അമൻ മരണത്തിനു കീഴടങ്ങി

ദമാം- ഒരാഴ്ച മുമ്പ് നടന്ന കാറപകടത്തിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം വാണിയമ്പലം സ്വദേശി ഷൈജൽ-സഹ്‌ല തസ്‌നി ദമ്പതികളുടെ മകൻ മുഹമ്മദ് അമൻ (നാല്) അവസാനം മരണത്തിന് കീഴടങ്ങി. ദമാം വിമാനത്താവളത്തിൽ നിന്ന് കുടുംബത്തോടൊപ്പം കോബാറിലെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 
സന്ദർശന വിസയിലെത്തി നാട്ടിലേക്ക് മടങ്ങുകയായിരുന്ന ബന്ധുക്കളെ യാത്രയാക്കി മടങ്ങുമ്പോഴാണ് സ്വദേശി ഓടിച്ച വാഹനം ഷൈജലിന്റെ വാഹനത്തിൽ ഇടിച്ചത്. പിൻസീറ്റിലായിരുന്ന മുഹമ്മദ് അമന് ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആംബുലൻസിൽ അബു ഹദ്‌രിയ റോഡിലെ സെക്യൂരിറ്റി ഫോഴ്‌സ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ജീവൻ നിലനിർത്തുന്നതിനു ഡോക്ടർമാരും നഴ്‌സുമാരും തീവ്രശ്രമം നടത്തിയെങ്കിലും വിധിയെ തടുക്കാനായില്ല. അൽകോബാർ ഫോക്കസ്, യുനൈറ്റഡ് ഫുട്‌ബോൾ ക്ലബ് തുടങ്ങി മത-സാമൂഹിക-കായിക രംഗങ്ങളിൽ സജീവമായ പിതാവ് ഷൈജൽ ജി.ഇ കമ്പനിയിലെ റീജണൽ ബയർ ആയാണ് സേവനമനുഷ്ഠിക്കുന്നത്. എട്ട് മാസം പ്രായമായ മുഹമ്മദ് അയാൻ മറ്റൊരു മകനാണ്. 
അപകട വിവരമറിഞ്ഞ് ദമാമിലെ സാമൂഹിക സംസ്‌ക്കാരിക രംഗത്തെ നിരവധി പേർ നേരത്തെ ആശുപത്രിയിലെത്തിയിരുന്നു. വലിയ സുഹൃദ് വലയത്തിന്റെ ഉടമയായ ഷൈജലിന്റെ മകന്റെ നിര്യാണം കൂട്ടുകാരെയും പരിചിതരേയും ദുഃഖത്തിലാഴ്ത്തി. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദമാമിൽ ഖബറടക്കും. സാമൂഹിക പ്രവർത്തകൻ ഷാജി വയനാട് നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് രംഗത്തുണ്ട്. അൽകോബാർ യുനൈറ്റഡ് ഫുട്‌ബോൾ ക്ലബ് മുഹമ്മദ് അമന്റെ വിയോഗത്തിൽ അനുശോചിച്ചു. 

 

Latest News