ന്യൂദല്‍ഹി: ലോക്‌സഭയിലേക്ക് രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ശരാശരി ആസ്തി 142ശതമാനം വാര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2009 ല്‍ 5.5 കോടിയായിരുന്നു ആസ്തി 2014ല്‍ 13.32 കോടിയായിട്ടാണ് വര്‍ധിച്ചെന്നാണ് നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസുമാണ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. മുസ്ലിംലീഗ് നേതാവും പൊന്നാനി എംപിയുമായ ഇടി മുഹമ്മദ് ബഷീറാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ആസ്തി വര്‍ധിച്ച എംപി. ഏതാണ്ട് 22 മടങ്ങ് വര്‍ധനവാണ് അഞ്ച് വര്‍ഷം കൊണ്ട് ഇടി മുഹമ്മദ് ബഷീറിന്റെ ആസ്തിയില്‍ ഉണ്ടായിരിക്കുന്നത്. 2018% ആണ് ഇടി മുഹമ്മദിന്റെ ആസ്തിയുടെ വര്‍ധനവ്. 17,00% വര്‍ധനവുമായി ടിഎംസി എംപി ശിശിര്‍ കുമാര്‍ അധികാരിയാണ് തൊട്ടുപിന്നില്‍. പട്ടികയിലെ ആദ്യ അഞ്ചില്‍ കേരളത്തില്‍ നിന്നുള്ള മറ്റൊരു എംപി കൂടി ഇടം പിടിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 702% ആസ്തിവര്‍ധിച്ച കൊടിക്കുന്നില്‍ സുരേഷാണ് ആദ്യ അഞ്ചില്‍ ഇടം പിടിച്ച രണ്ടാമത്തെ മലയാളി. അതേസമയം രണ്ടുവട്ടം എംപിയായശേഷം സമ്പാദ്യം ഏറ്റവുമധികം ഇടിഞ്ഞത് കാസര്‍കോട് എംപിയും സിപിഐഎം നേതാവുമായ പി കരുണാകരന്റേതാണ്. 67% ഇടിവാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ രേഖപ്പെടുത്തിയത്.