Sorry, you need to enable JavaScript to visit this website.

പ്രേംനസീറിന്റെ വീട്ടിലെ ഇഫ്താർ വിരുന്ന്

പൂവച്ചൽ ഖാദർ (കവി, ഗാന രചയിതാവ്)

നാട്ടുനന്മയിൽ തളിർത്ത കൂട്ടുകുടുംബത്തിന്റെ സ്‌നേഹോദാരമായ കൂടിച്ചേരലാണ് നോമ്പുകാലം. തിരുവനന്തപുരം പൂവച്ചൽ പ്രദേശം കുന്നും മലകളും നിറഞ്ഞ മേഖലയാണ്.
അമുസ്‌ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളുമെല്ലാം ഇട കലർന്ന് ജീവിക്കുന്ന ദേശം.
അടുത്തടുത്ത് വീടുകൾ കുറവാണെങ്കിലും ഒന്ന് വിളിച്ചാൽ കേൾക്കുന്നിടത്താണ് വീടുകളുണ്ടായിരുന്നത്. നോമ്പിന് മാസം കണ്ടാൽ പരസ്പരം പറയുന്നത് കേട്ടാണ് അറിയുന്നത്.
ഇന്നത്തെപ്പോലെ ആധുനിക സൗകര്യങ്ങൾ കുറവായിരുന്നതിനാൽ അത്താഴത്തിന് എഴുന്നേൽക്കുന്നതും അയൽ വീട്ടുകാർ വിളിച്ചുണർത്തുമ്പോഴാണ്. ഒരു വീടുണർന്നാൽ പിന്നെ ഉച്ചത്തിൽ വിളിച്ച് മറ്റുള്ളവരെ അത്താഴ സമയം ആയെന്നറിയിക്കും. സൗഹൃദമായിരുന്നു എല്ലാറ്റിലുമുണ്ടായിരുന്നത്. പലപ്പോഴും വിളിയെത്താതെ ഉണരാൻ മറന്ന് അത്താഴമില്ലാതെ നോമ്പെടുത്തിട്ടുണ്ട്. പ്രധാന റോഡുകളിൽ റാന്തൽ വിളക്ക് കൊളുത്തി അത്താഴം അറിയിക്കുന്നവരുണ്ടായിരുന്നെങ്കിലും കുഗ്രാമങ്ങളിലേക്ക് ഇവർ വരാറില്ല.
നോമ്പെന്നാൽ ആദ്യം ഓർമയിൽ വരിക നോമ്പ് കഞ്ഞിയും അത്താഴവുമാണ്. വീട്ടിലുള്ളവരുടെ സംസാരത്തിൽ നിന്നാണ് 
ഇവ ആദ്യം അറിയുന്നത്. നോമ്പ് കഞ്ഞി വൈകുന്നേരം ഉമ്മയും സഹോദരിമാരും അമ്മായിമാരും ചേർന്ന് ഒരുക്കുന്നത് കണ്ടിട്ടുണ്ട്. ചുക്കും വെളുത്തുള്ളിയും മറ്റു ചേരുവകളും ചേർത്ത കഞ്ഞി നോമ്പു തുറ സമയത്താണ് കഴിക്കുക. നോമ്പിലെ ക്ഷീണം ഇതുവഴി മാറും.
മലബാറിൽ തരിക്കഞ്ഞിയാണ് കാണപ്പെടുന്നത്.
കോഴിക്കോട്ട് എൻജിനീയറായി ജോലി ചെയ്യുന്ന കാലത്താണ് നോമ്പ് കഞ്ഞിയും തരിക്കഞ്ഞിയും തമ്മിലുള്ള വ്യത്യാസമറിഞ്ഞത്. നോമ്പ് കഞ്ഞി പാകം ചെയ്യുമ്പോഴും കുടിക്കുമ്പോഴും കാണുകയും രുചിക്കുകയും ചെയ്തുവെങ്കിലും അത്താഴം എന്നത് എന്നെ ഉറക്കിക്കിടത്തി ഇവർ കഴിക്കുന്ന എന്തോ ആണ് എന്നെനിക്ക് സംശയം തോന്നി.
അങ്ങനെ ഒരു നാൾ ഞാനും അത്താഴ സമയം ഉണർന്നു. അപ്പോഴാണ് ഇവർ ചോറും കപ്പയും മീൻ കറിയുമാണ് കഴിക്കുന്നതെന്ന് കണ്ടത്.
അത്താഴമെന്നതിലുളള സംശയം തീർന്നുവെന്ന് മാത്രമല്ല അന്നാണ് ആദ്യമായി ഞാൻ നോമ്പെടുത്തത്. നോമ്പെടുത്ത ദിവസം സ്‌കൂളിൽ പോയിരുന്നില്ല. നോമ്പ് മുറിക്കുന്നുണ്ടോയെന്ന് എന്നെ സഹോദരിമാർ നിരീക്ഷിച്ചുകാണ്ടിരുന്നു. ഉച്ചയായതോടെ ക്ഷീണിച്ചു കിടന്നു. വൈകുന്നേരം ബോധരഹിതനായി. വീട്ടിലെല്ലാവരും പരിഭ്രമിച്ചു. നോമ്പ് മുഴുവനാക്കിയെങ്കിലും പിന്നീട് രണ്ടു വർഷം കഴിഞ്ഞാണ് നോമ്പെടുത്ത് തുടങ്ങിയത്.
