- പുണ്യനഗരത്തിന് പുഷ്പമേളയുടെ പരിമളം
മക്ക- പുണ്യസ്ഥലങ്ങളിലെ മലനിരകൾ പൂന്തോപ്പുകളാക്കി മാറ്റണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ നിർദേശിച്ചു. മക്കയിലെ പ്രഥമ പുഷ്പമേള മുസ്ദലിഫയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരനും ചടങ്ങിൽ സംബന്ധിച്ചു.
മക്ക റോയൽ കമ്മീഷൻ മേൽനോട്ടത്തിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും നടപ്പാക്കുന്ന പദ്ധതികൾ പൂർത്തിയായാലുടൻ പുണ്യസ്ഥലങ്ങളിൽ പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്നതും ഹരിതവൽക്കരണവും വ്യാപിപ്പിക്കണമെന്ന് ഗവർണർ നിർദേശിച്ചു. പുണ്യസ്ഥലങ്ങളിൽ എല്ലായിടത്തും പൂച്ചെടികൾ നട്ടുവളർത്തുകയും ഹരിവൽക്കരണം നടപ്പാക്കുകയും വേണം. പുണ്യസ്ഥലങ്ങൾക്കു ചുറ്റുമുള്ള മുഴുവൻ മലകളും പൂന്തോപ്പുകളാക്കി മാറ്റണം. ഇക്കാര്യം യാഥാർഥ്യമാക്കുന്നതിന് മക്ക നഗരസഭയും മക്ക വികസന അതോറിറ്റിയും പ്രവർത്തിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. ഏഴായിരം ഇനങ്ങളിൽ പെട്ട പത്തു ലക്ഷം പൂക്കൾ മുസ്ദലിഫ പുഷ്പമേളയിലുണ്ട്. പൂക്കൾ ഉപയോഗിച്ച് മുസ്ദലിഫയിൽ ഇസ്‌ലാമിക് കലാരൂപത്തിൽ കാർപെറ്റ്‌രൂപം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന് 185 മീറ്റർ നീളവും 45 മീറ്റർ വീതിയുമുണ്ട്. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പുഷ്പമേളയിൽ കുട്ടികൾക്കുള്ള പ്ലേ ഏരിയയും തിയേറ്ററും സ്വയം തൊഴിൽ പദ്ധതികൾ നടത്തുന്ന സൗദി കുടുംബങ്ങൾക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള സ്റ്റാളുകളുമുണ്ട്.
മക്കയിൽനിന്ന് അടുത്താണെന്നും എളുപ്പത്തിൽ എത്തിപ്പെടാമെന്നതും പശ്ചാത്തല സൗകര്യങ്ങൾ ലഭ്യമാണെന്നതുമാണ് പുഷ്പമേളക്ക് മുസ്ദലിഫ തെരഞ്ഞെടുക്കുന്നതിന് കാരണമെന്ന് മക്ക നഗരസഭ പറഞ്ഞു. അറഫയിലെ ജബലുറഹ്മയിൽനിന്ന് മുസ്ദലിഫ വഴി മിനാ വരെ നീണ്ടുകിടക്കുന്ന, കാൽനടയാത്രക്കാർക്കുള്ള പാത അടക്കം പുണ്യസ്ഥലങ്ങളിൽ തീർഥാടകർക്കു വേണ്ടി ഒരുക്കിയ പശ്ചാത്തല സൗകര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതിനും മുസ്ദലിഫയിൽ സംഘടിപ്പിക്കുന്ന പുഷ്പമേളയിലൂടെ സാധിക്കുമെന്ന് മക്ക നഗരസഭ പറഞ്ഞു.