ഇംഫാല്‍- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും. ഇംഫാലില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെയാണ് രാഹുല്‍ മോഡിയുടെ വിദ്യാഭ്യാസം രാഹുല്‍ വീണ്ടും വിഷയമാക്കിയത്.
ഇപ്പോഴും നമുക്ക് പ്രധാനമന്ത്രി മോഡിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണാന്‍ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി ഏതെങ്കിലും കോളേജില്‍ പോയിട്ടുണ്ടോ ഇല്ലയോ എന്നും ആര്‍ക്കുമറിയില്ല- രാഹുല്‍ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ യൂനിവേഴ്‌സറ്റി ഡിഗ്രി ആവശ്യപ്പെട്ട് ദല്‍ഹിയില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. അതിനു മറുപടി ലഭിച്ചിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു.
2017 ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഉന്നയിച്ച ആരോപണം വിവാദം സൃഷ്ടിച്ചിരുന്നു. ദിഗ് വിജയ് സിംഗിനെതിരെ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നത് കുറ്റമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
എ.എ.പി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ മറുപടി.