ദുബായ്- പാക് മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിനെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റിബയോട്ടിക് മരുന്ന് കഴിച്ചപ്പോഴുണ്ടായ അപൂര്‍വമായ പാര്‍ശ്വഫലമാണ് മുഷറഫിനെ രോഗബാധിതനാക്കിയത്.
75 കാരനായ മുഷറഫ് 2016 മാര്‍ച്ച് മുതല്‍ ദുബായിലാണ് താമസിക്കുന്നത്. പാക്കിസ്ഥാനില്‍ രാജ്യദ്രോഹകേസ് നേരിടുകയാണ് അദ്ദേഹം. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കേസാണിത്.
ചികിത്സാര്‍ഥം ദുബായിലെത്തിയ മുഷറഫ് പിന്നീട് മടങ്ങിപ്പോയില്ല. സുരക്ഷാ, ആരോഗ്യ കാരണങ്ങള്‍ പറഞ്ഞാണ് അദ്ദേഹം ഇവിടെ തങ്ങുന്നത്.
നില പെട്ടെന്ന് വഷളായതിനെ തുടര്‍ന്നാണ് മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പാക് രാഷ്ട്രീയവൃത്തങ്ങള്‍ പറഞ്ഞു. നാഡീവ്യവസ്ഥ ദുര്‍ബലമാക്കുന്ന അസുഖത്തിന് ഇരയാണ് മുഷറഫ്.