ജിദ്ദ - സൗദിയിൽ എയർ ട്രാഫിക് കൺട്രോൾ സെന്ററിൽ ആദ്യമായി സൗദി വനിതകൾ ജോലിയിൽ പ്രവേശിച്ചു. പതിനൊന്നു സൗദി യുവതികളാണ് ജിദ്ദയിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൽ ജോലി ആരംഭിച്ചത്. ഒരു വർഷം നീണ്ട എയർ ട്രാഫിക് കൺട്രോൾ പ്രോഗ്രാം കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. സൗദി എയർ നാവിഗേഷൻ സർവീസസ് കമ്പനിയും സൗദി സിവിൽ ഏവിയേഷൻ അക്കാഡമിയും സഹകരിച്ചാണ് സൗദി യുവതികൾക്ക് എയർ ട്രാഫിക് കൺട്രോൾ മേഖലയിൽ പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ച് സൗദി യുവതികൾക്കാണ് ജിദ്ദയിലെ എയർ ട്രാഫിക് കൺട്രോൾ സെന്ററിൽ നിയമനം നൽകിയിരിക്കുന്നത്.
വ്യത്യസ്ത തൊഴിൽ മേഖലകളിൽ സൗദി യുവതികൾക്ക് ജോലി നൽകുന്നതിന് സൗദി എയർ നാവിഗേഷൻ സർവീസസ് കമ്പനി വലിയ പ്രാധാന്യം നൽകുന്നതായി കമ്പനി സി.ഇ.ഒ എൻജിനീയർ റയാൻ ത്വറാബ്‌സൂനി പറഞ്ഞു. സ്ത്രീശാക്തീകരണത്തിന് പിന്തുണ നൽകുന്നതിനും പ്രാദേശിക തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം ഉയർത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. എയർ ട്രാഫിക് കൺട്രോൾ മേഖലയിൽ സൗദി വനിതകൾ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നതിൽ ഏറെ ആഹ്ലാദമുണ്ട്. വനിതകളുടെ കഴിവുകളിലും ശേഷികളിലും തങ്ങൾക്ക് വിശ്വാസമുണ്ട്.
നിരവധി മേഖലകളിൽ സൗദി വനിതകൾ ഇതിനകം കഴിവുകൾ തെളിയിച്ചിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോൾ പ്രോഗ്രാം കോഴ്‌സിൽ ചേർന്നതു മുതൽ സൗദി യുവതികളുടെ ആത്മസമർപ്പണം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നിലവിൽ പതിനഞ്ചു യുവതികൾ എയർ ട്രാഫിക് കൺട്രോൾ പ്രോഗ്രാം കോഴ്‌സ് പഠിക്കുന്നുണ്ട്. ഈ കോഴ്‌സ് പഠിക്കുന്ന സൗദി വനിതകളുടെ രണ്ടാം ബാച്ച് ആണിത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇവർക്കും സൗദി എയർ നാവിഗേഷൻ സർവീസസ് കമ്പനി നിയമനം നൽകുമെന്ന് എൻജിനീയർ റയാൻ ത്വറാബ്‌സൂനി പറഞ്ഞു.