Sorry, you need to enable JavaScript to visit this website.

ലോക്പാൽ, നീതിനിഷ്ഠ പാലിക്കുമോ? 

നിയമം പ്രാബല്യത്തിൽ വന്ന് അഞ്ച് വർഷം പിന്നിട്ടപ്പോൾ ലോക്പാലിന് അധ്യക്ഷനെത്തുന്നു. തീർത്തും നരേന്ദ്രമോഡി സർക്കാരിന്റെ തെരഞ്ഞെടുപ്പ് പൊടിക്കൈ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമാണ് നിയമന നടപടികൾ പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതിയോടെ ഉടനെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും കേൾക്കുന്നു.
പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് പതിനൊന്നാം മണിക്കൂറിൽ ലോക്പാൽ ചെയർമാനെ അവരോധിക്കുന്നത്. രാഷ്ട്രീയപാർട്ടികൾ പാലിക്കേണ്ട ചട്ടങ്ങളേറെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കും എന്നാണ് രാജ്യം നിരീക്ഷിക്കുന്നത്.
രാജ്യത്തെ ഗ്രസിക്കുന്ന അഴിമതി വേരോടെ പിഴുതെറിയപ്പെടണമെന്നത് അനിവാര്യമാണ്. 42 വർഷങ്ങൾക്ക് മുമ്പ് കേന്ദ്ര സർക്കാർ ലോക്പാൽ സംബന്ധിച്ച് കരട് നിയമം ഉണ്ടാക്കിയെങ്കിലും രാജ്യസഭ കടക്കാനായില്ല. 1969 ലെ നാലാം ലോക്‌സഭയും ശ്രമം നടത്തി. അന്നും രാജ്യസഭയിൽ പാസാക്കാനായില്ല. 1971, 1977, 1985, 1989, 1996, 2001, 2008 വർഷങ്ങളിലും അവതരിപ്പിക്കപ്പെട്ട നിയമം പാസായില്ല.
2011 ൽ രണ്ടാം യുപിഎ സർക്കാരാണ് ശക്തമായ ഒരു നിലപാട് സ്വീകരിച്ച് അഴിമതി വിരുദ്ധ നിയമം പൊടിതട്ടിയെടുത്തത്. 2011 ഡിസംബർ 22 ന് ലോകസഭയിൽ അവതരിപ്പിച്ച ബിൽ ഡിസംബർ 27ന് പാസാക്കി. 29ന് രാജ്യസഭ പരിഗണിച്ചു. നിരന്തര ചർച്ചകൾക്കൊടുവിൽ 2013 ഡിസംബർ 17 ന് രാജ്യസഭയും 18ന് ലോക്‌സഭയും ലോക്പാൽലോകായുക്ത ബിൽ ഔദ്യോഗികമായി പാസാക്കുകയായിരുന്നു.
2014 രാജ്യം ബി ജെ പി സർക്കാരിന്റെ ഭരണനിയന്ത്രണത്തിലേക്ക് വന്നതോടെ അഴിമതിക്കെതിരെയുള്ള നിയമം കടലാസിലൊതുങ്ങി. ലോകത്തിനുമുന്നിൽ തലകുനിക്കേണ്ടിവരുംവിധം അഴിമതിയും പെരുകി. ഭരണം അവസാനിക്കും വരെ ലോക്പാലിനുവേണ്ടിയുള്ള ചർച്ചകളെയും മുദ്രാവാക്യങ്ങളെയും അവഗണിച്ചായിരുന്നു മോഡിയുടെ അഴിമതി യാത്രകളെല്ലാം. ഇന്നിപ്പോൾ ലോക്പാൽ സംവിധാനത്തിന് അധ്യക്ഷനെയടക്കം നിയമിക്കാൻ കാണിക്കുന്ന തിടുക്കത്തിന് കാരണം തെരഞ്ഞെടുപ്പാണ്.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫാൽ അന്താരാഷ്ട്ര കരാറിൽ ഉൾപ്പെടെ മോഡി ആരോപണ വിധേയനായി നിൽക്കുന്നു. അതേ മോഡി അധ്യക്ഷനായ സമിതിയാണ് ലോക്പാലിന് അധ്യക്ഷനെ നിയമിക്കുന്നത്. 2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാൻസിലെത്തിയപ്പോഴാണ് കരാർ വീണ്ടും ചർച്ചയായത്. 
