പാലക്കാട്- ചെർപ്പുളശേരിയിൽ പാർട്ടി ഓഫീസിൽ പീഡിപ്പിക്കപ്പെട്ട കേസിൽ വഴിത്തിരിവ്. ഈ കേസിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് യുവതിയ്‌ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞദിവസമാണ് മണ്ണൂർ നഗരിപ്പുറത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. തന്നെ സി.പി.എം ഓഫീസിൽ വെച്ച് പീഡിപ്പിച്ചുവെന്നും തുടർന്നാണ് ഗർഭിണിയായതെന്നുമാണ് യുവതിയുടെ ആരോപണം. പ്രണയം നടിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകൻ പീഡിപ്പിച്ചെന്നാണ് ആരോപണം. ഈ കേസുമായി ബന്ധപ്പെട്ടാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. യുവജന സംഘടനാ പ്രവർത്തകരായിരുന്ന ഇരുവരും ചെർപ്പുളശേരിയിലെ ഒരു കോളേജിൽ പഠിച്ചിരുന്ന സമയത്ത് മാഗസിനുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് പാർട്ടി ഓഫീസിൽ എത്തിയപ്പോൾ പീഡിപ്പിക്കപ്പെടുകയായിരുന്നു. എന്നാൽ പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സി.പി.എം പ്രതികരിച്ചു. ആരോപണ വിധേയനായ യുവാവ് യുവതിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നെന്നും സി.പി.എം വ്യക്തമാക്കുന്നു. ആരോപണ വിധേയന് സംഘടനയുമായി ബന്ധപ്പെട്ട് യാതൊരു ചുമതലയും ഇപ്പോഴില്ലെന്നും സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും സി.പി.എം കൂട്ടിച്ചേർത്തു.
അതിനിടെ, സംഭവത്തെ പറ്റി വൻ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെർപ്പുളശ്ശേരിയിൽ എത്തിച്ചേരേണ്ടതാണെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം പരിഹസിച്ചു. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കൾ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ച വേറൊരു പെൺകുട്ടിയേക്കൂടി ഉടൻ നിശബ്ദയാക്കേണ്ടതുണ്ടെന്നും ബൽറാം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.