റിയാദ് - എണ്ണയുൽപാദനം വർധിപ്പിക്കുന്നതിന് അമേരിക്ക സമ്മർദം ചെലുത്തുന്നില്ലെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. വിപണിയുടെ സമ്മർദം ഒഴികെ മറ്റു സമ്മർദങ്ങളൊന്നും ഒപെക്കിനു മേൽ ഇല്ലെന്ന് അസർബൈജാനിലെ ബാകുവിൽ സംയുക്ത മന്ത്രിതല നിരീക്ഷണ കമ്മിറ്റി യോഗത്തിനു മുമ്പ് എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഏപ്രിലിൽ വിയന്നയിൽ യോഗം ചേരേണ്ടത് അനിവാര്യമാണോയെന്ന കാര്യം പെട്രോൾ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും സംഘടനക്ക് പുറത്തുള്ള സഖ്യരാജ്യങ്ങളും പുനരാലോചിക്കേണ്ടതുണ്ട്. ആഗോള എണ്ണ വിപണിയിൽ ലഭ്യതയും ആവശ്യവും തമ്മിൽ സന്തുലനമുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളുമായി തങ്ങൾ മുന്നോട്ടുപോകും. എന്തു തന്നെ സംഭവിച്ചാലും നിലവിലെ നയത്തിൽ ജൂൺ അവസാനം വരെ പോകണം എന്ന കാര്യത്തിൽ ഒപെക് രാജ്യങ്ങൾക്കും സംഘടനക്ക് പുറത്തുള്ള പ്രധാന ഉൽപാദകർക്കുമിടയിൽ ധാരണയുണ്ട്.
ആഗോള വിപണിയിൽ എണ്ണ ശേഖരം വർധിക്കുന്ന കാലത്തോളം ഉൽപാദനം കുറക്കുന്നതിനുള്ള നിലവിലെ നയം അതേപോലെ തുടരും. എണ്ണ ശേഖരത്തിൽ കുറവുണ്ടാകാതെ ഒപെക്കും സഖ്യരാജ്യങ്ങളും നയത്തിൽ മാറ്റം വരുത്തില്ല. ഉൽപാദനം കുറക്കുന്നതിന് ഒപെക്കും സഖ്യരാജ്യങ്ങളുമുണ്ടാക്കിയ ധാരണ ഉൽപാദക രാജ്യങ്ങൾ പൂർണ തോതിൽ പാലിക്കും. വരും ആഴ്ചകളിൽ ധാരണയിലെത്തിയതിനും അപ്പുറത്തേക്ക് ഉൽപാദനം കുറച്ചേക്കും.
ഉൽപാദനം കുറക്കുന്നതിന് ഒപെക്കും സംഘടനക്ക് പുറത്തുള്ള രാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാർ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളും പാലിക്കുമെന്ന കാര്യത്തിൽ പ്രത്യാശയുണ്ട്. ഉൽപാദനം കുറക്കുന്നതിനുള്ള ധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂർണ തോതിൽ പാലിക്കപ്പെട്ടിട്ടില്ല. എന്നാൽ ഈ മാസം മാർച്ചിൽ ഇത് 100 ശതമാനത്തിലധികമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു ഉൽപാദക രാജ്യങ്ങളുടെ കയറ്റുമതിയിലുണ്ടാകുന്ന കുറവ് നികത്തുന്നതിന് സൗദി അറേബ്യ ഉൽപാദനം വർധിപ്പിക്കുന്നത് അറ്റമില്ലാത്ത കാലത്തോളം തുടരില്ല. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സൗദി അറേബ്യയുടെ പ്രതിദിന എണ്ണ കയറ്റുമതി 70 ലക്ഷം ബാരലിൽ താഴെയാകും. ഈ മാസത്തെ അപേക്ഷിച്ച് അടുത്ത മാസം പ്രതിദിന എണ്ണ കയറ്റുമതിയിൽ ഒരു ലക്ഷം ബാരലിന്റെ കുറവ് സൗദി അറേബ്യ വരുത്തുമെന്നും എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.
വർധിച്ചുവരുന്ന എണ്ണയാവശ്യം നിറവേറ്റുന്നതിന് സാധിക്കുന്നതിന് അടുത്ത രണ്ടു ദശകത്തിനിടെ 11 ട്രില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ എണ്ണ വ്യവസായ മേഖലയിൽ നടത്തേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. എണ്ണയുൽപാദക രാജ്യങ്ങളുടെ അടുത്ത യോഗം ഏപ്രിലിൽ വിയന്നയിൽ ചേരുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ യോഗം നടന്നേക്കില്ല. ഈ വർഷം രണ്ടാം പകുതിയിലെ എണ്ണയുൽപാദനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിന് ഏപ്രിലിലെ യോഗം വളരെ നേരത്തെയാകുമെന്നും സൗദി ഊർജ, വ്യവസായ മന്ത്രി പറഞ്ഞു.
ഊർജ സുരക്ഷക്ക് വെല്ലുവിളികൾ നേരിടുന്നതിന് അനുവദിക്കില്ല. ഇതോടൊപ്പം തന്നെ എണ്ണ, ഗ്യാസ് കമ്പനികളുടെ താൽപര്യങ്ങളും സംരക്ഷിക്കും. ഇറാനിൽ നിന്നും വെനിസ്വേലയിൽ നിന്നുമുള്ള എണ്ണ കയറ്റുമതി കുറഞ്ഞിട്ടും ആഗോള വിപണിയിൽ എണ്ണ ശേഖരം വർധിച്ചിട്ടുണ്ടെന്നും എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. എണ്ണയുൽപാദനം കുറക്കുന്നതിന് ഒപെക്കും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള പ്രധാന ഉൽപാദകരും തമ്മിലുണ്ടാക്കിയ ധാരണ നടപ്പാക്കുന്നതിന് നിരീക്ഷിക്കുന്നതിനുള്ള മന്ത്രിതല കമ്മിറ്റിയുടെ പതിമൂന്നാമത് യോഗം എൻജിനീയർ ഖാലിദ് അൽഫാലിഹിന്റെ അധ്യക്ഷതയിൽ ഇന്നലെ ബാകുവിൽ ചേർന്നു.