   നോമ്പ് പതിനേഴ് ബദർ ദിനം, ഇരുപത്തേഴാം രാവ് തുടങ്ങിയ ദിനങ്ങളിൽ കലത്തപ്പവും കിണ്ണത്തപ്പവും വീട്ടിലുണ്ടാക്കും. കലത്തപ്പം പള്ളിയിലേക്ക് കൊണ്ടു പോകും. പള്ളിയിൽ നിന്ന് ഓരോഹരി തിരിച്ചും കിട്ടും.
മറ്റുള്ള ഏതെങ്കിലും വീട്ടുകാർ ഉണ്ടാക്കിയ അപ്പമായിരിക്കും നമുക്ക് കിട്ടുക. നമ്മൾ നൽകിയ അപ്പം മറ്റുളളവർക്കും കിട്ടും. മരിച്ചു പോയവർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ഈ ദിവസങ്ങളിലുണ്ടാകും.
   തിരുവനന്തപുരം വിട്ട് പിന്നീട് കോഴിക്കോട്ടും ചെന്നൈയിലും കഴിഞ്ഞ കാലത്ത് നോമ്പിന്റെ ഭക്ഷണ രീതിയിൽ തന്നെ മാറ്റങ്ങൾ ഏറെയായിരുന്നു. കോഴിക്കോട്ട് എം.എൻ കാരശ്ശേരി, കാനേഷ് പൂനൂർ, അബ്ദുല്ല നന്മണ്ട, കുഞ്ഞി മുഹമ്മദ്, ആബിദ് പള്ളിപ്പുറം തുടങ്ങി നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു.
അവരുടെ വീടുകളിലും നോമ്പുതുറക്ക് പോകാറുണ്ട്. നാട്ടിലെ ഒറോട്ടിയും നോമ്പ് കഞ്ഞിയുമല്ലാം കോഴിക്കോട്ടെത്തുമ്പോൾ മറന്നു പോകും. അത്രക്ക് വിഭവങ്ങളാണ് മലബാറിലുളളത്.
നാട്ടിൽ പെരുന്നാളിന് മാത്രമാണ് ഇറച്ചി വാങ്ങുന്നത്. നോമ്പ് കാലത്ത് വെജിറ്റേറിയാനാകും. എന്നാൽ കോഴിക്കോട്ട് ഇറച്ചിയില്ലാതെ നോമ്പിലെ വിഭവങ്ങളില്ല. ജോലിയും പാട്ടെഴുത്തുമായി മുന്നേറുമ്പോഴും നോമ്പ് എടുക്കുന്നത് മുടങ്ങാതെ ശ്രദ്ധിക്കാറുണ്ട്.
ചെന്നൈയിൽ കുടംബ സമേതമായിരുന്നു താമസം. ആയതിനാൽ നോമ്പ് കാലത്തും പ്രയാസങ്ങളുണ്ടായിരുന്നില്ല.
തലശ്ശേരിയിലെ റസാഖ്, സിനിമാ പത്രപ്രവർത്തകനായിരുന്ന ടി.എച്ച് കോടമ്പുഴ, ഷാഹുൽ കുരീപ്പുഴ തുടങ്ങിയവരായിരുന്നു അയൽ വാസികൾ. പരസ്പരം നോമ്പുതുറയിൽ പങ്കുചേർന്ന് ഒരു കുടുംബം പോലെയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. റസാഖ് വഴി തലശ്ശേരി വിഭവങ്ങളും രുചിക്കാനായി. പ്രേംനസീറിന്റെ 
കൂടെയിരുന്ന് നോമ്പ് തുറന്നത് വല്ലാത്ത അനുഭൂതിയായിരുന്നു. എന്റെ ഭാര്യ അദ്ദേഹത്തിന്റെ ബന്ധുവാണെങ്കിലും അതിനും മുമ്പു തന്നെ ഞങ്ങൾ പരസ്പരം അടുത്തറിയുന്നവരായിരുന്നു. നസീറിന്റെ വീട്ടിൽ നോമ്പുതുറക്ക് പോയതും ഇന്നലെ കഴിഞ്ഞതു പോലെ ഓർമയിലുണ്ട്. അന്ന് കുസൃതിയോടെ ഞങ്ങൾക്കിടയിൽ ഓടിക്കളിച്ച കുഞ്ഞാണ് നസീർ സാറിന്റെ മകൻ ഷാനവാസ്. തിരക്കിനിടയിൽ ഈ വർഷത്തെ നോമ്പുകാലം വീട്ടുകാർക്കൊപ്പം കൂടാൻ കഴിഞ്ഞതിലെ ചാരിതാർത്ഥ്യവുമുണ്ട്.


 

Latest News