Sorry, you need to enable JavaScript to visit this website.

അക്കൗണ്ടിംഗ് ജോലികൾ സൗദിവൽക്കരിക്കുന്നു

റിയാദ് - സ്വകാര്യ മേഖലയിൽ അക്കൗണ്ടിംഗ് ജോലികൾ സൗദിവൽക്കരിക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും ധാരണാപത്രം ഒപ്പുവെച്ചു. 2022 അവസാനത്തോടെ 20,000 അക്കൗണ്ടിംഗ് തസ്തികകൾ സൗദിവൽക്കരിക്കുന്നതിന് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു. അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമങ്ങൾ ഏകീകരിക്കുന്നതിനും പൊതു, സ്വകാര്യ മേഖലകൾ തമ്മിലെ പങ്കാളിത്തത്തിലൂടെയും സഹകരണത്തിലൂടെയും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള ധാരണാപത്രം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും മാനവശേഷി വികസന നിധിയും സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സും ഒപ്പുവെച്ചത്. 
ധാരണാപത്രം പ്രകാരം അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് ആവശ്യമായ നിയമങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കും. തൊഴിലിൽ നിയമിച്ച് സൗദി അക്കൗണ്ടന്റുമാർക്ക് പരിശീലനം നൽകുന്ന പദ്ധതി മാനവശേഷി വികസന നിധി നടപ്പാക്കും. ഇതിനു പുറമെ അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ധനസഹായവും നൽകും. സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് വഴി സ്വദേശി അക്കൗണ്ടന്റുമാർക്ക് പരിശീലനം നൽകുന്നതിനും മാനവശേഷി വികസന നിധി ധനസഹായം വിതരണം ചെയ്യും. 
അതേസമയം, അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലും 50 ശതമാനം വരെ സൗദിവൽക്കരണം നടപ്പാക്കുന്ന നിലക്ക് ബന്ധപ്പെട്ട നിയമാവലിയിൽ ഭേദഗതി വരുത്തുന്ന തീരുമാനം വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി പ്രഖ്യാപിച്ചു. അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലും 1,70,000 ഓളം വിദേശികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഈ മേഖലയിൽ ആകെ 4800 ഓളം സൗദികൾ മാത്രമാണ് ജോലി ചെയ്യുന്നത്. 
ഒന്നു മുതൽ ഇരുപതു വരെ ജീവനക്കാരുള്ള അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലും ഇരുപതു ശതമാനവും 21 മുതൽ 30 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 25 ശതമാനവും 31 മുതൽ 100 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 30 ശതമാനവും 101 മുതൽ 300 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 40 ശതമാനവും 301 മുതൽ 400 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ 45 ശതമാനവും 401 ഉം അതിൽ കൂടുതലും ജീവനക്കാരുള്ള അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലും 50 ശതമാനവും സൗദിവൽക്കരണമാണ് നടപ്പാക്കേണ്ടത്. മുപ്പതു മുതൽ അമ്പതു ശതമാനം വരെ സൗദിവൽക്കരണം പാലിക്കേണ്ട സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ പടിപടിയായി നിശ്ചിത ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കിയാൽ മതി. 

Latest News