പഴയ കരാറിൽ ഭേദഗതികൾ വരുത്തി ഫ്രാൻസ് സന്ദർശനവേളയിൽ ഇന്ത്യ 36 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. കോടികൾ കണക്കാക്കുന്ന അഴിമതി രാജ്യത്തെ ഏറ്റവും ഗൗരവമേറിയ ചർച്ചയായി എടുത്തിട്ടുള്ള തെരഞ്ഞെടുപ്പ് വേളയിൽ ലോക്പാലും മുഖ്യവിഷയമാകും.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾക്കെതിരെയുള്ളതും സർക്കാർ ഓഫീസുകളിലും അഴിമതി പരാതികൾ സ്വതന്ത്രമായി അന്വേഷിക്കാൻ അധികാരമുള്ള സംവിധാനമാണ് ലോക്പാൽ. പരാതി ലഭിച്ചാൽ 60 ദിവസത്തിനകം പരിഗണിച്ച് ആറ് മാസത്തിനകം പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. വിചാരണ പൂർത്തിയാക്കി രണ്ട് വർഷത്തിനുള്ളിൽ എല്ലാ നടപടികളും അവസാനിപ്പിക്കുകയും വേണം. കുറ്റം തെളിഞ്ഞാൽ 10 വർഷം തടവ് ശിക്ഷവരെ ലഭിക്കാം. വ്യാജപരാതിക്കാരെ ഒരു വർഷം തടവിന് ശിക്ഷിക്കാമെന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കാമെന്നും നിയമത്തിലുണ്ട്. വ്യാജപരാതിക്കാർ സർക്കാർ ഉദ്യോഗസ്ഥരായാൽ തടവ് ശിക്ഷ ഏഴ് വർഷം വരെ നീളും.
പക്ഷെ, ലോക്പാൽ ബെഞ്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്താനാവൂ. അന്വേഷണ നടപടികളെല്ലാം രഹസ്യസ്വഭാവത്തിലാവും. കേസ് ലോക്പാൽ ബെഞ്ച് തള്ളിയാൽ പോലും പരാതി പരസ്യപ്പെടുത്തുകയുമില്ല. മറ്റാർക്കും ലഭ്യമാക്കാനും കഴിയില്ല. അധ്യക്ഷൻ, ജുഡീഷ്യൽ അംഗം, നോൺ ജുഡീഷ്യൽ അംഗം എന്നിങ്ങനെയാണ് ഘടന. 50 ശതമാനം ജുഡീഷ്യൽ അംഗങ്ങൾ വേണമെന്നും നിഷ്‌കർഷിക്കുന്നു.
സുപ്രീം കോടതിയുടെയും കാബിനറ്റ് സെക്രട്ടേറിയറ്റിന്റെയും കാര്യത്തിലെന്ന പോലെ ലോക്പാലും കാബിനറ്റ് സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ് കമ്മിഷന്റെയും മേൽനോട്ടത്തിലായിരിക്കണമെന്നുണ്ട്. ഇതുവഴി സർക്കാരിൽ നിന്നും പൂർണമായും സ്വതന്ത്രവും അന്വേഷണങ്ങളിൽ മന്ത്രിമാരുടെ ഇടപെടലിൽ നിന്നും വിമുക്തവുമായിരിക്കണം ലോക്പാൽ. 
ന്യായാധിപർ, കറപുരളാത്ത ചരിത്രമുള്ള ഐ എ എസ് ഉദ്യോഗസ്ഥർ, സ്വകാര്യവ്യക്തികൾ, ഭരണഘടനാപരമായ അധികാരസ്ഥാപനങ്ങൾ എന്നിവർ സുതാര്യവും പങ്കാളിത്തപരവുമായൊരു പ്രക്രിയയിലൂടെ ലോക്പാൽ അംഗങ്ങളെ നിയമിക്കണം. പ്രധാനമന്ത്രി അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് സമിതി തെരഞ്ഞെടുത്ത ഉദ്യോഗാർഥികളുമായി അഭിമുഖ സംഭാഷണം നടത്തുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കണമെന്നും നിയമത്തിൽ നിഷ്‌കർഷിക്കുന്നു. രാജ്യം വിശ്വാസത്തിലെടുക്കുന്ന ലോക്പാൽ നിയമം നീതിപൂർവകവും സധൈര്യവും നടപ്പിലാവാൻ ലോക്പാൽ ബെഞ്ചിന്റെ തെരഞ്ഞെടുപ്പും സുതാര്യമാകേണ്ടതുണ്ട്. 

Latest News