മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ അഞ്ച് മണ്ഡലങ്ങളിൽ പി.ഡി.പി സ്ഥാനാർഥികൾ മൽസരിക്കും. മലപ്പുറം ടൗൺഹാളിൽ നടന്ന പി.ഡി.പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് നയപ്രഖ്യാപന കൺവെൻഷനിൽ വീഡിയോ സന്ദേശത്തിലൂടെ ബംഗളൂരുവിൽനിന്ന് പാർട്ടി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
പൊന്നാനി, മലപ്പുറം, ആലപ്പുഴ, ചാലക്കുടി, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് പി.ഡി.പി മത്സരിക്കുക. പൊന്നാനിയിൽ പി.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പൂന്തുറ സിറാജ്, മലപ്പുറത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ നിസാർ മേത്തർ, ആലപ്പുഴയിൽ നയരൂപവത്കരണ സമിതി ജനറൽ കൺവീനർ വർക്കല രാജ്, ചാലക്കുടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ മുജീബ് റഹ്മാൻ, ആറ്റിങ്ങലിൽ മാഹീൻ തേവരുപാറ എന്നിവരാണ് സ്ഥാനാർഥികൾ.
കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയുടെ കൂടിയാലോചനയിലാണ് സ്ഥാനാർഥി നിർണയം നടത്തിയതെന്ന് അബ്്ദുന്നാസർ മഅ്ദനി സന്ദേശത്തിൽ പറഞ്ഞു. ഫാസിസത്തിനെതിരെയാണ് പി.ഡി.പിയുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.