ജിദ്ദ- ജീവിത വിജയത്തിനുള്ള കുറുക്കു വഴികൾ തേടി നടക്കുന്ന മനുഷ്യൻ വിജയം കൈവരിക്കാൻ മതബോധത്തിന് പ്രഥമ പരിഗണന നൽകണമെന്ന് യുവ പണ്ഡിതൻ റാഷിദ് ഗസാലി അഭിപ്രായപ്പെട്ടു.
കുടുംബ ജീവിതത്തിൽ ഇണയെ കണ്ടെത്തുമ്പോൾ സമ്പത്തിനും സൗന്ദര്യത്തിനും ഭൗതിക വിദ്യാഭ്യാസത്തിനും പ്രാധാന്യം കൽപിക്കാതെ മതബോധത്തിനായിരിക്കണം പ്രാധാന്യം നൽകേണ്ടത്. അതു പരിഗണിക്കപ്പെട്ടവർ ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉണർത്തി.
സൈൻ ജിദ്ദ ചാപ്റ്ററും ജിദ്ദ പൗരാവലിയും സംയുക്തമായി ഒരുക്കിയ ത്രിദിന റമദാൻ പ്രഭാഷണ പരമ്പരയുടെ ഒന്നാം ദിവസം കുടുംബം ഇണക്കുരുവികൾ സ്വർഗമാവട്ടെ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷറഫിയ ഇമ്പാല വില്ലയിൽ നടന്ന പരിപാടിയിൽ സ്വാഗത സംഘം ചെയർമാൻ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. സൈൻ ജിദ്ദ ചീഫ് പേട്രൺ വി.പി. മുഹമ്മദലി ഉദ്ഘടനം ചെയ്തു.
പ്രാധാന്യം കൊണ്ട് വ്യത്യസ്തപ്പെടുത്താൻ കഴിയാത്ത ഒന്നാണ് ഇണ എന്നും ഇണകളിൽ രണ്ടിനും ഒരുപോലെ പ്രാധാന്യമുണ്ടെന്നും വ്യത്യസ്ത മാനങ്ങളിൽ ഇണകൾ മുന്നോട്ട് പോവുമ്പോഴും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക ലോകത്തു ഇണയ്ക്ക് ഒത്തിരി മാനദണ്ഡങ്ങൾ വിവക്ഷിക്കുമ്പോൾ ലോക ചരിത്രത്തിൽ ഇണകൾക്കു ഒരു മാനദണ്ഡവും ഇല്ലെന്നു കാണിച്ചു തന്ന ജീവിതമാണ് മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും ആയിഷയുടെയും ദാമ്പത്യ ജീവിതമെന്നും ജീവിത വിജയത്തിന് ഇണ നന്നാവുക എന്നതാണ് ഖുർആനിലൂടെ നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മക്കൾ ജീവിതത്തിൽ മാതൃകയാക്കേണ്ടത് രക്ഷിതാക്കളെയാണെന്നും അങ്ങനെ മാതൃകാ ജീവിതം കാണിച്ചു കൊടുക്കാൻ നാം സ്ഫുടം ചെയ്ത് തയാറാവണമെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി.
അബൂബക്കർ അരിമ്പ്ര, അബൂബക്കർ ദാരിമി ആലമ്പാടി, അബ്ദുസ്സലാം സലാഹി, നാസർ ചാവക്കാട്, ബേബി നീലാമ്പ്ര, അബ്ദുൽ മജീദ് നഹ, നവാസ് വെമ്പായം, പി.വി. അഷ്‌റഫ്, സലീം അൽ അബീർ, ഇസ്മായിൽ മുണ്ടക്കുളം എന്നിവർ ആശംസ നേർന്നു.
സൈൻ ഡയറക്ടർ റഷീദ് വരിക്കോടൻ, ചീഫ് എക്‌സിക്യൂട്ടീവ് കോ-ഓഡിനേറ്റർ നാസർ വെളിയംകോട്, അഷ്‌റഫ് പൊന്നാനി, ജമാൽ എൻ.എം, ശംസുദ്ദീൻ പായേത്, കെ.ടി. ജുനൈസ്, അഷ്‌റഫ് കോയിപ്ര, അഷ്‌റഫ് തില്ലങ്കേരി, കുഞ്ഞാപ്പ നാലകത്ത്, ഇസ്മായിൽ മുണ്ടുപറമ്പ്, എം.ടി. അഫ്‌സൽ, മുഹമ്മദലി കോങ്ങാട്, അയ്യൂബ് സീമാടൻ എന്നിവർ നേതൃത്വം നൽകി. സൈൻ ഡെപ്യൂട്ടി ഡയറക്ടർ കെ.സി. അബ്ദുറഹിമാൻ സ്വാഗതവും അഡ്വ. അലവിക്കുട്ടി നന്ദിയും പറഞ്ഞു. സമാപന ദിവസമായ നാളെ ആത്മീയത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.