കുവൈത്ത് സിറ്റി - ഏതാനും രാജ്യക്കാര്‍ക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്ര നിരോധിച്ചുവെന്ന വാര്‍ത്ത കുവൈത്ത് എയര്‍വേയ്‌സ് നിഷേധിച്ചു. പ്രാദേശിക കുവൈത്തി പത്രം ഇതു സംബന്ധിച്ച് നല്‍കിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കമ്പനി വിശദീകരണം നല്‍കിയത്. ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ലെന്നും വാര്‍ത്ത പൂര്‍ണമായും അസത്യമാണെന്നും കുവൈത്ത് എയര്‍വേയ്‌സ് ട്വീറ്റ് ചെയ്തു.
കുവൈത്ത് എയർവേയ്‌സ് വിമാനങ്ങളിൽ ഒമ്പതു രാജ്യക്കാർക്ക് വിലക്കുള്ളതായി കമ്പനി ചെയർമാൻ യൂസുഫ് അൽജാസിം വെളിപ്പെടുത്തിയെന്നായിരുന്നു വാര്‍ത്ത. കുവൈത്ത് എയർവേയ്‌സ് വിമാനങ്ങളിൽ കയറുന്നതിനും കുവൈത്ത് എയർപോർട്ടിലൂടെ ട്രാൻസിറ്റായി മറ്റു രാജ്യങ്ങളിലേക്ക് കടന്നുപോകുന്നതിനും ഈ രാജ്യക്കാർക്ക് സുരക്ഷാ വകുപ്പുകളാണ് വിലക്ക് ബാധകമാക്കിയതെന്നും ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുമായി ഏകോപനം നടത്തിയല്ലാതെ ഈ രാജ്യക്കാരെ കുവൈത്ത് എയർവേയ്‌സ് വിമാനങ്ങളിൽ കയറുന്നതിന് അനുവദിക്കില്ലെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.