പനിബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആറ് വയസ്സുകാരൻ മലപ്പുറം വേങ്ങര എആർ നഗർ സ്വദേശി മുഹമ്മദ് ഷാന്റെ മരണം വെസ്റ്റ് നൈൽ പനിയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
കൊതുകുജന്യ രോഗങ്ങളിൽ കേരളത്തിന് വലിയ പരിചയമില്ലാത്ത വെസ്റ്റ് നൈൽ പനി തന്നെയാണ് മലപ്പുറത്ത് നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇതുസംബന്ധമായ മുന്നറിയിപ്പുകളും ബോധവൽക്കരണങ്ങളും ആരോഗ്യ വകുപ്പ് സജീവമാക്കിയിട്ടുണ്ട്.
കേന്ദ്ര സാംക്രമിക രോഗ നിയന്ത്രണ കേന്ദ്രം തലവൻ ഡോ. രുചി ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം വേങ്ങര എ.ആർ നഗറിലെ കുട്ടിയുടെ വീട്ടിലും പരിസരത്തും കോഴിക്കോട് മെഡിക്കൽ കോളേജിലും പരിശോധന നടത്തിയിരുന്നു. കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെങ്കിലും നിപ ഭീതിയൊഴിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് പരിഭ്രാന്തി പടർത്തിയ രോഗബാധയായിരിക്കുകയാണ് വെസ്റ്റ് നൈൽ വൈറസ്.
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗ കാരണം. കൊതുക് വഴിയാണ് ഇത് പകരുന്നത്.
നിപ പോലെ സാധാരണ ഗതിയിൽ അത്ര അപകടകാരിയാവാറില്ല വെസ്റ്റ് നൈൽ വൈറസ് ബാധ.
എന്നാൽ കൊതുക്, പക്ഷികൾ തുടങ്ങിയവ കൂടുതലുള്ള സ്ഥലങ്ങളിൽ ശുചിത്വത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും ഏറെ ജാഗ്രത ആവശ്യമുണ്ട്. രോഗം വളരെ പെട്ടെന്ന് വ്യാപിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ആരോഗ്യ മേഖലയുടെ ഈ ജാഗ്രതാ നിർദേശം.
കൊതുകുകൾ, പക്ഷികൾ തുടങ്ങിയവയാണ് വെസ്റ്റ് നൈൽ വൈറസിന്റെ സ്വാഭാവിക വാഹകരെങ്കിലും രാത്രി സമയങ്ങളിൽ കടിക്കുന്ന ചാരനിറത്തിലുള്ള ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നതെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ട്.
അത്ര വ്യാപകമല്ലാത്ത ഈ വൈറസ് ബാധ 1937 ലാണ് ആദ്യമായി മനുഷ്യ ശരീരത്തിൽ സ്ഥിരീകരിച്ചത്. എട്ട് പതിറ്റാണ്ടുകൾക്കിടയിൽ കേവലം പന്ത്രണ്ടോളം രാജ്യങ്ങളിൽ മാത്രമാണിത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
1977–ൽ തമിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു ഇന്ത്യയിൽ ആദ്യമായി ഈ പനി കണ്ടെത്തിയത്.
എന്നാൽ കേരളത്തിൽ ഇതിന് മുമ്പും വെസ്റ്റ് നൈൽ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. 2011 ലായിരുന്നു അത്.
ഗ്രീസ്, കാനഡ, റഷ്യ, റുമേനിയ എന്നീ രാജ്യങ്ങളിലും മറ്റു ചില യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലും ഈ പനി പടർന്ന് പിടിച്ച ചരിത്രമുണ്ട്. 1999, 2010 വർഷങ്ങളിൽ അമേരിക്കയിലും വെസ്റ്റ് നൈൽ പനി ഭീതി പടർത്തിയിരുന്നു. ആഫ്രിക്കയാണ് ഈ രോഗത്തിന്റെ ജന്മസ്ഥലമെന്ന് കരുതുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കിഴക്കൻ ആഫ്രിക്കയിലെ വെസ്റ്റ് നൈൽ മേഖലയിലാണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടു തന്നെയാണ് ഈ വൈറസിന് വെസ്റ്റ് നൈൽ എന്ന പേര് വീണത്.
കൊതുകുകളാണ് വെസ്റ്റ് നൈൽ വൈറസ് പകർത്തുന്നതെന്ന് പറഞ്ഞല്ലോ. പക്ഷികളിൽ നിന്നും കൊതുകുകളിലേക്കും, കൊതുകുകളിലൂടെ മനുഷ്യരിലേക്കും പടർത്തുന്നതാണ് ഇതിന്റെ സാംക്രമിക രീതി. എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് വൈറസ് പകരുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം രക്തദാനത്തിലൂടെയും അവയവ ദാനത്തിലൂടെയും രോഗം പകർന്നേക്കാം. ഗർഭസമയത്തും മുലയൂട്ടൽ കാലത്തും അമ്മയിൽ നിന്നും കുഞ്ഞിലേക്കും വൈറസ് പകരാൻ സാധ്യത കൂടുതലാണ്.
60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പ്രമേഹം, അർബുദം, രക്തസമ്മർദം, വൃക്ക രോഗങ്ങൾ തുടങ്ങിയവ ഉള്ളവരിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും
വൈറസ് ബാധ ഗുരുതരമാവാം. എന്നാൽ ഏത് പ്രായത്തിലുള്ളവരെയും ഇത് പിടികൂടാം. അതിന്റെ ഉദാഹരണമാണല്ലോ മുഹമ്മദ് ഷാന്റെ മരണം. സാധാരണ വൈറൽ പനിയുടെ രീതിയിൽ കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പുകൾ തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ തലച്ചോർ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായും കണ്ടെത്താറുണ്ട്. വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പനി അഞ്ച് ദിവസം കൊണ്ട് കുറയാതെ വരികയോ തുടരെ തുടരെയുള്ള ഛർദി, കഴുത്ത് വേദന എന്നീ ലക്ഷണങ്ങൾ കാണുകയോ ചെയ്താൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.
ഈ രോഗത്തിന് ഇതുവരെ കൃത്യമായ ചികിത്സാ മുറകൾ കണ്ടെത്തിയിട്ടില്ലെങ്കിലും തുടക്കത്തിൽ തന്നെ ആതുരസേവനം ലഭ്യമാക്കിയാൽ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ അതിവേഗം രോഗി സുഖം പ്രാപിക്കാറുണ്ട്. പ്രതിരോധ വാക്‌സിൻ ഗവേഷണങ്ങൾ വൈദ്യശാസ്ത്ര ഗവേഷണ രംഗത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
രാത്രി കൊതുകു വലയ്ക്കുള്ളിൽ ഉറങ്ങുക, ക്യൂലക്‌സ് കൊതുകുകളെ നശിപ്പിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക, വൈകുന്നേരം ആറു മണിക്ക് ശേഷം പുറത്തിറങ്ങുന്നത് പരമാവധി കുറക്കുക തുടങ്ങിയവയാണ് സാധാരണ നിർവഹിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ. അതോടൊപ്പം രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുകയും സ്വയം ചികിത്സ ഒഴിവാക്കുകയും ചെയ്താൽ മരണവക്ത്രത്തിൽ നിന്ന് രോഗബാധിതരെ നമുക്ക് രക്ഷിക്കാനാകും.
(ദമാം അൽ റയാൻ പോളിക്ലിനിക്കിലെ ഡോക്ടറാണ് ലേഖിക)